മാര്‍ച്ച് 26 ന് ചെന്നൈ സൂപ്പര്‍ കിംഗ്സും കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സും തമ്മിലുള്ള പോരാട്ടത്തിലൂടെയാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ടൂര്‍ണമെന്‍റ് ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ. ഒരു ഒന്നിംഗ്സില്‍ ഡിആര്‍എസ് റിവ്യൂ രണ്ടായി ഉയര്‍ത്തിയതാണ് പ്രധാന തീരുമാനം.
ഈയിടെ പുതുക്കിയ ക്രിക്കറ്റ് നിയമത്തിലെ നിയമവും ടൂര്‍ണമെന്‍റില്‍ ഉള്‍പ്പെടുത്തും. ഓവറിലെ അവസാന ബോള്‍ ഒഴിച്ച്, ബാക്കി ബോളുകളില്‍ ഒരു ബാറ്റര്‍ ഔട്ടായാല്‍ അടുത്ത ബാറ്റര്‍ സ്ട്രൈക്ക് എന്‍ഡില്‍ വരണം എന്നുള്ള പുതിയ നിയമമാണ് ഐപിഎല്ലില്‍ ഉള്‍പ്പെടുത്തുക. കോവിഡ് കാരണം ഏതെങ്കിലും ടീമില്‍ കളിക്കാന്‍ ആളില്ലെങ്കില്‍ തീരുമാനം എടുക്കുക ഐപിഎല്‍ ടെക്നിക്കല്‍ ടീമായിരിക്കും. ഇവരുടെ തീരുമാനം അന്തിമമായിരിക്കും.
പ്ലേ ഓഫ്, ഫൈനല്‍ എന്നിവ ടൈയായാല്‍ സൂപ്പര്‍ ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലീഗ് ഘട്ടത്തില്‍ മുന്‍പിലെത്തിയ ടീമിനെ വിജയിയായി പ്രഖ്യാപിക്കും. ഈ മാറ്റങ്ങള്‍ ബിസിസിഐ ഉടനെ തന്നെ പ്രഖ്യാപിക്കും. പ്ലേയോഫ് മത്സരങ്ങള്‍ വേറെ സ്റ്റേഡിയങ്ങളില്‍ നടത്താനുള്ള പൂര്‍ണ്ണ അധികാരം ബിസിസിഐക്ക് ഉണ്ട് എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഇതനുസരിച്ച് പ്ലേയോഫ് – ഫൈനല്‍ മത്സരങ്ങള്‍ അഹമ്മദാബാദില്‍ നടക്കാനാണ് സാധ്യത.
മാര്‍ച്ച് 26 ന് കൊല്‍ക്കത്താ ചെന്നൈ പോരാട്ടത്തിലൂടെയാണ് ടൂര്‍ണമെന്‍റ് ആരംഭിക്കുക. ഇത്തവണ രണ്ട് ടീമുകള്‍ കൂടി എത്തുന്നതിനാല്‍ പോരാട്ടം കനക്കും.