നിതീഷ് കുമാറിനു സെഞ്ച്വറി. മെല്‍ബണില്‍ ഇന്ത്യയെ പിടിച്ചുകയറ്റിയ ഇന്നിങ്സ്..

ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിലെ നാലാമത്തെ മത്സരത്തിൽ ഇന്ത്യയുടെ രക്ഷകനായി യുവതാരം നിതീഷ് കുമാർ റെഡി. മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കിയാണ് നിതീഷ് ഇന്ത്യയെ കരകയത്തിയത്. നിതീഷിന്റെ അന്താരാഷ്ട്ര കരിയറിലെ കന്നി സെഞ്ചുറിയാണ് മത്സരത്തിൽ പിറന്നത്.

ഇതോടെ വലിയ പ്രതിസന്ധിയിലായിരുന്ന ഇന്ത്യൻ ടീം മത്സരത്തിൽ കരകയറിയിട്ടുണ്ട്. മത്സരത്തിൽ 171 പന്തുകൾ നേരിട്ടാണ് നിതീഷ് കുമാർ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്.എട്ടാം വിക്കറ്റിൽ വാഷിംഗ്ടൺ സുന്ദറുമായി ചേർന്ന് തട്ടുപൊളിപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുത്തായിരുന്നു നിതീഷ് ഇന്ത്യയെ കരകയറ്റിയത്.

മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 474 എന്ന ആദ്യ ഇന്നിങ്സ് സ്കോർ മറികടക്കാൻ മൈതാനത്ത് എത്തിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ പതറിയിരുന്നു. രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ ഇന്ത്യ 5 വിക്കറ്റുകൾ ശേഷിക്കെ, ഓസ്ട്രേലിയയെക്കാൾ 310 റൺസ് പിന്നിലായിരുന്നു. മൂന്നാം ദിവസവും പന്തിന്റെയും ജഡേജയുടെയും വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്ക് നിതീഷ് കുമാർ റെഡി പ്രതീക്ഷ നൽകുകയായിരുന്നു. എട്ടാമനായി എത്തിയ നിതീഷ് വാഷിംഗ്ടൺ സുന്ദറിനെ കൂട്ടുപിടിച്ച് ഇന്ത്യൻ സ്കോർ പതിയെ ഉയർത്തി. പിച്ചിൽ നിന്ന് ലഭിച്ച ആനുകൂല്യങ്ങൾ അങ്ങേയറ്റം മികച്ച രീതിയിൽ ഉപയോഗിക്കാൻ നിതീഷിന് സാധിച്ചിരുന്നു.

തന്റെ സ്വാഭാവികമായ ശൈലിയിൽ നിന്നും മാറി കൂടുതൽ ക്ഷമയോടെയാണ് നിതീഷ് മെൽബണിൽ ഇന്നിംഗ്സ് കെട്ടിപ്പടുത്തത്. എട്ടാം വിക്കറ്റിൽ 127 റൺസിന്റെ കൂട്ടുകെട്ടാണ് വാഷിംഗ്ടൺ സുന്ദറിനൊപ്പം നിതീഷ് റെഡി കെട്ടിപ്പടുത്തത്. ഇന്ത്യയെ മത്സരത്തിൽ മികച്ച ഒരു നിലയിൽ എത്തിക്കാൻ ഈ കൂട്ടുകെട്ടിന് സാധിച്ചു. വാഷിംഗ്ടൺ സുന്ദർ 50 റൺസ് നേടി പുറത്തായതോടെയാണ് ഇന്ത്യ വീണ്ടും തകർച്ചയിലേക്ക് കൂപ്പുകുത്തിയത്. ഇതിനുശേഷം നിതീഷ് തന്റെ സെഞ്ച്വറി സ്വന്തമാക്കാനായി പരിശ്രമിക്കുകയുണ്ടായി.

അവസാന വിക്കറ്റിൽ ഒരു കിടിലൻ ഷോട്ടിലൂടെ നിതീഷ് തന്റെ സെഞ്ചുറി സ്വന്തമാക്കുകയാണ് ഉണ്ടായത്. മൈതാനത്ത് ഉണ്ടായിരുന്ന നിതീഷിന്റെ പിതാവടക്കം വലിയ ആവേശത്തിലാണ് തന്റെ മകന്റെ കന്നി സെഞ്ചുറിയെ നോക്കി കണ്ടത്. മറുവശത്ത് ഇന്ത്യയെ സംബന്ധിച്ചും വളരെ വലിയ പ്രതീക്ഷയാണ് നിതീഷിന്റെ ഈ സെഞ്ച്വറി നൽകിയിരിക്കുന്നത്. മുൻനിരയിലെ പല ബാറ്റർമാരും രണ്ടക്കം പോലും കാണാതെ പുറത്തായ സാഹചര്യത്തിൽ നിതീഷിന്റെ ഈ പ്രകടനം ഇന്ത്യയ്ക്ക് ഉണർവ് നൽകുന്നു. ബോർഡർ ഗവാസ്കർ ട്രോഫിയിലെ കഴിഞ്ഞ മത്സരങ്ങളിൽ ഇത്തരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്.

Previous article“ഇത്തരം ഷോട്ട് കളിക്കാനാണെങ്കിൽ റിഷഭ് പന്തിനെ അഞ്ചാം നമ്പറിൽ ഇറക്കരുത് ” വിമർശനവുമായി ഗവാസ്കർ.