2024 ട്വന്റി20 ലോകകപ്പിൽ ന്യൂസിലാൻഡ് ടീമിനെ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാൻ. പൂർണ്ണമായി അഫ്ഗാനിസ്ഥാൻ ആധിപത്യം സ്ഥാപിച്ച മത്സരത്തിൽ വമ്പൻ പരാജയമാണ് ന്യൂസിലാൻഡ് നേരിട്ടത്. മത്സരത്തിൽ 84 റൺസിനായിരുന്നു കിവി ടീമിന്റെ പരാജയം. അഫ്ഗാനിസ്ഥാനായി ഗുർബാസും ഇബ്രാഹിം സദ്രാനുമാണ് ബാറ്റിംഗിൽ തിളങ്ങിയത്. ബോളിങ്ങിൽ ഫസൽ ഫറൂക്കിയും നായകൻ റാഷിദ് ഖാനും മികവാർന്ന പ്രകടനം പുറത്തെടുത്തതോടെ അഫ്ഗാനിസ്ഥാൻ 84 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കുകയായിരുന്നു. തങ്ങളുടെ ആദ്യ മത്സരത്തിലും കൂറ്റൻ വിജയം സ്വന്തമാക്കാൻ അഫ്ഗാനിസ്ഥാന് സാധിച്ചിരുന്നു.
മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കമാണ് ഗുർബാസ് അഫ്ഗാനിസ്ഥാന് നൽകിയത്. ആദ്യ ഓവറുകളിൽ തന്നെ പൂർണമായി ആക്രമണം അഴിച്ചുവിടാൻ ഗുർബാസിന് സാധിച്ചു. ഇബ്രാഹിം സദ്രാനുമൊപ്പം ആദ്യ വിക്കറ്റിൽ 103 റൺസിന്റെ കൂട്ടുകെട്ടാണ് ഗുർബാസ് കെട്ടിപ്പടുത്തത്. സദ്രാൻ 41 പന്തുകളിൽ 44 റൺസാണ് നേടിയത്. ശേഷമെത്തിയ അസ്മത്തുള്ള 13 പന്തുകളിൽ 22 റൺസ് നേടി. പക്ഷേ പിന്നീട് എത്തിയ ബാറ്റർമാർക്ക് ആർക്കും ക്രീസിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. ഒരു വശത്ത് ഗുർബാസ് അഫ്ഗാനിസ്ഥാന്റെ ഇന്നിംഗ്സ് കാക്കുകയാണ് ഉണ്ടായത്.
മത്സരത്തിൽ 56 പന്തുകൾ നേരിട്ട ഗുർബാസ് 80 റൺസാണ് നേടിയത്m 5 ബൗണ്ടറികളും 5 സിക്സറുകളും ഗുർബാസിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ഇങ്ങനെ അഫ്ഗാനിസ്ഥാൻ നിശ്ചിത 20 ഓവറുകളിൽ 159 റൺസ് സ്വന്തമാക്കുകയായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാൻഡിന് തുടക്കത്തിൽ തന്നെ പിഴച്ചു. ഫിൻ അലന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ ന്യൂസിലാൻഡിന് നഷ്ടമായി. പിന്നീട് തുടർച്ചയായി ന്യൂസിലാൻഡിന് വിക്കറ്റുകൾ നഷ്ടമാകുന്നതാണ് കാണാൻ സാധിച്ചത്. ന്യൂസിലാൻഡ് നിരയിൽ ഒരു ബാറ്റർക്കു പോലും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. 18 റൺസ് സ്വന്തമാക്കിയ ഫിലിപ്സാണ് ന്യൂസിലാൻഡ് നിരയിൽ കുറച്ചു സമയമെങ്കിലും പിടിച്ചുനിൽക്കാൻ ശ്രമിച്ചത്.
കേവലം 2 ബാറ്റർമാർ മാത്രമാണ് ന്യൂസിലാൻഡിനായി രണ്ടക്കം കണ്ടത്. മറുവശത്ത് അത്യുഗ്രൻ ബോളിംഗ് പ്രകടനങ്ങളാണ് അഫ്ഗാനുവേണ്ടി ബോളർമാർ കാഴ്ചവച്ചത്. നായകൻ റാഷിദ് ഖാനും ഫസൽ ഫറൂക്കിയും 17 റൺസ് മാത്രം വിട്ടു നൽകി 4 വിക്കറ്റുകൾ വീതം മത്സരത്തിൽ സ്വന്തമാക്കുകയുണ്ടായി. മുഹമ്മദ് നബി 2 വിക്കറ്റുകളും സ്വന്തമാക്കിയതോടെ ന്യൂസിലാൻഡ് തകർന്നു വീഴുകയായിരുന്നു. കേവലം 75 റൺസിനാണ് ന്യൂസിലാൻഡ് തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ന്യൂസിലാൻഡിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ലോകകപ്പിന്റെ തുടക്കത്തിൽ തന്നെ നേരിട്ടിരിക്കുന്നത്. മറുവശത്ത് അഫ്ഗാനിസ്ഥാൻ സൂപ്പർ എട്ടിനായുള്ള പോരാട്ടം ശക്തമാക്കിയിട്ടുണ്ട്