കോഹ്ലിയല്ല, 2025 ഐപിഎല്ലിലെ ബാംഗ്ലൂരിന്റെ നായകനാവുക ഈ താരം.

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും ഉറ്റുനോക്കുന്ന ഒരു ഫ്രാഞ്ചൈസിയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. കഴിഞ്ഞ സീസണുകളിൽ വമ്പൻ ബാറ്റർമാരുമായി കളത്തിലിറങ്ങിയ ബാംഗ്ലൂരിന് ഇതുവരെയും കിരീടം സ്വന്തമാക്കാൻ സാധിച്ചിട്ടില്ല.

അതിനാൽ തന്നെ വരും വർഷം എന്തുവിലകൊടുത്തും കിരീടം നേടുക എന്ന ലക്ഷ്യത്തോടെയാണ് ബാംഗ്ലൂർ എത്തുന്നത്. 2025 മെഗാ ലേലത്തിന് മുന്നോടിയായി കേവലം 3 താരങ്ങളെ മാത്രമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിലനിർത്തിയിട്ടുള്ളത്. മാത്രമല്ല പല പ്രമുഖ താരങ്ങളെയും വിട്ടുനൽകാനും ബാംഗ്ലൂർ തയ്യാറായി. എന്നാൽ 2025 ഐപിഎൽ സീസണിൽ ബാംഗ്ലൂരിന്റെ നായകനായി ആരെത്തും എന്ന ചർച്ച പുരോഗമിക്കുകയാണ്. ഇതിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ.

ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലി ബാംഗ്ലൂരിന്റെ നായകനായി തിരികെയെത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ. പക്ഷേ ഉത്തപ്പയുടെ അഭിപ്രായത്തിൽ കോഹ്ലി ഇനിയും ബാംഗ്ലൂർ ടീമിന്റെ നായകനായി എത്തില്ല. പകരം 11 കോടി രൂപയ്ക്ക് ബാംഗ്ലൂർ ടീം നിലനിർത്തിയ യുവതാരം രജത് പട്ടിദാർ ടീമിന്റെ നായകനായെത്തും എന്നാണ് ഉത്തപ്പ വിശ്വസിക്കുന്നത്. ഇതിനുള്ള കാരണവും ഉത്തപ്പ വെളിപ്പെടുത്തുകയുണ്ടായി. വിരാട് കോഹ്ലിയ്ക്ക് ഇനിയും ട്വന്റി20 ക്രിക്കറ്റിൽ അവശേഷിക്കുന്നത് കേവലം കുറച്ചു വർഷങ്ങൾ മാത്രമാണ് എന്ന് ഉത്തപ്പ പറയുന്നു.

നായകത്വത്തിന്റെ ഉത്തരവാദിത്വം പൂർണ്ണമായും രജത് പട്ടിദാറിന് നൽകാൻ ബാംഗ്ലൂർ തയ്യാറാവണം എന്നാണ് ഉത്തപ്പ പറയുന്നത്. “എന്റെ അഭിപ്രായത്തിൽ ബാംഗ്ലൂർ ടീം തങ്ങളുടെ ക്യാപ്റ്റൻസി യുവതാരമായ പട്ടിദാറിന് നൽകണം. അല്ലാത്ത പക്ഷം 2 വർഷങ്ങൾക്ക് ശേഷം വീണ്ടും അവർ മറ്റൊരു നായകനെ കണ്ടെത്തേണ്ട സാഹചര്യമുണ്ടാകും. അതുകൊണ്ട് ഇപ്പോൾ തന്നെ ആ ദൗത്യം പൂർത്തീകരിക്കുന്നതാണ് ഏറ്റവും നല്ലത്. മാത്രമല്ല അടുത്ത മൂന്നോ നാലോ വർഷങ്ങൾ കൊണ്ട് പുതിയൊരു നായകനെ വാർത്തെടുക്കാനും ബാംഗ്ലൂരിന് സാധിക്കും. അത്തരത്തിൽ ഒരു നായകന്റെ റോൾ ഉത്തമമായി ചെയ്യാൻ സാധിക്കുന്ന ഒരു താരമാണ് രജത് പട്ടിദാർ.”- ഉത്തപ്പ പറയുകയുണ്ടായി.

2024 ഐപിഎൽ സീസണിൽ ബാംഗ്ലൂരിനായി തകർപ്പൻ പ്രകടനങ്ങൾ തന്നെയായിരുന്നു പട്ടിദാർ കാഴ്ചവെച്ചത്. 15 മത്സരങ്ങളിൽ നിന്ന് 395 റൺസായിരുന്നു സീസണിൽ പട്ടിദാർ സ്വന്തമാക്കിയത്. വിരാട് കോഹ്ലി കഴിഞ്ഞാൽ ബാംഗ്ലൂരിന്റെ ഏറ്റവും വിശ്വസ്തനായ ബാറ്ററാണ് നിലവിൽ പട്ടിദാർ.

അതുകൊണ്ടു തന്നെ 11 കോടി രൂപയ്ക്കാണ് പട്ടിദാറിനെ ഇത്തവണ ബാംഗ്ലൂർ നിലനിർത്തിയത്. 2021ൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം 27 മത്സരങ്ങളാണ് ബാംഗ്ലൂരിനായി താരം കളിച്ചിട്ടുള്ളത്. ഇതിനോടകം തന്റെ പേര് പ്രശസ്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

Previous article“സ്വന്തം കഴിവിൽ വിശ്വസിച്ചാൽ ലോകത്തിലെ ഏറ്റവും മികച്ച താരമാവാൻ അവന് കഴിയും”. ഇന്ത്യൻ താരത്തെപറ്റി ഹസി.