ക്രിക്കറ്റിൽ കാലാകാലങ്ങളിൽ ഉണ്ടാവുന്ന വിപ്ലവങ്ങൾ ബാറ്റർമാർക്ക് വലിയ സഹായകമായി മാറിയിട്ടുണ്ട്. തങ്ങളുടെ സാങ്കേതികതയിൽ വലിയ മെച്ചം ഉണ്ടാക്കാൻ പുതിയ രീതികളും നിയമങ്ങളും ബാറ്റർമാരെ സഹായിക്കുന്നു. അതിനാൽ തന്നെ മുൻപ് ഇതിഹാസ താരങ്ങൾ സൃഷ്ടിച്ച പല റെക്കോർഡുകളും അനായാസം മറികടക്കാനും ഇപ്പോഴത്തെ താരങ്ങൾക്ക് സാധിക്കുന്നുണ്ട്.
പൂർണ്ണമായും തങ്ങളുടെ മത്സരത്തിൽ തന്നെ കേന്ദ്രീകരിച്ച് പക്വതയോടെ മൈതാനത്ത് പ്രകടനങ്ങൾ കാഴ്ചവെക്കുന്ന ബാറ്റർമാർക്ക് എല്ലായിപ്പോഴും ഇത്തരം പ്രതിഫലങ്ങൾ ലഭിച്ചിട്ടുണ്ട്.എന്നാൽ പല ബാറ്റർമാർ ശ്രമിച്ചിട്ടും യാതൊരു തരത്തിലും തകർക്കാൻ പറ്റാത്ത ഒരു റെക്കോർഡ് ആണ് വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ മുൻപ് സ്വന്തമാക്കിയത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഒരു ഇന്നിംഗ്സിൽ 400 റൺസ് ലാറ സ്വന്തമാക്കുകയുണ്ടായി. പിന്നീട് ഒരുപാട് ടെസ്റ്റ് മത്സരങ്ങൾ ഉണ്ടായെങ്കിലും ഒരു ബാറ്റർക്ക് പോലും ലാറയുടെ ഈ സ്കോർ മറികടക്കാൻ സാധിച്ചില്ല. പക്ഷേ ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റ് ഒരു വിപ്ലവത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് ലാറ വിശ്വസിക്കുന്നു. അതിനാൽ തന്നെ തന്റെ ഈ റെക്കോർഡ് തിരുത്തപ്പെടും എന്നാണ് ലാറ വിശ്വസിക്കുന്നത്. ഇന്നത്തെ ബാറ്റർമാരുടെ ആക്രമണ മനോഭാവവും ഇതിനൊരു വലിയ കാരണമായി ലാറ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കിൽ തന്റെ 400 റൺസ് എന്ന റെക്കോർഡ് മറികടക്കാൻ സാധിക്കുന്ന ബാറ്റർമാരെ തിരഞ്ഞെടുക്കുകയാണ് ലാറ ഇപ്പോൾ.
“എന്റെ കാലത്ത് ഇത്ര വലിയ സ്കോർ വെല്ലുവിളിക്കുകയോ കുറഞ്ഞത് 300 റൺസെങ്കിലും സ്വന്തമാക്കുകയോ ചെയ്ത ഒരുപാട് ബാറ്റർമാർ ഉണ്ടായിരുന്നു. വീരേന്ദർ സേവാഗ്, ക്രിസ് ഗെയിൽ, ഇൻസമാം ഉൾ ഹഖ്, സനത് ജയസൂര്യ എന്നിവരൊക്കെയും ഈ സ്കോർ മറികടക്കുമെന്ന് തോന്നിയവരാണ്. ഈ കാലയളവിൽ ഇംഗ്ലണ്ട് ടീമിലാണ് ഇത്തരത്തിലുള്ള ധാരാളം മികച്ച താരങ്ങളുള്ളത്. സാക് ക്രോളി, ഹാരീ ബ്രുക്ക് എന്നിവരൊക്കെയും ഈ റെക്കോർഡ് മറികടക്കാൻ സാധിക്കുന്നവരാണ്. ഇന്ത്യൻ ടീമിൽ അങ്ങനെയുള്ള താരങ്ങളുണ്ടോ എന്ന് പരിശോധിക്കുക. ജയസ്വാൾ, ശുഭ്മാൻ ഗിൽ. ശരിയായ സാഹചര്യങ്ങൾ എത്തിയാൽ എന്റെ റെക്കോർഡ് മറികടക്കാൻ ഈ താരങ്ങൾക്ക് സാധിക്കും.”- ലാറ പറയുന്നു.
2019ലാണ് പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഡേവിഡ് വാർണറായിരുന്നു അവസാനമായി ട്രിപ്പിൾ സെഞ്ച്വറി നേടിയത്. മത്സരത്തിൽ ലാറയുടെ റെക്കോർഡ് മറികടക്കാൻ വലിയൊരു അവസരം തന്നെയായിരുന്നു വാർണർക്ക് ഉണ്ടായിരുന്നത്. പക്ഷേ വാർണർ 335 റൺസിൽ നിൽക്കുമ്പോൾ ഓസ്ട്രേലിയൻ നായകൻ പെയിൻ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയാണ് ഉണ്ടായത്. ശേഷം ഒരുപാട് മത്സരങ്ങൾ നടന്നെങ്കിലും ഇത്തരമൊരു സ്കോർ കണ്ടെത്താൻ ഒരു ബാറ്റർക്ക് പോലും സാധിച്ചില്ല. എന്നിരുന്നാലും തന്റെ റെക്കോർഡ് തകർക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ലാറ ഇപ്പോൾ.