ലോക ക്രിക്കറ്റിലെ ഇതിഹാസ ബോളർമാരിൽ ഒരാളായ ഇംഗ്ലണ്ട് താരം ജെയിംസ് ആൻഡേഴ്‌സൻ തന്റെ അവസാന ടെസ്റ്റ് മത്സരം കളിക്കുകയാണ്. ഇതിനോടകം തന്റെ കരിയറിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുള്ള ബോളറാണ് ആൻഡേഴ്സൺ. ഇപ്പോൾ താൻ തന്റെ കരിയറിൽ നേരിട്ടുള്ള ഏറ്റവും മികച്ച ബാറ്ററെ തിരഞ്ഞെടുത്തിരിക്കുകയാണ് ആൻഡേഴ്‌സൻ.
ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലിയെയും ഓസ്ട്രേലിയൻ സൂപ്പർതാരം സ്റ്റീവൻ സ്മിത്തിനെയും ഒഴിവാക്കി മറ്റൊരു താരത്തെയാണ് ആൻഡേഴ്സൺ ഏറ്റവും മികച്ച ബാറ്ററായി തിരഞ്ഞെടുത്തിരിക്കുന്നത്. 41കാരനായ ആൻഡേഴ്സൺ ഇതുവരെ 187 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 700 വിക്കറ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്.
തന്റെ 21 വർഷം നീണ്ട കരിയറിൽ സച്ചിൻ ടെണ്ടുൽക്കറാണ് താൻ നേരിട്ടുള്ള ഏറ്റവും മികച്ച ബാറ്റർ എന്ന് ആൻഡേഴ്‌സൻ പറയുന്നു. സ്കൈ സ്പോർട്സ് നടത്തിയ ഒരു അഭിമുഖത്തിൽ സംസാരിക്കുന്ന സമയത്താണ് ആൻഡേഴ്സൺ ഇക്കാര്യം പറഞ്ഞത്. “ഞാൻ നേരിട്ടുള്ള ഏറ്റവും മികച്ച ബാറ്റർ സച്ചിൻ ടെണ്ടുൽക്കറാണ് എന്ന് ഞാൻ പറയും”- ആൻഡേഴ്സൺ പറഞ്ഞു. കരിയറിൽ ഇന്ത്യക്കെതിരെ 39 ടെസ്റ്റ് മത്സരങ്ങളാണ് ആൻഡേഴ്സൺ കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 149 വിക്കറ്റുകൾ സ്വന്തമാക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. സച്ചിൻ ടെണ്ടുൽക്കറെ 9 തവണയാണ് ആൻഡേഴ്സൺ പുറത്താക്കിയിട്ടുള്ളത്.
അതേസമയം താൻ നേരിട്ടുള്ള ഏറ്റവും മികച്ച പേസറെ പറ്റി ചോദിച്ചപ്പോൾ ആൻഡേഴ്സൺ 2 പേരുകളാണ് എടുത്തു പറഞ്ഞത്. “ഞാൻ നേരിട്ട ഏറ്റവും മികച്ച ബോളർമാർ ഗ്ലെൻ മഗ്രാത്തും ഡെയിൽ സ്റ്റെയിനുമാണ്. ഇരുവരിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കുക എന്നത് കുറച്ച് കഠിനമാണ്. രണ്ടുപേരും വ്യത്യസ്ത തരം ബോളർമാരാണ്. പക്ഷേ ഇരുവരും ലോകനിലവാരമുള്ളവരാണ്.”- ആൻഡേഴ്‌സൻ പറഞ്ഞു.
2013ൽ ട്രെൻഡ് ബ്രിഡ്ജിൽ നടന്ന ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ഓസ്ട്രേലിയൻ നായകൻ മൈക്കിൾ ക്ലാർക്കിനെ പുറത്താക്കിയതാണ് തനിക്ക് തന്റെ ഏറ്റവും ഇഷ്ടപ്പെട്ട വിക്കറ്റ് എന്നും ആൻഡേഴ്സൺ പറയുകയുണ്ടായി. ഒപ്പം അതേ മൈതാനത്ത് ഇന്ത്യക്കെതിരെ 81 റൺസ് സ്വന്തമാക്കാൻ സാധിച്ചതും തനിക്ക് വലിയ അഭിമാനം നൽകിയിരുന്നു എന്ന് താരം കൂട്ടിച്ചേർത്തു.
“ഇന്ത്യക്കെതിരെ ട്രെൻഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ 81 റൺസ് നേടാൻ സാധിച്ചത് എനിക്ക് ഒരുപാട് അഭിമാനം നൽകിയിരുന്നു. ബോളിംഗിൽ ഞാൻ എല്ലായിപ്പോഴും വിക്കറ്റുകൾ സ്വന്തമാക്കുകയും മികവ് പുലർത്തുകയും ചെയ്തിരുന്നു. എന്നാൽ ബാറ്റിംഗിൽ 81 റൺസ് നേടുക എന്നത് എനിക്ക് വലിയ കാര്യമായിരുന്നു. ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള ഒരു ഇന്നിങ്സ് തന്നെയായിരുന്നു അത്.”- ആൻഡേഴ്‌സൻ കൂട്ടിച്ചേർത്തു. എന്തായാലും ക്രിക്കറ്റിനെ സംബന്ധിച്ച് വലിയൊരു യുഗം തന്നെയാണ് ഇതോടെ അവസാനിക്കുന്നത്.