ഒരുപാട് നാൾ ഇന്ത്യൻ ആരാധകർ വില്ലനായി കണ്ടിരുന്ന നവീൻ ഒരൊറ്റ ദിവസം കൊണ്ട് ഹീറോയായി മാറിയിരിക്കുകയാണ്. ഏറെ നാളുകൾക്ക് ശേഷം വിരാട് കോഹ്ലിയും നവീൻ ഉൾ ഹക്കും മൈതാനത്ത് ഏറ്റുമുട്ടിയപ്പോൾ രംഗം കൂടുതൽ വഷളാവുമെന്നാണ് ആരാധകരടക്കം കരുതിയത്. എന്നാൽ ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഇരുവരും ചേർന്ന് ഹസ്തദാനവും ആലിംഗനവും ചെയ്ത് പ്രശ്നങ്ങൾ അവസാനിപ്പിച്ചതോടെ നവീനോടുള്ള വിരോധം ഇന്ത്യൻ ആരാധകർ മറന്നിരിക്കുകയാണ്.
അതിനുള്ള വലിയ സൂചന തന്നെയായിരുന്നു അഫ്ഗാനിസ്ഥാന്റെ ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടയിൽ ലഭിച്ചത്. മത്സരത്തിൽ ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലറുടെ വിക്കറ്റ് നവീൻ സ്വന്തമാക്കുകയുണ്ടായി. ഈ സമയത്ത് നവീനെ ആർപ്പുവിളികളോടെയാണ് ഇന്ത്യൻ ആരാധകർ സ്വാഗതം ചെയ്തത്.
ലോക ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായിരുന്നു ഇംഗ്ലണ്ടിന്റെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ നടന്നത്. മത്സരത്തിൽ അഫ്ഗാനിസ്ഥാൻ 285 എന്ന വിജയലക്ഷ്യം ഇംഗ്ലണ്ടിന് മുൻപിലേക്ക് വെച്ചിരുന്നു. എന്നാൽ അത് മറികടക്കാൻ ഇംഗ്ലണ്ടിന് സാധിക്കാതെ വന്നു. വലിയ പ്രതീക്ഷയായിരുന്ന ഇംഗ്ലണ്ടിന്റെ നായകൻ ജോസ് ബട്ലർ പോലും മത്സരത്തിൽ വളരെ മോശം പ്രകടനമാണ് കാഴ്ചവച്ചത്.
കേവലം 9 റൺസ് മാത്രമായിരുന്നു ബട്ലർ മത്സരത്തിൽ നേടിയത്. മത്സരത്തിൽ നവീന്റെ ഒരു തകർപ്പൻ പന്തിലാണ് ജോസ് ബട്ലർ കൂടാരം കയറിയത്. ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 18ആം ഓവറിലാണ് സംഭവം നടന്നത്. സ്റ്റമ്പിന് ഉള്ളിലേക്ക് സിംഗ് ചെയ്ത വന്ന നവീന്റെ പന്തിന്റെ ഗതി നിർണയിക്കാൻ ജോസ് ബട്ലറിന് സാധിച്ചില്ല. ബട്ലറിന്റെ പാഡിന്റെയും ബാറ്റിന്റെയും ഇടയ്ക്കൂടെ ആ സുന്ദരമായ പന്ത് കുറ്റി പിഴുതെറിയുകയായിരുന്നു. മത്സരത്തിൽ അഫ്ഗാനിസ്ഥാന് വലിയൊരു ബ്രേക്കാണ് ഈ വിക്കറ്റ് നൽകിയത്.
ഇതിന് ശേഷമായിരുന്നു നവീൻ ഉൾ ഹക്കിനായി ആർപ്പുവിളിച്ചുകൊണ്ട് ഡൽഹി സ്റ്റേഡിയത്തിലെ ആരാധകർ അണിനിരന്നത്. “നവീൻ നവീൻ” എന്ന ചാന്റുകളുമായി ഡൽഹി സ്റ്റേഡിയം നിറഞ്ഞു. കുറച്ചു ദിവസങ്ങൾക്കു മുൻപ് നവീൻ മൈതാനത്ത് ഇറങ്ങിയപ്പോൾ “കോഹ്ലി കോഹ്ലി” എന്ന് വിളിച്ച് പരിഹാസം ചൊരിഞ്ഞ അതേ ജനക്കൂട്ടം തന്നെ നവീനായി മത്സരത്തിൽ അണിനിരക്കുകയായിരുന്നു. ഇതിന് പ്രധാന കാരണമായി മാറിയത് വിരാട് കോഹ്ലി ഇന്ത്യൻ ആരാധകർക്ക് നൽകിയ നിർദ്ദേശം തന്നെയാണ്.
ഇന്ത്യയുടെ അഫ്ഗാനിസ്ഥാനിതിരായ മത്സരത്തിനിടെ വിരാട് കോഹ്ലി ക്രീസിലെത്തിയതോടെ നവീനെ ഇന്ത്യൻ ആരാധകർ ഗ്യാലറിയിൽ പരിഹസിക്കുകയുണ്ടായി. എന്നാൽ ഈ സമയത്ത് ഇങ്ങനെ ചെയ്യരുത് എന്നാണ് വിരാട് കോഹ്ലി ആരാധകർക്ക് നേരെ ആംഗ്യം കാട്ടിയത്.
ശേഷം അവർ പരിഹാസങ്ങൾ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. അതിന്റെ ബാക്കി തുകയാണ് ഇംഗ്ലണ്ടിന്റെ അഫ്ഗാനിസ്ഥാൻ മത്സരത്തിൽ കാണാൻ സാധിച്ചത്. എന്തായാലും വളരെ നിർണായകമായ ഒരു വിക്കറ്റ് തന്നെയായിരുന്നു നവീൻ മത്സരത്തിൽ സ്വന്തമാക്കിയത്. ഇതിനുശേഷം ഇംഗ്ലണ്ടിനെ പൂർണ്ണമായും തുരത്തിയോടിച്ച് മത്സരത്തിൽ ഒരു വലിയ അട്ടിമറി നടത്താൻ അഫ്ഗാനിസ്ഥാന് സാധിച്ചു.