നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ശക്തികളാണ് ഇന്ത്യയും ഓസ്ട്രേലിയയും. ഓസ്ട്രേലിയൻ ടീമിനെ അവരുടെ മണ്ണിൽ പരാജയപ്പെടുത്തുക എന്നത് എല്ലാ ടീമുകൾക്കും വലിയ ബാലികേറാ മലയാണ്. എന്നാൽ ഈ നേട്ടം തുടർച്ചയായി സ്വന്തമാക്കിയിട്ടുള്ള ടീമാണ് ഇന്ത്യ.
കഴിഞ്ഞ 2 പര്യടനങ്ങളിലും ഓസ്ട്രേലിയയെ ടെസ്റ്റ് പാരമ്പരയിൽ പരാജയപ്പെടുത്താൻ ഇന്ത്യൻ ടീമിന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ 2024ന്റെ അവസാനം നടക്കുന്ന ഓസ്ട്രേലിയക്കെതിരായ 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിലും ഇത്തരമൊരു വിജയമാണ് ഇന്ത്യ കണക്കുകൂട്ടുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയാണ് ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കാൻ ഒരുങ്ങുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ടീമിലെ പ്രധാന താരങ്ങളെ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ.
ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ പരമ്പര അത്ര അനായാസകരമായിരിക്കില്ല എന്ന് വസീം ജാഫർ കരുതുന്നു. അതേസമയം ഓസ്ട്രേലിയയെ ഭയപ്പെടുത്താനുള്ള സ്രോതസ്സുകൾ ഇന്ത്യൻ ടീമിലുണ്ട് എന്നും വസീം ജാഫർ കൂട്ടിച്ചേർക്കുകയുണ്ടായി. മുഹമ്മദ് സിറാജ്, മുഹമ്മദ് ഷാമി, ജസ്‌പ്രീത് ബുമ്ര എന്നിവർ അടങ്ങുന്ന ബോളിങ് നിരയാവും പരമ്പരയിൽ ഇന്ത്യയുടെ ശക്തിയായി മാറുക എന്നാണ് ജാഫർ കണക്കുകൂട്ടുന്നത്. ഈ 3 താരങ്ങളും പരമ്പരയിലൂടെ ഫിറ്റ്നസ് വീണ്ടെടുക്കുകയാണെങ്കിൽ ഇന്ത്യയെ സംബന്ധിച്ച് തുടർച്ചയായ മൂന്നാം ടെസ്റ്റ് പരമ്പര ഓസ്ട്രേലിയയിൽ വിജയിക്കാൻ സാധിക്കുമെന്ന് ജാഫർ കരുതുന്നു.
ഇന്ത്യയുടെ പേസർ അർഷദീപ് സിംഗ് പരമ്പരയിൽ ബോളിങ്ങിൽ ഇന്ത്യയ്ക്ക് ശക്തിയായി മാറും എന്ന് ജാഫർ കരുതുന്നു. ഒപ്പം ഐപിഎല്ലിൽ മികവ് പുലർത്തിയ മായങ്ക് യാദവും പരമ്പരയിലെ കറുത്ത കുതിരയാവും എന്നാണ് വസിം ജാഫർ പറഞ്ഞത്. “ബൂമ്രയും ഷാമിയും സിറാജും പരമ്പരയിലൂടനീളം ഫിറ്റ്നസ് പാലിക്കുകയും മുഴുവൻ മത്സരങ്ങളും കളിക്കുകയുമാണെങ്കിൽ ഇന്ത്യയ്ക്ക് ഓസ്ട്രേലിയയിൽ ഹാട്രിക് നേടാൻ ഒരു വലിയ അവസരം ലഭിക്കും. അർഷദീപ് സിംഗ് എത്തുന്നതോടെ ഇന്ത്യയുടെ ഇടംകൈ ഓപ്ഷൻ കൂടുതൽ ശക്തമാവും. മായങ്ക് യാദവാവും ഇന്ത്യയുടെ പരമ്പരയിലെ കറുത്ത കുതിര. അവൻ ഫിറ്റ്നസോടെ എത്തിയാൽ അത് ഇന്ത്യയ്ക്ക് മുതൽക്കൂട്ടാണ്.”- വസീം ജാഫർ പറഞ്ഞു.
നവംബർ 22നാണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് മത്സരം നിശ്ചയിച്ചിരിക്കുന്നത് പേർത്തിലാണ്. ശേഷം അഡ്ലൈഡിൽ ഇന്ത്യ ഒരു ഡേ നൈറ്റ് ടെസ്റ്റ് മത്സരവും കളിക്കും. അടുത്ത 3 ടെസ്റ്റ് മത്സരങ്ങൾ ബ്രിസ്ബൻ, മെൽബൺ, സിഡ്നി എന്നീ വേദികളിലാവും അരങ്ങേറുക. എന്തായാലും ഇരു ടീമുകളെ സംബന്ധിച്ചും വളരെ നിർണായകമായ ടെസ്റ്റ് പരമ്പര കൂടിയാണ് വരാനിരിക്കുന്നത്. ഈ പരമ്പരയിൽ വിജയം സ്വന്തമാക്കുന്ന ടീമിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്താൻ സാധിച്ചേക്കും.