ഞങ്ങളുടെ ലക്ഷ്യം പൂർത്തിയായിട്ടില്ല, അവസാന മത്സരവും ജയിക്കണം : ശുഭ്മാന്‍ ഗില്‍

20240713 200749 e1721047440358

സിംബാബ്വെയ്ക്കെതിരായ നാലാം ട്വന്റി20 മത്സരത്തിൽ ഒരു തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 152 എന്ന ഭേദപ്പെട്ട സ്കോർ സ്വന്തമാക്കുകയുണ്ടായി. സിക്കന്ദർ റാസയുടെ വെടിക്കെട്ടിന്റെ പിൻബലത്തിലാണ് സിംബാബ്വെ മികച്ച സ്കോർ നേടിയത്. എന്നാൽ മറുപടി ബാറ്റിംഗിൽ ഇന്ത്യൻ ഓപ്പണർമാർ അടിച്ചു തകർക്കുന്നതാണ് കണ്ടത്.

ജയസ്വാളും ഗില്ലും അർദ്ധസെഞ്ച്വറികൾ സ്വന്തമാക്കി മികവ് പുലർത്തിയപ്പോൾ ഇന്ത്യ മത്സരത്തിൽ 10 വിക്കറ്റുകളുടെ വിജയമാണ് സ്വന്തമാക്കിയത്. 28 പന്തുകൾ ബാക്കിനിൽക്കവേ മത്സരത്തിൽ വിജയം നേടി പരമ്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. മത്സരത്തിലെ ടീമിന്റെ വിജയത്തെ പറ്റി നായകൻ ഗില്‍ സംസാരിക്കുകയുണ്ടായി.

പരമ്പര സ്വന്തമാക്കിയെങ്കിലും ഇതുവരെയും തങ്ങളുടെ ജോലി പൂർത്തിയായിട്ടില്ല എന്നാണ് മത്സരശേഷം ഗിൽ പറഞ്ഞത്. “ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നത് ചെയിസിങ്ങിനെ പറ്റിയായിരുന്നു. കാരണം ആദ്യത്തെ ട്വന്റി20 മത്സരത്തിൽ ചെയ്സ് ചെയ്ത വിജയലക്ഷ്യത്തിൽ എത്താൻ ഞങ്ങൾക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇപ്പോൾ വളരെ നന്നായി തോന്നുന്നുണ്ട്. എന്നിരുന്നാലും ഞങ്ങളുടെ ജോലി അവസാനിച്ചിട്ടില്ല. പരമ്പരയിൽ ഒരു മത്സരം കൂടി അവശേഷിക്കുന്നുണ്ട്. എന്തായാലും വളരെ മികച്ച ഒരു ടീം തന്നെയാണ് ഇപ്പോൾ ഞങ്ങൾ. അവസാന മത്സരത്തിലെ മാറ്റങ്ങളെപ്പറ്റി ഇതുവരെയും കോച്ചിനോട് സംസാരിച്ചിട്ടില്ല. എന്തെങ്കിലുമുണ്ടെങ്കിൽ അത് ടോസ് സമയത്ത് തന്നെ അറിയിക്കുന്നതാണ്.”- ഗില്‍ പറഞ്ഞു.

Read Also -  സിക്സർ അടിച്ച് ട്രിപിൾ സെഞ്ച്വറി നേടരുത് എന്ന് സച്ചിൻ. വക വയ്ക്കാതെ സേവാഗ്. സംഭവം ഇങ്ങനെ.

മത്സരത്തിലെ താരമായി തിരഞ്ഞെടുത്തത് ജയസ്വാളിനെയായിരുന്നു. മത്സരത്തിൽ 53 പന്തുകൾ നേരിട്ട ജയസ്വാൾ 93 റൺസാണ് നേടിയത്. 13 ബൗണ്ടറികളും 2 സിക്സറുകളും ജയസ്വാളിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ഗില്ലിനൊപ്പം ബാറ്റ് ചെയ്യുന്നത് വളരെ ആസ്വാദകരമാണ് എന്ന് ജയസ്വാൾ പറയുകയുണ്ടായി. “ഇന്ന് ഞാൻ എന്റെ ബാറ്റിംഗ് നന്നായി തന്നെ ആസ്വദിച്ചു. വ്യത്യസ്ത ബോളർമാർക്ക് എതിരെ എന്റേതായ പ്ലാനുകളോടെയാണ് ഞാൻ മൈതാനത്ത് എത്തിയത്. ബോൾ നന്നായി തന്നെ ബാറ്റിലേക്ക് വരുന്നുണ്ടായിരുന്നു. പുതിയ ബോളിൽ ബാറ്റ് ചെയ്യാൻ അല്പം എളുപ്പമായിരുന്നു.”- ജയസ്വാൾ പറഞ്ഞു.

“എന്നാൽ ബോൾ പഴയതായതോടുകൂടി കാര്യങ്ങൾ കുറച്ചു സ്ലോ ആയി മാറി. എന്നിരുന്നാലും ഗില്ലിനൊപ്പം ബാറ്റിംഗ് ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്. ബോളർമാർക്കെതിരെ ആക്രമണം അഴിച്ചുവിടുക എന്ന ലക്ഷ്യത്തോടെയാണ് ഞാൻ ആരംഭിച്ചത്. എന്നാൽ പിന്നീട് എങ്ങനെ ഇന്നിംഗ്സ് കെട്ടിപ്പടുക്കാം എന്നതിനെപ്പറ്റി ആലോചിച്ചു. അവസാനം വരെ നിന്ന് മത്സരം വിജയിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. എനിക്കതിന് സാധിച്ചു.”- ജയസ്വാൾ കൂട്ടിച്ചേർക്കുന്നു. പരമ്പരയിലെ അവസാന ട്വന്റി20 മത്സരം നാളെയാണ് നടക്കുന്നത്

Scroll to Top