ഹർദിക് മുംബൈയുടെ നായകനാവും. രോഹിത് നായകസ്ഥാനം ഒഴിയുമെന്ന് ഡിവില്ലിയേഴ്‌സ്.

hardik pandya12 1

ഗുജറാത്ത് താരം ഹർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് ടീമിലേക്ക് തിരികെയെത്തുന്നു എന്ന വാർത്ത വളരെ സജീവമായി തന്നെ തുടരുകയാണ്. ഒരു വമ്പൻ തുകയ്ക്ക് മുംബൈ ഇന്ത്യൻസ് ഹർദ്ദിക്കിനെ തങ്ങളുടെ ടീമിലേക്ക് തിരികെ എത്തിക്കുന്നു എന്നാണ് പ്രമുഖ വാർത്താ മാധ്യമമായ ഇഎസ്പിഎൻ ക്രിക്കിൻഫോ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് ശേഷം ഒരുപാട് അഭിപ്രായങ്ങൾ മുൻ താരങ്ങളിൽ നിന്ന് ഉണ്ടായിട്ടുണ്ട്.

ഹർദിക് പാണ്ഡ്യ തിരിച്ച് മുംബൈ ഇന്ത്യൻസിന്റെ ടീമിലെത്തിയാൽ ആരായിരിക്കും മുംബൈയുടെ നായകൻ എന്ന ചർച്ചകളും പുരോഗമിക്കുന്നു. നിലവിൽ രോഹിത് ശർമയെ പോലെ തന്നെ ക്യാപ്റ്റൻസിയിൽ മികവ് പുലർത്തിയിട്ടുള്ള താരമാണ് ഹർദിക് പാണ്ഡ്യ. എന്നാൽ മുംബൈ ഇന്ത്യൻസിൽ ഹർദിക് പാണ്ഡ്യ എത്തുകയാണെങ്കിൽ രോഹിത് ശർമ ഉറപ്പായും നായകസ്ഥാനം പാണ്ഡ്യയ്ക്ക് കൈമാറും എന്നാണ് മുൻ ദക്ഷിണാഫ്രിക്കൻ നായകൻ എ ബി ഡിവില്ലിയേഴ്‌സ് പറയുന്നത്.

തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് ഡിവില്ലിയേഴ്‌സ് ഈ അഭിപ്രായം പങ്കുവച്ചത്. നിലവിൽ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെയും ഏകദിന ടീമിന്റെയും നായകനാണ് രോഹിത് ശർമ. ഈ സാഹചര്യത്തിൽ മുംബൈ ടീമിന്റെ നായക സ്ഥാനം ഹർദിക് പാണ്ഡ്യയ്ക്ക് രോഹിത് കൈമാറുമെന്ന് താൻ കരുതുന്നു എന്നാണ് ഡിവില്ലിയേഴ്‌സ് പറഞ്ഞത്.

“രോഹിത് ഹർദിക് പാണ്ഡ്യക്ക് നായകസ്ഥാനം നൽകുമെന്നാണ് എനിക്ക് തോന്നുന്നത്. ടീം ഇന്ത്യയുടെ നായകൻ എന്ന നിലയിൽ ഒരുപാട് സമ്മർദ്ദങ്ങൾ രോഹിത് അനുഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പാണ്ഡ്യയ്ക്ക് നായകത്വം നൽകുന്നത് വളരെ മികച്ച തീരുമാനമാണ്.”- ഡിവില്ലിയേഴ്‌സ് പറയുന്നു.

Read Also -  "അവർ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ചവർ, അവരുടെ നഷ്ടം ഇന്ത്യയെ ബാധിക്കും"- സനത് ജയസൂര്യ.

2015ലായിരുന്നു ഹർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് ടീമിലേക്ക് ആദ്യമായി എത്തുന്നത്. തന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനങ്ങളും ഇമ്പാക്ട് നൽകുന്ന ബോളിംഗ് പ്രകടനവുമായാണ് ഹർദിക് പാണ്ഡ്യ ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. അന്ന് കേവലം 10 ലക്ഷം രൂപയ്ക്കായിരുന്നു പാണ്ഡ്യ മുംബൈയിലെത്തിയത്. ശേഷമാണ് പാണ്ഡ്യ മികച്ച പ്രകടനങ്ങൾ നടത്തി ഇന്ത്യൻ ടീമിലടക്കം കയറിപ്പറ്റിയത്.

7 സീസണുകളിൽ മുംബൈ ഇന്ത്യൻസിനായി ഹർദിക് പാണ്ഡ്യ കളിച്ചിട്ടുണ്ട്. 7 സീസണുകളിൽ 92 മത്സരങ്ങളിൽ നിന്ന് 1476 റൺസാണ് ഹർദിക് പാണ്ഡ്യ നേടിയിട്ടുള്ളത്. 27.3 എന്ന ശരാശരിയിലാണ് മുംബൈക്കായി ഹർദിക് അടിച്ചു തകർത്തത്. ബോളിങ്ങിൽ 42 വിക്കറ്റുകളും പാണ്ഡ്യ സ്വന്തമാക്കിയിരിക്കുന്നു.

ഹർദിക് പാണ്ഡ്യ മുംബൈ ടീമിലേക്ക് തിരികെയെത്തിയാൽ അത് മുംബൈയെ സംബന്ധിച്ച് വലിയ മെച്ചമുണ്ടാക്കും എന്നാണ് ഡിവില്ലിയേഴ്‌സ് കരുതുന്നത്. “മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ച് ഇതൊരു വലിയ വാർത്ത തന്നെയാണ്. ഒരുപാട് വർഷങ്ങളായി ഹർദിക് മുംബൈയുടെ വലിയൊരു കളിക്കാരനായിരുന്നു.

അവന് വാങ്കഡേ സ്റ്റെഡിയത്തിൽ കളിക്കാൻ വലിയ ഇഷ്ടവുമാണ്. ഗുജറാത്ത് ടൈറ്റൻസ് ടീമിനെ നയിച്ച് കിരീടം സ്വന്തമാക്കാൻ പാണ്ഡ്യയ്ക്ക് കഴിഞ്ഞിരുന്നു. ശേഷം കഴിഞ്ഞ സീസണിൽ ടീമിനെ ഫൈനലിലെത്തിക്കാനും പാണ്ഡ്യയ്ക്ക് സാധിച്ചു. ഒരു പക്ഷേ തന്റെ ദൗത്യം അവസാനിച്ചുവെന്ന് പാണ്ഡ്യയ്ക്ക് തോന്നുന്നുണ്ടാവും.”- ഡിവില്ലിയേഴ്‌സ് പറഞ്ഞു വയ്ക്കുന്നു.

Scroll to Top