സമീപകാലത്ത് ഇന്ത്യൻ ടീമിൽ വലിയ പുരോഗതിയുണ്ടാക്കിയ വിഭാഗമാണ് പേസ് ബോളിംഗ്. മുഹമ്മദ് ഷാമി, ജസ്പ്രീത് ബൂമ്ര, മുഹമ്മദ് സിറാജ് എന്നിവർ ഇന്ത്യൻ പേസ് ബോളിങ് നിരയ്ക്ക് നേതൃത്വം വഹിച്ചതോടെ ഒരുപാട് മത്സരങ്ങളിൽ മികവ് പുലർത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ മൂന്ന് ബോളർമാരും ഒരുമിച്ച് ഒരു മത്സരത്തിൽ അണിനിരന്നാൽ, എതിർ ടീമിന് ആ വെല്ലുവിളി നേരിടുക എന്നത് പ്രയാസകരമായിരിക്കും എന്നാണ് മുൻ ഇന്ത്യൻ താരം സഹിർ ഖാൻ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.
3 പേരുടെയും സമീപകാലത്തെ പ്രകടനങ്ങൾ കണക്കിലെടുത്താണ് സഹീർ ഖാന്റെ ഈ വീക്ഷണം. മൂന്നുപേരും മികവ് പുലർത്തിയാൽ എതിർ ടീമിന് ഒരു പേടിസ്വപ്നം തന്നെയായി ഇന്ത്യൻ ബോളിംഗ് മാറും എന്നാണ് സഹീർ കരുതുന്നത്.
“മുഹമ്മദ് ഷാമിക്ക് എന്താണ് ചെയ്യാൻ പറ്റുക എന്ന് നമ്മൾ ഇതിനോടകം തന്നെ കണ്ടു കഴിഞ്ഞു. വിക്കറ്റ് നേടുന്നതിൽ ഷാമിക്കുള്ള സ്ട്രൈക്ക് റേറ്റ് അവിശ്വസനീയം തന്നെയാണ്. ജസ്പ്രീറ്റ് ബൂമ്ര ഒരു മാച്ച് വിന്നറാണെന്ന് പല സമയങ്ങളിലും തെളിയിച്ചിട്ടുണ്ട്. മുഹമ്മദ് സിറാജും കഴിഞ്ഞ സമയങ്ങളിൽ വലിയ രീതിയിലുള്ള പുരോഗമനങ്ങൾ തന്റെ ബോളിങ്ങിൽ ഉണ്ടാക്കിയെടുത്തു കഴിഞ്ഞു.”
”കഴിഞ്ഞ വർഷങ്ങളിലൊക്കെയും സിറാജ് മികവ് പുലർത്തിയിട്ടുണ്ട്. ഈ മൂന്നു താരങ്ങളും ഒരുമിച്ചു കളിക്കുകയാണെങ്കിൽ ഇന്ത്യയ്ക്ക് ഏത് ടീമിനെയും സമ്മർദ്ദത്തിലാക്കാൻ സാധിക്കും. ഏത് സാഹചര്യമായാലും എതിർ ടീമിനെ വെല്ലുവിളിക്കാനും സാധിക്കും.”- സഹീർ ഖാൻ പറയുന്നു.
കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം മുഹമ്മദ് സിറാജ് പുറത്തെടുത്ത തകർപ്പൻ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് സഹീർ സംസാരിക്കുകയുണ്ടായി.
“മത്സരത്തിന്റെ ആദ്യ സ്പെല്ലിൽ സിറാജ് നേടിയ 6 വിക്കറ്റുകൾ വളരെ പ്രധാനപ്പെട്ടതായിരുന്നു. അതാണ് പരമ്പരയിൽ തന്നെ നിർണായകമായി മാറിയത്. ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ട് പിന്നിലേക്ക് പോയതാണ്. ശേഷം രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് ടോസ് നഷ്ടപ്പെടുകയുണ്ടായി. എന്നാൽ ഒരു അവിശ്വസനീയ സ്പെല്ലിൽ കൂടി ഇന്ത്യയെ തിരികെ മത്സരത്തിലേക്ക് കൊണ്ടുവന്നത് സിറാജാണ്.”- സഹീർ കൂട്ടിച്ചേർക്കുന്നു.
ടെസ്റ്റ് പരമ്പരയിൽ വളരെ മികച്ച പ്രകടനങ്ങളായിരുന്നു സിറാജും ബുമ്രയും പുറത്തെടുത്തത്. ബൂമ്ര പരമ്പരയിൽ 12 വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ, സിറാജ് 9 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. എന്നാൽ മുഹമ്മദ് ഷാമിക്ക് പരിക്കു മൂലം ടെസ്റ്റ് പരമ്പരയിൽ കളിക്കാൻ സാധിച്ചിരുന്നില്ല. എന്നിരുന്നാലും എത്രയും വേഗം മുഹമ്മദ് ഷാമി ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ. അങ്ങനെയെങ്കിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യൻ പേസ് ബോളിംഗ് വലിയ വെല്ലുവിളി ഉണ്ടാക്കും.