കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യൻ ബാറ്റര്‍ വിരാട് കോഹ്‌ലി ദയനീയ പ്രകടനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ മാസം ആദ്യം അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്തിയ താരത്തിനു ഇതുവരെ, 20 റൺസിനു മേലെ സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞട്ടില്ലാ. അവസാന മത്സരത്തില്‍ 25 പന്തിൽ 16 റൺസെടുത്താണ് താരം പുറത്തായത്.
കോഹ്‌ലിയുടെ നിരാശാജനകമായ പ്രകടനങ്ങൾ നിരവധി ആരാധകരും മുൻ ക്രിക്കറ്റ് താരങ്ങളും ചോദ്യം ചെയ്തിരുന്നു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ നായകന്‍റെ പ്രകടനം വിശകലനം ചെയ്യുകയാണ് മുന്‍ പാക്കിസ്ഥാന്‍ താരം ഷൊയിബ് അക്തര്‍. വിമർശകരിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും കോഹ്‌ലി ശ്രദ്ധ മാറ്റി തന്റെ കളിയിൽ പ്രവർത്തിക്കണമെന്ന് പാകിസ്ഥാൻ പേസ് ഇതിഹാസം ഉപദേശിച്ചു.
“ഒരു പാക്കിസ്ഥാനി എന്ന നിലയിൽ, ഞാൻ വിരാട് കോഹ്‌ലിയെ പിന്തുണയ്ക്കുന്നു, കാരണം 70 സെഞ്ചുറികൾ… അത് കാൻഡി ക്രഷ് അല്ല. ഒരു മികച്ച കളിക്കാരന് മാത്രമേ ഇത്രയും സെഞ്ച്വറി നേടാനാകൂ, ഒരു സാധാരണ കളിക്കാരന് അത് ചെയ്യാൻ കഴിയില്ല. വിരാട് കോലി ഈ ഘട്ടത്തിൽ നിന്ന് പുറത്തുവരുമ്പോൾ, അത് വ്യത്യസ്തമായ വിരാട് കോഹ്‌ലിയാകും. അദ്ദേഹത്തിന് പ്രവർത്തിക്കേണ്ട ചില കാര്യങ്ങളുണ്ട്,” അക്തർ തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പറഞ്ഞു.
” ആളുകൾ നിങ്ങളെ വിമർശിക്കുന്നുണ്ടോ? ഒരു പ്രശ്നവുമില്ല. ഇതെല്ലാം നിങ്ങളെ കൂടുതൽ ശക്തരാക്കുകയേയുള്ളൂ. 30 സെഞ്ചുറികൾ കൂടി സ്കോർ ചെയ്യണം. ഞാൻ നിങ്ങൾക്കായി 110 പ്രവചിച്ചു. നിങ്ങൾ ഇപ്പോഴും ചെറുപ്പമാണ്, നിങ്ങൾ തികച്ചും ഫിറ്റാണ്.
“പേടിക്കരുത്. ബൗളർമാർ ഒരു ശക്തനായ വ്യക്തിക്കെതിരെയാണ് മത്സരിക്കുന്നതെന്ന് അറിയണം. നിങ്ങൾ ആ വ്യക്തിയാണ്. സ്വയം ശ്രദ്ധ കേന്ദ്രീകരിക്കുക. സംയമനം പാലിക്കുക ” മുന്‍ പാക്ക് പേസര്‍ പറഞ്ഞു.