ഇന്ത്യ ഭയക്കുന്ന ഒരേ ഒരു ടീം ന്യൂസീലാൻഡാണ്. ഇന്ത്യയെ കിവികൾക്ക് പരാജയപ്പെടുത്താമെന്ന് ടെയ്ലർ.

2023 ഏകദിന ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പൂർണ്ണമായ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ സെമിഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. 9 മത്സരങ്ങളിലും വിജയം നേടി ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമി പോരാട്ടത്തിന് എത്തുന്നത്. എന്നാൽ സെമിയിൽ, എന്നെന്നും ഇന്ത്യയ്ക്ക് ഭീഷണിയായിട്ടുള്ള ന്യൂസിലാൻഡാണ് എതിരാളികൾ.

ബുധനാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തുക എന്നതാണ് ഇന്ത്യയ്ക്ക് മുൻപിലുള്ള പ്രാഥമിക ലക്ഷ്യം. എന്നാൽ ഈ ലോകകപ്പിൽ ഇന്ത്യ ഒരു ടീമിനെ ഭയപ്പെടുന്നുണ്ടെങ്കിൽ അത് ന്യൂസിലാൻഡിനെ മാത്രമാണ് എന്നാണ് മുൻ കിവി തരം റോസ് ടെയ്ലർ പറയുന്നത്.

ഒരിക്കലും ഇന്ത്യ ന്യൂസിലാൻഡിനെ നോകൗട്ട് മത്സരത്തിൽ നേരിടാൻ ആഗ്രഹിക്കുന്നില്ല എന്ന് ടെയ്ലർ പറയുന്നു. “4 വർഷങ്ങൾക്കു മുൻപ് ഇന്ത്യ ടൂർണമെന്റിന്റെ സെമിഫൈനലിൽ എത്തിയത് ഏറ്റവും മികച്ച ഫോമിലുള്ള ടീമായാണ്. അന്നും ന്യൂസിലാൻഡ് ഇത്തരത്തിലാണ് സെമിയിലെത്തിയത്. എന്നാൽ ഇത്തവണ ഇന്ത്യ വലിയ ഫേവറേറ്റുകളാണ്.

ഇതുവരെ തങ്ങളുടെ മണ്ണിൽ ഏറ്റവും മികച്ച രീതിയിൽ കളിക്കാൻ ഇന്ത്യക്ക് സാധിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ മികവാർന്ന പോരാട്ടമാണ് കണ്ടത്. എന്നാൽ ഒന്നും നഷ്ടപ്പെടാനില്ലാത്ത ന്യൂസിലാൻഡ് ടീം എപ്പോഴും അപകടകാരികൾ തന്നെയാണ്. ഇന്ത്യൻ ടീം നോകൗട്ട് മത്സരങ്ങളിൽ നേരിടാൻ ഭയപ്പെടുന്ന ഒരേയൊരു ടീം ന്യൂസിലാൻഡ് മാത്രമാണ്.”- ടെയ്ലർ പറയുന്നു.

വാങ്കഡെയിൽ നടക്കുന്ന മത്സരത്തിൽ ടോസ് ഒരു പ്രധാന ഘടകമാവും എന്നാണ് ടെയ്ലർ കരുതുന്നത്. “മത്സരത്തിൽ ടോസ് ഒരു നിർണായക സാന്നിധ്യമാവും. മാത്രമല്ല ന്യൂസിലാൻഡിന് ബാറ്റിങ്ങിലും ബോളിങ്ങിലും മികച്ച തുടക്കങ്ങൾ ലഭിക്കുകയാണെങ്കിൽ, അവർക്കത് നല്ല ആത്മവിശ്വാസം നൽകുകയും, പോരാട്ട വീര്യം നേടിയെടുക്കാൻ സഹായകരമായി മാറുകയും ചെയ്യും. ഇന്ത്യ ബാറ്റ് ചെയ്യുന്ന സമയത്ത് അവരുടെ 2-3 വിക്കറ്റുകൾ ആദ്യ 10 ഓവറുകളിൽ നേടാൻ സാധിച്ചാൽ അത് അവരെ സമ്മർദ്ദത്തിലാക്കും. കാരണം ആദ്യ 3 ബാറ്റർമാരെ ഇന്ത്യ ഒരുപാട് ആശ്രയിക്കുന്നുണ്ട്.”- ടെയ്ലർ കൂട്ടിച്ചേർക്കുന്നു.

“അവർക്ക് ടോപ്പ് 3ൽ ശുഭമാൻ ഗില്ലുണ്ട്. അയാൾ നിലവിൽ ഏകദിനങ്ങളിലെ ഒന്നാം നമ്പർ താരമാണ്. ശേഷം രോഹിത് ശർമയും വിരാട് കോഹ്ലിയും. ഈ മുൻനിരയെ വീഴ്ത്താൻ സാധിക്കുകയാണെങ്കിൽ നമുക്ക് മധ്യനിരയിലേക്ക് കൂടുതൽ സമ്മർദ്ദം ചെലുത്താനാവും. അങ്ങനെ സംഭവിച്ചാൽ കാര്യങ്ങൾ ന്യൂസിലാൻഡിന് അനുകൂലമായി മാറിയേക്കാം”

“. ഇന്ത്യയുടെ ബോളിങ്ങിലും സമാനമായ രീതിയാണുള്ളത്. ബൂമ്ര, സിറാജ്, മുഹമ്മദ് ഷാമി എന്നീ ആയുധങ്ങൾക്കെതിരെ വിക്കറ്റ് കാത്തു സൂക്ഷിച്ചുകൊണ്ട് റൺസ് സ്വന്തമാക്കാൻ ന്യൂസിലാൻഡിന് സാധിക്കണം. അവർ തങ്ങളുടെ ഫോമിലേക്കെത്തിയാൽ അത് വലിയ അപകടമാണ്.”- ടെയ്ലർ പറഞ്ഞു വയ്ക്കുന്നു.

Previous articleസെമിയിൽ രോഹിതിനേക്കാളും കോഹ്ലിയെക്കാളും നിർണായകം അവരുടെ പ്രകടനം. രാഹുൽ ദ്രാവിഡ് പറയുന്നു.
Next articleസെമി ഫൈനലിൽ മഴ പെയ്താൽ ഇന്ത്യ ഫൈനലിലെത്തുമോ? റിസർവ് ദിവസമുണ്ടാവുമോ?