എല്ലാ ഫോർമാറ്റിലും നമ്പർ 1. ചരിത്ര നേട്ടം സ്വന്തമാക്കി ജസ്പ്രീത് ബുമ്ര.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ്‌ മത്സരത്തിലെ ഉഗ്രൻ ബോളിംഗ് പ്രകടനത്തിന് ശേഷം വമ്പൻ നേട്ടങ്ങൾ സ്വന്തമാക്കി ജസ്പ്രീറ്റ് ബൂമ്ര. ഐസിസി പുരുഷ ടെസ്റ്റ് ബോളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുചാട്ടം ഉണ്ടാക്കിയാണ് ബൂമ്ര ലോക ക്രിക്കറ്റിനെ ഞെട്ടിച്ചിരിക്കുന്നത്.

ഇതാദ്യമായാണ് ഒരു ഇന്ത്യൻ പേസ് ബോളർ ഐസിസി ടെസ്റ്റ് ബോളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് എത്തുന്നത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ 91 റൺസ് വിട്ടുനൽകി 9 വിക്കറ്റുകളാണ് ബൂമ്ര സ്വന്തമാക്കിയത്. ഈ പ്രകടനത്തിനിടെ ഏറ്റവും വേഗതയിൽ 150 ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കുന്ന ഇന്ത്യൻ പേസർ എന്ന ബഹുമതിയും ബുമ്ര പേരിൽ ചേർത്തിരുന്നു.

ശേഷമാണ് ബൂമ്രയ്ക്ക് ടെസ്റ്റ് റാങ്കിങ്ങിൽ ഉയർച്ച ലഭിച്ചിരിക്കുന്നത്. മൂന്ന് സ്ഥാനങ്ങൾ പിന്തള്ളിയാണ് ബൂമ്ര റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. ഇന്ത്യയുടെ തന്നെ താരമായ രവിചന്ദ്രൻ അശ്വിനെ പിന്തള്ളിയാണ് ബൂമ്ര റാങ്കിങ്ങിൽ ഒന്നാം സ്ഥാനം കയ്യടക്കിയത്. 2023 മാർച്ച് മുതൽ അശ്വിനായിരുന്നു ലോക ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്.

എന്നാൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ 3 വിക്കറ്റുകൾ മാത്രമാണ് അശ്വിന് നേടാൻ സാധിച്ചത്. ശേഷം അശ്വിൻ രണ്ട് സ്ഥാനം പിന്നിലേക്ക് ഇറങ്ങുകയുണ്ടായി. ദക്ഷിണാഫ്രിക്കൻ പേസ് ബോളർ റബാഡയാണ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്.

ഐസിസി റാങ്കിങ്ങിൽ എല്ലാ ഫോർമാറ്റിലും ഒന്നാം സ്ഥാനത്ത് എത്തുന്ന ബോളർ എന്ന റെക്കോർഡും ബൂമ്ര ഇതോടെ കയ്യടക്കിയിട്ടുണ്ട്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ പേസർ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത്. മുൻപ് കപിൽ ദേവ് മാത്രമാണ് ഒന്നാം സ്ഥാനത്തിനായി പോരാടിയിട്ടുള്ളത്.

1979 ഡിസംബർ മുതൽ 1980 ഫെബ്രുവരി വരെ ടെസ്റ്റ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത് തുടരാൻ കപിൽ ദേവിന് സാധിച്ചു. പക്ഷേ ഒന്നാം സ്ഥാനത്ത് എത്തുന്നതിൽ കപിൽ പരാജയപ്പെടുകയുണ്ടായി. ശേഷം 2010 ൽ സഹീർ ഖാൻ ടെസ്റ്റ് ബോളിംഗ് റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. ശേഷമാണ് ബുമ്രയുടെ ഈ കുതിച്ചുചാട്ടം.

നിലവിൽ 881 പോയിന്റുകളുമായാണ് ജസ്‌പ്രീറ്റ് ബുമ്ര റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 851 പോയിന്റുകളുള്ള റബാഡയാണ് രണ്ടാം സ്ഥാനത്ത്. 841 പോയിന്റുകൾ സ്വന്തമാക്കിയിട്ടുള്ള അശ്വിൻ മൂന്നാം സ്ഥാനത്തും, 828 പോയിന്റ്കൾ സ്വന്തമാക്കിയിട്ടുള്ള ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് നാലാം സ്ഥാനത്തും നിൽക്കുന്നു

818 പോയിന്റുകൾ സ്വന്തമാക്കിയിട്ടുള്ള ഓസ്ട്രേലിയയുടെ തന്നെ പേസറായ ഹേസൽവുഡാണ് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത്. എന്തായാലും ബൂമ്രയെ സംബന്ധിച്ച് ഒരു വമ്പൻ നേട്ടം തന്നെയാണ് ഇത്.

Previous articleബാസ്ബോൾ സമീപനമാണ് ഇംഗ്ലണ്ട് കളി തോൽക്കാൻ കാരണം. രൂക്ഷ വിമർശനവുമായി മുൻ ഇംഗ്ലണ്ട് താരം.
Next articleഇന്ത്യ സന്തോഷിക്കേണ്ട, ബാറ്റിങ് ഇപ്പോളും പ്രശ്നമാണ്. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സഹീർ ഖാൻ.