സേവാഗും ഗെയ്ലുമല്ല, ആ ഇന്ത്യൻ ബാറ്റാറാണ് എന്റെ സിക്സർ ഗുരു. തുറന്ന് പറഞ്ഞ് രോഹിത് ശർമ.

നിലവിൽ ഇന്ത്യൻ ടീമിന്റെ നായകനും ബാറ്റിംഗ് ഇതിഹാസവുമാണ് രോഹിത് ശർമ. ഇന്ത്യയ്ക്കായി എല്ലാ ഫോർമാറ്റുകളിലും ഓപ്പണറായാണ് രോഹിത് കളിക്കുന്നത്. കഴിഞ്ഞ സമയങ്ങളിലൊക്കെയും ഇന്ത്യൻ ടീമിന് വലിയ തുടക്കങ്ങൾ നൽകാൻ രോഹിതിന് സാധിക്കുന്നുണ്ട്.

2023 ഏകദിന ലോകകപ്പിൽ ഇന്ത്യക്കായി എല്ലാ മത്സരങ്ങളിലും വെടിക്കെട്ട് തുടക്കം തന്നെയാണ് രോഹിത് നൽകിയിട്ടുള്ളത്. പവർപ്ലേ ഓവറുകളിൽ തന്നെ എതിർ ടീമിനെതിരെ വമ്പൻ സിക്സറുകൾ നേടാൻ രോഹിത്തിന് സാധിക്കുന്നുണ്ട്. ഇതിൽ പുൾ ഷോട്ടുകളിലൂടെയാണ് രോഹിത് പലപ്പോഴും വലിയ സിക്സറുകൾ കണ്ടെത്താറുള്ളത്. തന്റെ സിക്സർ ഗുരുവിനെ പറ്റി രോഹിത് ശർമ സംസാരിക്കുകയുണ്ടായി.

ഷോർട്ട് ബോളുകളിൽ സിക്സറുകൾ സ്വന്തമാക്കാൻ അപാര കഴിവുള്ള താരമാണ് രോഹിത് ശർമ. സ്പിന്നർമാരായാലും പേസർമാരായാലും രോഹിത്തിന്റെ ബാറ്റിന് മുൻപിൽ വിറയ്ക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടു തന്നെ ലോക ക്രിക്കറ്റിലെ പല സിക്സർ റെക്കോർഡുകളും രോഹിത്തിന്റെ പേരിലാണ്.

ഈ സമയത്താണ് രോഹിത് ശർമ തന്റെ സിക്സർ ഗുരുവിനെ പരിചയപ്പെടുത്തിയത്. ലോക ക്രിക്കറ്റിലെ സിക്സർ വീരന്മാരായ ക്രിസ് ഗെയിൽ, ഷാഹിദ് അഫ്രീദി, വീരേന്ദർ സേവാഗ് തുടങ്ങിയവർ ഒന്നുമല്ല രോഹിത്തിന്റെ സിക്സർ ഗുരു. മുൻ ഇന്ത്യൻ താരം യുവരാജ് സിങാണ് ഇത്തരത്തിലുള്ള സിക്സർ നേടാൻ തനിക്ക് പ്രചോദനമായത് എന്ന് രോഹിത് പറയുകയുണ്ടായി.

“ചെറുപ്പകാലം മുതൽ ഞാൻ യുവരാജ് സിംഗിന്റെ ബാറ്റിംഗ് കണ്ടുകൊണ്ടിരിക്കുകയാണ്. എല്ലായിപ്പോഴും എന്റെ ക്രിക്കറ്റിലെ റോൾ മോഡൽ യുവരാജ് സിംഗ് തന്നെയാണ്. പ്രകടനങ്ങൾ നടത്തുന്നതിൽ മാത്രമല്ല മറ്റെല്ലാ കാര്യത്തിലും അദ്ദേഹം എന്റെ മാതൃകയാണ്. പിച്ചിൽ നിന്ന് ബോളർമാർക്ക് ലഭിക്കുന്ന സ്വിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഞാൻ നെറ്റിൽ പരിശീലനം നടത്തുന്നത്.”

“മത്സരത്തിൽ ഒരു 25 പന്തുകൾ നേരിട്ടാൽ 20 എണ്ണത്തിനെങ്കിലും സിക്സർ പറക്കുക എന്നതാണ് എന്റെ ആഗ്രഹം. യുവരാജ് സിംഗ് സിക്സറുകൾ നേടുമ്പോൾ അദ്ദേഹത്തിന്റെ ശരീരഭാഷ ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും ശരീരത്ത് വലിയ ചലനങ്ങൾ ഇല്ലാതെയാണ് അദ്ദേഹം അനായാസം സിക്സറുകൾ പറത്തിയിരുന്നത്. ശരീരഭാഷ കൃത്യമല്ലെങ്കിൽ ഒരു ബാറ്റർക്ക് ഒരിക്കലും ഇത്തരത്തിൽ വമ്പൻ സിക്സറുകൾ നേടാൻ സാധിക്കില്ല.”- രോഹിത് പറഞ്ഞു.

2009ലാണ് രോഹിത് ശർമ ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയത്. ശേഷവും യുവരാജുമായി മികച്ച സൗഹൃദം കാത്തുസൂക്ഷിക്കാൻ രോഹിത് ശർമയ്ക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം സിക്സറുകൾ സ്വന്തമാക്കിയിട്ടുള്ള താരമാണ് രോഹിത് ശർമ.

തന്റെ കരിയറിൽ ഇതുവരെ 590 സിക്സറുകൾ രോഹിത് നേടിയിട്ടുണ്ട്. വെസ്റ്റിൻഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്ൽ 553 സിക്സറുകളാണ് തന്റെ കരിയറിൽ നേടിയിട്ടുള്ളത്. മൂന്നാം സ്ഥാനത്തുള്ള അഫ്രീദി 476 സിക്സറുകളും സ്വന്തമാക്കിയിരുന്നു.

Previous articleവിരാട് കോഹ്ലി പരമ്പരയില്‍ കളിക്കില്ലാ. നിര്‍ണായക വിവരങ്ങള്‍ പുറത്ത്.
Next articleവിരാട് കോഹ്ലിയില്ലാ. ഇംഗ്ലണ്ട് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.