ഒരിക്കൽ കൂടി ക്രിക്കറ്റ് ലോകത്തെ വമ്പൻ ജയവുമായി ഞെട്ടിക്കുകയാണ് ബംഗ്ലാദേശ് ടീം. ഇത്തവണ ബംഗ്ലാദേശ് ടീമിന്റെ പോരാട്ടവീര്യത്തിന് മുൻപിൽ തോൽവി വഴങ്ങിയത് കിവീസ് ടീം. ശക്തരായ ന്യൂസിലാൻഡ് ടീമിനെ അവരുടെ സ്വന്തം മണ്ണിൽ ടെസ്റ്റിൽ തോൽപ്പിച്ചാണ് ബംഗ്ലാദേശ് ടീം ചരിത്ര നേട്ടത്തിന് അവകാശികളായത്. ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും കിവീസിനെ തകർത്താണ് ബംഗ്ലാദേശ് ടീമിന്റെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഐതിഹാസിക ജയം. എട്ട് വിക്കറ്റ് ജയവുമായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ മുന്നേറാനും അവർക്ക് സാധിച്ചു. ഏറെ വാശി നിറഞ്ഞ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ അഞ്ചാം ദിനമാണ് കിവീസിനെ വീഴ്ത്തി ബംഗ്ലാദേശ് ടീം ചരിത്രം സൃഷ്ടിച്ചത്.
ന്യൂസിലാൻഡ് മണ്ണിൽ ചരിത്രത്തിൽ ആദ്യമായി നേടുന്ന അന്താരാഷ്ട്ര ജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ലോക ടെസ്റ്റ് ചാമ്പ്യന്മാരെ വീഴ്ത്തിയ ബംഗ്ലാദേശ് ടീമിനെ ഇപ്പോൾ വാനോളം പുകഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം. അഞ്ചാം ദിനം രണ്ടാം ഇന്നിങ്സിൽ കിവീസിനെ 169 റൺസിൽ പുറത്താക്കി 40 റൺസ് വിജയലക്ഷ്യവുമായി കളിക്കാൻ ഇറങ്ങിയ ബംഗ്ലാദേശ് ടീം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ടീം ഒന്നാം ഇന്നിങ്സിൽവെറും 328 റൺസിൽ ആൾഔട്ടായപ്പോൾ മറുപടി ബാറ്റിങ്ങിൽ 458 റൺസാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അടിച്ചെടുത്തത്.ഷാന്റോ (64 റൺസ് ), മോമിനൂൾ (88 റൺസ് ), ലിട്ടൻ ദാസ് (86 റൺസ് ) എന്നിവരുടെ പ്രകടനമാണ് ബംഗ്ലാ ടീമിന് ലീഡ് സമ്മാനിച്ചത്.
എന്നാൽ രണ്ടാം ഇന്നിങ്സിലും കൃത്യമായ പ്ലാനിൽ പന്തെറിഞ്ഞ ബംഗ്ലാദേശ് ടീം കിവീസ് സ്കോർ 169 റൺസിൽ തന്നെ ഒതുക്കി. കിവീസ് നിരയിൽ 69 റൺസ് അടിച്ച വിൽ യങ്,40 റൺസുമായി റോസ് ടെയ്ലർ എന്നിവർ മാത്രമാണ് അൽപ്പം എങ്കിലും പൊരുതിയത്. ബംഗ്ലാദേശ് ടീമിനായി പേസർമാർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.ഒന്നാം ഇന്നിങ്സിൽ ഷോറിഫുൾ ഇസ്ലാം, മെഹന്ദി ഹസ്സൻ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ രണ്ടാം ഇന്നിങ്സിൽ കിവീസ് നിരയെ തകർത്തത് 6 വിക്കറ്റ് വീഴ്ത്തിയ എബോദാത് ഹുസൈൻ ചരിത്ര നേട്ടത്തിൽ പങ്കാളിയായി. സ്വന്തം നാട്ടിൽ ഒരു ഏഷ്യൻ ടീമിനോട് 11 വർഷം ശേഷമാണ് ടെസ്റ്റിൽ ന്യൂസിലാൻഡ് ടീം തോൽക്കുന്നത്.