ഇത്തവണത്തെ ലോകകപ്പ് സെമിഫൈനലിൽ ദയനീയ പ്രകടനം ആയിരുന്നു ഇന്ത്യൻ ടീം പുറത്തെടുത്തത്. കളിയിലെ ഒരു മേഖലയിൽ പോലും മികച്ച് നിൽക്കുവാൻ ഇന്ത്യക്ക് സാധിച്ചില്ല. മത്സരശേഷം ഇന്ത്യൻ ടീമിനെതിരെയും പരിശീലകൻ രാഹുൽ ദ്രാവിഡിനെതിരെയും ഒരുപാട് വിമർശനങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ ഇന്ത്യയുടെ തോൽവിയിൽ രാഹുൽ ദ്രാവിഡിന് പങ്കുണ്ടെന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം.ഡാനിഷ് കനേരിയ ആണ് വിമർശനവുമായി തന്‍റെ യൂട്യൂബ് ചാനലിലൂടെ എത്തിയിരിക്കുന്നത്.
“ടെസ്റ്റ് ക്രിക്കറ്റിൽ രാഹുൽ ദ്രാവിഡ് മഹാനായ കളിക്കാരനാണ്. ആ കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല. ഇന്ത്യയുടെ ടെസ്റ്റ് ടീം പരിശീലകനായി ദ്രാവിഡ് തുടരട്ടെ. പക്ഷേ 20-20 ഫോർമാറ്റിൽ നിന്നും പരിശീലകനായി അദ്ദേഹത്തെ മാറ്റണം. കാരണം ഈ ഫോർമാറ്റിന് ആവശ്യമായ ദൃഢനിശ്ചയമോ, അഗ്രഷനോ ഒന്നും അദ്ദേഹത്തിന് ഇല്ല. ഇവ ഒന്നും ഇല്ലാത്ത ആളാണെങ്കിൽ അത് ഒരിക്കലും ഉണ്ടാവുകയുമില്ല.എങ്ങനെയാണ് സമ്മർദത്തെ നേരിടേണ്ടത് എന്ന് അറിയില്ല.അതിനെല്ലാം കാരണം ദ്രാവിഡ് കളിച്ചിരുന്നത് വളരെയധികം ശാന്തമായ രീതിയിൽ ആയിരുന്നു. ടെസ്റ്റിൽ വൻ മതിൽ സൃഷ്ടിച്ച് ഒരു ദിവസം മുഴുവൻ അദ്ദേഹം ബാറ്റ് ചെയ്തിട്ടുണ്ട്. ട്വൻ്റി 20 വളരെയധികം വേഗതയേറിയ ഗെയിം ആണ്. അതു കൊണ്ടു തന്നെ ദ്രാവിഡിനെ പോലെ ഒരാൾക്ക് ഒട്ടും യോജിപ്പിച്ചതല്ല ഇത്.
ഒരുപാട് സമ്മർദ്ദങ്ങൾ നേരിടേണ്ടി വരുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് അതൊന്നും സാധിക്കുന്നില്ല. മറ്റൊരു വലിയ മണ്ടത്തരവും അദ്ദേഹം കാണിച്ചിട്ടുണ്ട്. ലോകകപ്പിന് മുമ്പ് രണ്ടു മൂന്നു ടീമുകളെ അണിനിരത്തി അദ്ദേഹം ഓരോ പരമ്പരകളിലും പരീക്ഷിച്ചു. പക്ഷേ തയ്യാറെടുപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ല.അതിൻ്റെ ഫലമാണ് ഇന്ത്യൻ ടീം ഈ ലോകകപ്പിലൂടെ നേടിയിരിക്കുന്നത്. ട്വന്റി ട്വന്റിയിലെ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് കാര്യമായി തന്നെ ചിന്തിക്കണം. ഈ ഫോർമാറ്റിൽ പരിശീലകനായി അഗ്രഷനും,ദൃഢനിശ്ചയവും കൂടുതലുള്ള ഒരാളെ കൊണ്ടുവരണം.
ഇന്ത്യയുടെ മുൻ താരങ്ങളായ സേവാഗ്, ധോണി, ഗൗതം ഗംഭീർ തുടങ്ങിയവർ എല്ലാവരും ഈ റോളിൽ യോജിച്ചവരാണ്. ഈ ഫോർമാറ്റിൽ ഇന്ത്യയുടെ വളർച്ചയ്ക്ക് വലിയ പങ്കുവഹിക്കുവാൻ ഗംഭീറിന് സാധിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഈ ടീമിന് വഴി കാണിക്കാൻ അദ്ദേഹത്തിനെ പോലെ ഒരാൾ വരണം. അങ്ങനെ വന്നാൽ ഈ ഫോർമാറ്റ് ഏത് രീതിയിലാണ് കളിക്കേണ്ടതെന്ന് അവർ ഇന്ത്യക്ക് മനസ്സിലാക്കി കൊടുക്കും.
അതിവേഗം പന്ത് അറിയാൻ സാധിക്കുന്ന ഉമ്രാൻ മാലിക്കിനെ ഇന്ത്യ വളർത്തി കൊണ്ടുവരുന്നില്ല. അതിനു വേണ്ടി ഇന്ത്യ ശ്രമിക്കുന്നില്ല. നേരത്തെ തന്നെ പറയുന്ന കാര്യമാണ് ഓസ്ട്രേലിയയിൽ അതിവേഗം പന്ത് എറിയാൻ അറിയുന്ന ബൗളർമാരെ വേണം എന്നത്. അത്തരത്തിലുള്ളവർക്ക് മാത്രമാണ് അവിടെ റിസൾട്ട് ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ. തെവാട്ടിയെയും മുഹമ്മദ് സിറാജിനെയും ലോകകപ്പിന് തയ്യാറാക്കിയിരുന്നെങ്കിൽ ഇന്ത്യയ്ക്ക് നല്ല കാര്യമാകുമായിരുന്നു.
തെവാട്ടിയെ നല്ല രീതിയിൽ കൊണ്ടുവന്നിരുന്നെങ്കിൽ ഇന്ത്യക്ക് മികച്ച ഒരു ഓൾറൗണ്ടറെ ലഭിക്കു മായിരുന്നു. അതുപോലെതന്നെ സൗത്ത് ആഫ്രിക്കക്കെതിരെ ലോകകപ്പിന് മുമ്പായി മികച്ച പ്രകടനം പുറത്തെടുത്ത സിറാജിനെയും ഇന്ത്യ ടീമിൽ എടുത്തില്ല. ഈ ലോകകപ്പിൽ സിറാജിനെ പോലെ വേഗത്തിൽ പന്തറിയാൻ കഴിവുള്ള ആളുകളെ ആയിരുന്നു വേണ്ടിയിരുന്നത്. ഇന്ത്യയുടെ ബൗളിൽ ഈ ലോകകപ്പിൽ വളരെയധികം ദുർബലമായിരുന്നു.”- ഡാനിഷ് കനേരിയ പറഞ്ഞു.