എമർജിങ് ഏഷ്യാ കപ്പിൽ പാകിസ്ഥാൻ പടയെ കെട്ടുകെട്ടിച്ച് ഇന്ത്യയുടെ യുവതുർക്കികൾ. ചിലവൈരികൾ ഏറ്റുമുട്ടിയ ആവേശകരമായ മത്സരത്തിൽ എട്ടു വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ എ ടീം സ്വന്തമാക്കിയത്. ബോളിങ്ങിൽ ഇന്ത്യക്കായി പേസർ ഹംഗർഗെക്കർ നിറഞ്ഞു നിന്നപ്പോൾ ബാറ്റിംഗിൽ സായി സുദർശന്റെ വെടിക്കെട്ട് പ്രകടനം തന്നെയായിരുന്നു കാണാൻ സാധിച്ചത്. എമർജിങ് ഏഷ്യാകപ്പിലെ ഇന്ത്യയുടെ മൂന്നാം വിജയമാണ് മത്സരത്തിൽ പിറന്നത്. ടൂർണമെന്റിലുടനീളം ഇന്ത്യയുടെ യുവതാരങ്ങൾ ആധിപത്യം സ്ഥാപിക്കുന്നത് തന്നെയാണ് കാണാൻ സാധിക്കുന്നത്.
മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ എ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പാക്കിസ്ഥാന്റെ ഇന്നിംഗ്സ് ആരംഭിച്ചതു മുതൽ ഹംഗർഗേക്കർ ഭീഷണിയായി മാറുകയായിരുന്നു. പാക്കിസ്ഥാനായി ഫർഹാൻ(35) തരക്കേടില്ലാത്ത തുടക്കം നൽകുകയുണ്ടായി. ശേഷം 48 റൺസ് നേടിയ അക്രം പാക്കിസ്ഥാന് പ്രതീക്ഷകൾ നൽകി. എന്നാൽ പാക്കിസ്ഥാൻ നിരയിലെ 5 വിക്കറ്റുകൾ കൊയ്ത് ഹംഗർഗേക്കർ തീയായി മാറി. ആദ്യ ഇന്നിങ്സിൽ 48 ഓവറുകൾ ബാറ്റ് ചെയ്ത പാക്കിസ്ഥാൻ എ 205 റൺസ് മാത്രമാണ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം തന്നെയാണ് സായി സുദർശൻ. ആദ്യ ബോൾ മുതൽ അതിസൂക്ഷ്മമായാണ് സുദർശൻ കളിച്ചത്. ഒപ്പം അഭിഷേക് ശർമ(20) നിഖിൽ ജോസ് (53) എന്നിവരും ഇന്ത്യയ്ക്കായി കളം നിറഞ്ഞു. മത്സരത്തിൽ 110 പന്തുകൾ നേരിട്ട സുദർശൻ 104 റൺസ് നേടുകയുണ്ടായി. ഇന്നിങ്സിൽ 10 ബൗണ്ടറികളും 3 സിക്സറുകളും ഉൾപ്പെട്ടു. ഒപ്പം അവസാന ഓവറുകളിൽ ക്യാപ്റ്റൻ യാഷ് ദള്ളും(21*) മികവ് പുലർത്തിയതോടെ ഇന്ത്യ 8 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കുകയായിരുന്നു.
ഈ വിജയത്തോടെ 3 മത്സരങ്ങളിൽ 3 വിജയങ്ങളുമായി ഇന്ത്യ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. സെമി ഫൈനൽ മത്സരത്തിലും മികച്ച പ്രകടനം ആവർത്തിച്ച് എമെർജിങ് ഏഷ്യ കപ്പ് ഇന്ത്യ എ ടീം സ്വന്തമാക്കും എന്നാണ് പ്രതീക്ഷ. എന്തായാലും ഇന്ത്യയുടെ യുവതാരങ്ങൾക്ക് തങ്ങളുടെ കഴിവുകൾ പുറത്തെടുക്കാനുള്ള അവസരമാണ് വന്നു ചേർന്നിരിക്കുന്നത്.