ബോർഡർ- ഗവാസ്കർ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ബോളിങ് നിരയുടെ ഡെപ്തിനെ ചൂണ്ടികാട്ടി ഓസ്ട്രേലിയൻ ഓപ്പൺ ഉസ്മാൻ ഖവാജ. എപ്പോഴും ആളുകൾ ബുംറയെ പറ്റിയാണ് സംസാരിക്കാറുള്ളതെന്നും, എന്നാൽ ഇന്ത്യയ്ക്ക് കൂടുതൽ മികച്ച ബോളർമാർ ഉണ്ടന്നും ഖവാജ പറയുകയുണ്ടായി.
ബംറ മികച്ച ബോളറാണ് എന്നത് ശരിയാണെന്നും പക്ഷേ മുഹമ്മദ് സിറാജിനെയും മുഹമ്മദ് ഷാമിയെയും ഒരിക്കലും തള്ളിപ്പറയാൻ സാധിക്കില്ല എന്നും ഖവാജ പറയുകയുണ്ടായി. നവംബർ 22നാണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഇത്തവണ 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പരയാണ് ഇന്ത്യ ഓസ്ട്രേലിയൻ മണ്ണിൽ കളിക്കാൻ തയ്യാറായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഖവാജ പ്രസ്താവനയുമായി രംഗത്തെത്തിയത്.
“എല്ലാവരും എപ്പോഴും സംസാരിക്കുന്നത് ജസ്പ്രീത് ബുംറയെ പറ്റിയാണ്. എന്നാൽ ഇന്ത്യൻ ടീമിൽ ബുമ്രയെ പോലെ മികച്ച മറ്റു കുറച്ചു ബോളർമാർ കൂടിയുണ്ട്. എനിക്ക് തോന്നുന്നു മുഹമ്മദ് സിറാജ് ഇന്ത്യയുടെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളാണെന്ന്. ഇടങ്കയ്യൻ ബാറ്റർമാർക്ക് എതിരെയും വലംകയ്യൻ ബാറ്റർമാർക്ക് എതിരെയും ഒരേ തരത്തിൽ മികവ് പുലർത്താൻ സാധിക്കുന്ന ബോളറാണ് സിറാജ്. മുഹമ്മദ് ഷാമി ഈ പരമ്പരയിൽ കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ ഇന്ത്യയുടെ മികച്ച ബോളർമാരിൽ ഒരാളാണ് മുഹമ്മദ് ഷാമിയും. ഇതുവരെയും ഷാമിയ്ക്ക് വേണ്ടരീതിയിലുള്ള അംഗീകാരം കിട്ടിയിട്ടില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അവനെപ്പറ്റി ഒരുപാട് പേർ അങ്ങനെ സംസാരിക്കാറില്ല. മാത്രമല്ല വമ്പൻ സ്പിന്നർമാരും ഇന്ത്യൻ ലൈനപ്പിലുണ്ട്. ഫാസ്റ്റ് ബോളർമാരുമായി കൃത്യമായി കോമ്പിനേഷൻ ഉണ്ടാക്കാൻ സാധിക്കുന്ന സ്പിന്നർമാരാണ് ഇന്ത്യയ്ക്ക് ഉള്ളത്.”- ഖവാജ പറഞ്ഞു.
“അതുകൊണ്ടു തന്നെ ഞാൻ ഒരിക്കലും ബൂമ്രയെപ്പറ്റി മാത്രമല്ല ചിന്തിക്കാറുള്ളത്. മാത്രമല്ല ഏതുതരത്തിൽ അവൻ എന്നെ പുറത്താക്കും എന്നതും ഞാൻ ചിന്തിക്കാറില്ല. എങ്ങനെ അവനെതിരെ റൺസ് സ്വന്തമാക്കാൻ സാധിക്കും എന്നാണ് ഞാൻ എപ്പോഴും ചിന്തിക്കാറുള്ളത്. എല്ലാ മികച്ച ബാറ്റർമാരും ഇത്തരത്തിൽ തന്നെയായിരിക്കും ചിന്തിക്കുന്നത്. കാരണം അവന് ലൈനോ ലെങ്തോ നഷ്ടമായാൽ അതിനെതിരെ പ്രതികരിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. മികച്ച ബോളുകൾ അവനെ എറിയുകയാണെങ്കിൽ നമ്മൾ അതിനെ ബഹുമാനിക്കണം. അതാണ് ടെസ്റ്റ് ക്രിക്കറ്റ്.”- ഖവാജ കൂട്ടിച്ചേർത്തു.
ഇന്ത്യക്കെതിരെ റൺസ് കണ്ടെത്തി മുൻപോട്ടു പോവുക എന്ന മനോഭാവമാണ് തങ്ങൾ പിന്തുടരാൻ ശ്രമിക്കുന്നത് എന്നും ഖവാജ പറയുകയുണ്ടായി. പുറത്താവുമെന്ന ഭയത്തിൽ തങ്ങൾ ക്രീസിൽ തുടരില്ല എന്നാണ് ഖവാജ പറഞ്ഞത്. നവംബർ 22ന് പേർത്തിലാണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരം നടക്കുന്നത്. ശേഷം ഡിസംബർ 6ന് പരമ്പരയിലെ രണ്ടാം മത്സരം നടക്കും. ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു പരമ്പര തന്നെയാണ് ഇത്തവണത്തെ ബോർഡർ ഗവാസ്കർ ട്രോഫി.