2025 ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം മലയാളി താരം സഞ്ജു സാംസണും രാജസ്ഥാൻ ടീമും തമ്മിൽ ഒരുപാട് പ്രശ്നങ്ങൾ നിൽക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ സഞ്ജു സാംസൺ തനിക്ക് രാജസ്ഥാൻ ടീമിൽ തുടരാൻ താല്പര്യമില്ല എന്ന് അറിയിച്ചിരിക്കുന്നത്. ഇത്തരമൊരു തീരുമാനത്തിലേക്ക് സഞ്ജു എത്താനുള്ള കാരണങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
2025 ഐപിഎല്ലിന് മുന്നോടിയായി സൂപ്പർ താരമായ ജോസ് ബട്ലറെ റിലീസ് ചെയ്യാനുള്ള രാജസ്ഥാൻ റോയൽസിന്റെ തീരുമാനത്തെ സഞ്ജു എതിർത്തിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിലൂടെ പ്രശ്നങ്ങൾ ഉരുത്തിരിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പ്രമുഖ വാർത്താ മാധ്യമമായ ക്രിക്ബസിന്റെ റിപ്പോർട്ട് പ്രകാരം സഞ്ജു സാംസനും രാജസ്ഥാൻ റോയൽസും തമ്മിൽ ഒരുപാട് പ്രശ്നങ്ങൾ നിലനിന്നിരുന്നു. മാനേജ്മെന്റിന്റെ തീരുമാനം ജോസ് ബട്ലറെ റിലീസ് ചെയ്യുക എന്നതായിരുന്നു. ഇംഗ്ലീഷ് ഇതിഹാസ താരത്തെ ടീമിൽ പിടിച്ചുനിർത്താൻ ആരും തന്നെ തയ്യാറായില്ല. എന്നാൽ സഞ്ജുവിന്റെ അഭിപ്രായം ബട്ലറെ എങ്ങനെയും ടീമിൽ തന്നെ നിലനിർത്തണമെന്നതായിരുന്നു. ഇക്കാര്യത്തിൽ അഭിപ്രായ ഭിന്നതകൾ നിലനിന്നതായി റിപ്പോർട്ടുകൾ പറയുന്നു.
മുൻപ് ബട്ലറെപ്പറ്റി സഞ്ജു പറഞ്ഞ വാക്കുകൾ വളരെ ശ്രദ്ധ ആകർഷിച്ചിരുന്നു. “ഐപിഎല്ലിൽ ടീമിനെ നയിക്കുക എന്നത് വലിയൊരു അവസരമാണ്. ഇതുമൂലം ഒരുപാട് ദൃഢമായ സുഹൃദ്ബന്ധങ്ങൾ ഉണ്ടാവാറുണ്ട്. ജോസ് ബട്ലർ എന്റെ ഒരു അടുത്ത സുഹൃത്ത് തന്നെയാണ്. കഴിഞ്ഞ 7 വർഷങ്ങളായി ഞങ്ങൾ ഒരുമിച്ച് കളിക്കുകയാണ്. മൈതാനത്ത് ഒരുപാട് സമയം ചിലവഴിക്കുന്നതിനാൽ തന്നെ ഞങ്ങൾക്ക് പരസ്പരം അറിയാൻ സാധിച്ചിട്ടുണ്ട്. എന്റെ മൂത്ത ജേഷ്ഠനെ പോലെയാണ് ബട്ലറെ ഞാൻ കാണുന്നത്. എനിക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്കാണ് ചെല്ലുന്നത്. 2021ൽ ഞാൻ ക്യാപ്റ്റൻ ആയിരുന്ന സമയത്ത് ബട്ലറായിരുന്നു വൈസ് ക്യാപ്റ്റൻ. അദ്ദേഹം എന്നെ ഒരുപാട് കാര്യങ്ങളിൽ സഹായിച്ചിട്ടുണ്ട്.”- സഞ്ജു പറഞ്ഞു.
“അങ്ങനെയുള്ള ഒരു താരത്തെ റിലീസ് ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു തീരുമാനമായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിലെ നിയമങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്താൻ ഞാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് ഇക്കാര്യത്തിൽ ആവും. അത്തരമൊരു മാറ്റം സാധ്യമാണെങ്കിൽ താരങ്ങളെ റിലീസ് ചെയ്യുക എന്ന പ്രവർത്തി തന്നെ ഞാൻ ഇല്ലാതാക്കും.”- സഞ്ജു തമാശ രൂപേണ പറയുകയുണ്ടായി.


