” ഇനി ഇന്ത്യൻ ടീമിൽ വരാൻ പോകുന്നത് വലിയ മാറ്റങ്ങൾ ” – രോഹിത് ശർമയുടെ വാക്കുകൾ.

കഴിഞ്ഞ സമയങ്ങളിൽ ഒരുപാട് പുതിയ താരങ്ങൾ അണിനിരന്ന ടീമാണ് ഇന്ത്യ. 2022 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിൽ കളിക്കാൻ ഒരുപാട് താരങ്ങൾക്ക് അവസരം ലഭിച്ചിട്ടുണ്ട്. പ്രതിഭകളുടെ ധാരാളിത്തം മൂലം പലതാരങ്ങൾക്കും ടീമിന്റെ സ്ഥിര സാന്നിധ്യമാകാൻ സാധിച്ചിട്ടില്ല എന്നതും പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ അധികം വൈകാതെ ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങൾ സംഭവിക്കുമെന്നും, അത് സംഭവിക്കേണ്ടത് അത്യാവശ്യമാണ് എന്നുമാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ പറഞ്ഞിരിക്കുന്നത്. ഇങ്ങനെയൊരു മാറ്റം സംഭവിച്ചാൽ അതിൽ പ്രധാന പങ്ക് ഇന്ത്യയുടെ സീനിയർ താരങ്ങൾക്കാവും എന്നും രോഹിത് പറയുകയുണ്ടായി.

“ഇന്നോ നാളെയോ ഒരു വലിയ മാറ്റം ഇന്ത്യൻ ടീമിന് സംഭവിക്കും. അത് സംഭവിക്കേണ്ടതാണ്. പുതുതായി ടീമിലേക്ക് എത്തുന്ന ഞങ്ങളുടെ യുവതാരങ്ങൾ വളരെ മികച്ച രീതിയിൽ കളിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. അവർക്ക് കൃത്യമായ രീതിയിൽ റോൾ വ്യക്തമാക്കി കൊടുക്കുക എന്നത് ഞങ്ങളുടെ ദൗത്യമാണ്. എന്നിരുന്നാലും ടീമിനായി ഏതുതരത്തിൽ കളിക്കണമെന്നും ഏതുതരത്തിലുള്ള തയ്യാറെടുപ്പുകൾ നടത്തി പ്രകടനങ്ങൾ മെച്ചപ്പെടുത്തണമെന്നും അവരുടേതായ തീരുമാനം തന്നെയാണ്.”- രോഹിത് ശർമ പറയുന്നു.

“ഇന്ത്യ പൂർണമായും പുതിയ യുവതാരങ്ങളെ തന്നെയാണ് ആശ്രയിക്കുന്നത്. തീർച്ചയായും അവർ തന്നെയാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി. വരും മത്സരങ്ങളിലൊക്കെയും കൂടുതൽ യുവ താരങ്ങളെ അണിനിരത്താൻ തന്നെയാണ് ഇന്ത്യ ശ്രമിക്കുന്നത്. യുവതാരങ്ങൾ ഇന്ത്യൻ ക്രിക്കറ്റിനെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.”- രോഹിത് ശർമ കൂട്ടിച്ചേർക്കുന്നു. പുതുതാരങ്ങളെ കൂടുതലായി പങ്കെടുപ്പിക്കുന്ന പരമ്പരകളാണ് ഇന്ത്യയ്ക്ക് വരാനുള്ളത്.

ഇന്ത്യയുടെ വെസ്റ്റിൻഡീസിനേതിരായ പരമ്പരയിലടക്കം ഒരുപാട് യുവതാരങ്ങൾ ഇന്ത്യക്കായി അരങ്ങേറുകയുണ്ടായി. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ പൂർണമായും യുവതാരങ്ങളുടെ നിരയെയാണ് ഇന്ത്യ അണിനിരത്തുന്നത്. അതോടൊപ്പം 2023ലെ ഏകദിന ലോകകപ്പിലും പുതിയ താരങ്ങൾക്കായുള്ള തിരച്ചിലിലാണ് ഇന്ത്യ. ഈ സമയത്ത് ഇന്ത്യൻ ടീമിൽ വലിയ രീതിയിൽ വിപ്ലവങ്ങൾ സംഭവിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.