ഇന്ത്യൻ ക്രിക്കറ്റിന്റെ ട്വന്റി20യിലെ വിസ്മയമായി മാറിക്കൊണ്ടിരിക്കുകയാണ് മധ്യനിര ബാറ്റർ റിങ്കു സിംഗ്. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ഒരു തട്ടുപൊളിപ്പൻ ഫിനിഷിംഗാണ് റിങ്കു കാഴ്ച വച്ചത്. മത്സരത്തിൽ നിർണായക സമയത്ത് ഇന്ത്യയുടെ രക്ഷകനായി മാറാൻ റിങ്കു സിംഗിന് സാധിച്ചിരുന്നു. 14 പന്തുകളിൽ 22 റൺസാണ് റിങ്കു മത്സരത്തിൽ നേടിയത്. അവസാന പന്തിൽ സിക്സർ നേടിയായിരുന്നു റിങ്കു ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇതിന് ശേഷം പല മുൻ താരങ്ങളും റിങ്കുവിന്റെ ബാറ്റിംഗിനെ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയോട് ഉപമിക്കുകയുണ്ടായി. എന്നാൽ താൻ തന്റെ ജീവിതത്തിൽ റോൾ മോഡലായി കാണുന്നത് മറ്റൊരു ഇന്ത്യൻ താരത്തെയാണ് എന്ന് റിങ്കു പറഞ്ഞു.
ഇന്ത്യയുടെ മുൻ ഇടംകയ്യൻ ബാറ്റർ സുരേഷ് റെയ്നയാണ് തന്റെ മാതൃക എന്നാണ് റിങ്കു പറഞ്ഞത്. സുരേഷ് റെയ്‌നയാണ് തനിക്ക് ജീവിതത്തിൽ പ്രചോദനമായിട്ടുള്ളത് എന്നും റിങ്കു പറയുന്നു. “ഞാൻ റെയ്നാ ഭായിയുടെ ഒരു വലിയ ആരാധകൻ തന്നെയാണ്. ഞാൻ അദ്ദേഹത്തെ എല്ലായിപ്പോഴും പിന്തുടരാനും പകർത്താനുമാണ് ശ്രമിക്കുന്നത്. എന്റെ ജീവിതത്തിലും കരിയറിലും വലിയൊരു റോൾ തന്നെയാണ് റെയ്‌ന ഭായി വഹിച്ചിട്ടുള്ളത്. അദ്ദേഹം എനിക്ക് ബാറ്റുകളും പാഡുകളും, ക്രിക്കറ്റ് കളിക്കാൻ എന്തൊക്കെ ആവശ്യമുണ്ടോ അതൊക്കെയും തന്ന് എന്നെ സഹായിച്ചിട്ടുണ്ട്. ”
”ഒന്നും ചോദിക്കാതെയും ഒന്നും പറയാതെയും എനിക്ക് എല്ലാ സഹായങ്ങളും ചെയ്തു തന്നത് റെയ്‌ന ഭായി തന്നെയാണ്. അദ്ദേഹമാണ് എനിക്ക് എല്ലാമെല്ലാം. ഏതെങ്കിലും സമയത്ത് ഞാൻ സംശയത്തിൽ നിൽക്കുമ്പോൾ റെയ്ന ഭായിയെ വിളിക്കും. ഒരു മൂത്ത ജേഷ്ഠനെക്കാൾ വലിയ സ്ഥാനമാണ് ഞാൻ അദ്ദേഹത്തിന് നൽകുന്നത്.”- റിങ്കു പറഞ്ഞു.
“എങ്ങനെയാണ് സമ്മർദ്ദ സാഹചര്യങ്ങൾ നിയന്ത്രിക്കേണ്ടത് എന്ന് എന്നെ പഠിപ്പിച്ചു തന്നത് റെയ്‌ന ഭായി തന്നെയാണ്. ക്രീസിലെത്തിയ ശേഷം 4-5 പന്തുകൾ സൂക്ഷ്മതയോടെ നേരിടണമെന്നും അതിനുശേഷം ഗിയർ മാറണമെന്നുമാണ് റെയ്‌ന ഭായി എനിക്ക് പറഞ്ഞു തന്നിട്ടുള്ളത്. അത്തരം ടിപ്പുകൾ ഐപിഎൽ സമയത്തും ഇന്ത്യൻ ടീമിൽ കളിക്കുന്ന സമയത്തും എനിക്ക് ഒരുപാട് സഹായകരമായി മാറിയിട്ടുണ്ട്.”- റിങ്കു സിംഗ് കൂട്ടിച്ചേർത്തു.
2023 ഐപിഎൽ സീസണിൽ ഗുജറാത്ത് ടീമിനെതിരായ മത്സരത്തിൽ ഒരു തട്ടുപൊളിപ്പൻ പ്രകടനം റിങ്കു സിംഗ് കാഴ്ച വച്ചിരുന്നു. മത്സരത്തിന്റെ അവസാന ഓവറിൽ യാഷ് ഡയാലിനെ തുടർച്ചയായി 5 സിക്സറുകൾക്ക് പായിച്ച് കൊൽക്കത്തയെ ഒരു അവിശ്വസനീയ വിജയത്തിലെത്തിക്കാൻ റിങ്കുവിന് സാധിച്ചിരുന്നു. മത്സരത്തിലെ ഈ പ്രകടനം തന്റെ കരിയറിൽ പ്രധാനമായി മാറിയിട്ടുണ്ട് എന്നാണ് റിങ്കു പറയുന്നത്.
“ആ 5 സിക്സറുകൾ മറക്കാൻ ഒരുപാട് സമയമെടുത്തു. എന്റെ ജീവിതം മാറ്റിമറിച്ചത് ആ 5 സിക്സറുകൾ തന്നെയാണ്. എന്റെ കരിയറിൽ ആ മത്സരവും 5 പന്തുകളിലെ സിക്സറുകളും വലിയ മാറ്റം തന്നെ ഉണ്ടാക്കി. ഒരു ഓവറിൽ 5 സിക്സറുകൾ സ്വന്തമാക്കുക എന്നത് അനായാസമായ കാര്യമല്ല. അത് വളരെ ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. മത്സരത്തിൽ എന്റെ ടീം ചെയ്സ് ചെയ്യുകയായിരുന്നു. മാത്രമല്ല ഞാനായിരുന്നു ടീമിന്റെ അവസാന വിജയ പ്രതീക്ഷ. അതിനാൽ തന്നെ ആ വിജയം വളരെ സ്പെഷ്യലാണ്. എന്റെ ടീം എനിക്ക് ഒരുപാട് ആശംസകൾ അറിയിച്ചിരുന്നു.”- റിങ്കു പറഞ്ഞു വെക്കുന്നു.