സെമിയിൽ രോഹിതിനേക്കാളും കോഹ്ലിയെക്കാളും നിർണായകം അവരുടെ പ്രകടനം. രാഹുൽ ദ്രാവിഡ് പറയുന്നു.

kl rahul and shreyas iyyer scaled

2023 ഏകദിന ലോകകപ്പിന്റെ ആദ്യ സെമിഫൈനൽ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. ന്യൂസിലാൻഡാണ് മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ. 2019 ഏകദിന ലോകകപ്പിൽ ഇന്ത്യയെ സെമിഫൈനലിൽ ന്യൂസിലാൻഡ് പരാജയപ്പെടുത്തിയിരുന്നു. ഇതിന് പകരം വീട്ടുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഇന്ത്യ വാങ്കഡെയിൽ ഇറങ്ങുന്നത്.

ഇതുവരെ ഈ ലോകകപ്പിൽ 9 മത്സരങ്ങൾ കളിച്ചപ്പോൾ 9 മത്സരങ്ങളിലും വിജയം നേടാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. അതിനാൽ ന്യൂസിലാൻഡിന് എതിരായ മത്സരത്തിലും ഇന്ത്യ ശക്തമായ ഒരു വിജയം സ്വന്തമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ടീമിന്റെ വലിയൊരു കരുത്തിനെ പറ്റി സംസാരിക്കുകയാണ് കോച്ച് രാഹുൽ ദ്രാവിഡ്.

ഇന്ത്യയെ സംബന്ധിച്ച് മധ്യനിരയാണ് തങ്ങളുടെ കരുത്ത് എന്ന രാഹുൽ ദ്രാവിഡ് പറയുന്നു. നെതർലൻഡ്സിനെതിരായ മത്സരത്തിലെ മധ്യനിര ബാറ്റർമാരുടെ പ്രകടനം കൂടി കണക്കിലെടുത്താണ് ദ്രാവിഡ് തന്റെ പ്രസ്താവന അറിയിച്ചത്. “ന്യൂസിലാൻഡിനെതിരായ സെമിഫൈനൽ മത്സരത്തിന് മുൻപ് ഞങ്ങൾക്ക് ആവശ്യത്തിന് വിശ്രമം ലഭിച്ചു. ആറ് ദിവസം വിശ്രമം ലഭിച്ചതിന് ശേഷമായിരുന്നു ഞങ്ങൾ നെതർലൻഡ്സിനെതിരെ ഇറങ്ങിയത്. മത്സരത്തിൽ മികച്ച തുടക്കമാണ് ഞങ്ങൾക്ക് ലഭിച്ചത്. ശേഷം പിന്നീടെത്തിയ ബാറ്റർമാരും മികവ് പുലർത്തി. ഇന്ത്യൻ നിരയിൽ അഞ്ച് ബാറ്റർമാരാണ് അന്ന് അർത്ഥസെഞ്ച്വറി സ്വന്തമാക്കിയത്. ഒപ്പം രണ്ട് സെഞ്ചുറിയും മത്സരത്തിൽ പിറന്നു. അതിനാൽ തന്നെ മധ്യനിരയാണ് ഇന്ത്യയുടെ നിലവിലെ ശക്തി എന്ന് പറയാൻ സാധിക്കും.”- ദ്രാവിഡ് പറയുന്നു.

Read Also -  ഹാരിസ് റോഫ് പന്തിൽ കൃത്രിമം കാട്ടി. ആരോപണവുമായി അമേരിക്കൻ ബോളർ.

“കഴിഞ്ഞ മത്സരങ്ങളിലൊക്കെയും രോഹിത് ശർമയും കോഹ്ലിയും മികച്ച തുടക്കങ്ങളാണ് ഇന്ത്യയ്ക്ക് നൽകിയിട്ടുള്ളത്. എന്നിരുന്നാലും മധ്യനിര ബാറ്റർമാരുടെ പ്രകടനം വളരെ നിർണായകം തന്നെയാണ്. എന്തെന്നാൽ മധ്യനിര ബാറ്റർമാർ എല്ലായിപ്പോഴും സമ്മർദ്ദമേറിയ സാഹചര്യത്തിലാവും ക്രീസിലേക്ക് എത്തുക. അവിടെ നിന്ന് അവർ ഇന്നിങ്സ് കെട്ടിപ്പടുക്കേണ്ടതുണ്ട്. മാത്രമല്ല എല്ലാ മത്സരത്തിലും അവർക്ക് ബാറ്റിംഗ് ലഭിക്കണം എന്നതുമില്ല. “

“പല മത്സരങ്ങളിലും 30 ഓവർ അവസാനിച്ച ശേഷമാവും അവർക്ക് അവസരം ലഭിക്കുക. അപ്പോഴേക്കും പന്ത് കൂടുതൽ മൃദുവാകുന്നു. വിക്കറ്റ് കൂടുതൽ സ്ലോ ആയി മാറും. എന്നാൽ ശ്രേയസും രാഹുലും ജഡേജയും സൂര്യകുമാറും നന്നായി തന്നെ മധ്യ ഓവറുകളിൽ ബാറ്റ് ചെയ്യുന്നുണ്ട്.”- ദ്രാവിഡ് കൂട്ടിച്ചേർക്കുന്നു.

“മധ്യനിര ബാറ്റർമാരുടെ ഈ മികവ് ഞങ്ങൾക്ക് ഒരുപാട് ആത്മവിശ്വാസം നൽകുന്നു. സെമിഫൈനലിലും ഈ ബാറ്റർമാരുടെ ഫോം ഞങ്ങൾക്ക് നിർണായകമാകും എന്നത് ഉറപ്പാണ്.”- ദ്രാവിഡ് പറഞ്ഞു വയ്ച്ചു. 2019 ഏകദിന ലോകകപ്പിലടക്കം ഇന്ത്യയ്ക്ക് വലിയ ഭീഷണിയായി മാറിയത് മധ്യനിര ബാറ്റർരുടെ മോശം പ്രകടനങ്ങളായിരുന്നു.

എന്നാൽ 2023ലേക്ക് വരുമ്പോൾ മധ്യനിര ബാറ്റർമാർ ഇന്ത്യക്കായി മികവ് പുലർത്തുകയുണ്ടായി. എതിർ ടീമിനെയും ഏതുതരത്തിലും സമ്മർദ്ദത്തിലാക്കാൻ ഇന്ത്യയുടെ നിലവിലെ മധ്യനിരയ്ക്ക് സാധിക്കുന്നുണ്ട് എന്നത് ആശ്വാസകരമായ കാര്യമാണ്.

Scroll to Top