ഐപിൽ പതിനഞ്ചാം സീസണിലെ മറ്റൊരു തോൽവിയുമായി പോയിന്റ് ടേബിളിൽ വീണ്ടും തിരിച്ചടി നേരിട്ട് രോഹിത് ശർമ്മയും ടീമും. ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് മുംബൈയെ മൂന്നാം തോൽവിയിലേക്ക് തള്ളിയിട്ടത്. ഒരുവേള ജയം മുന്നിൽക്കണ്ട മുംബൈക്ക് എതിരെ അതിവേഗ ഫിഫ്റ്റിയുമായി മത്സരം കൊൽക്കത്തക്ക് അനുകൂലമാക്കി മാറ്റിയത് പേസർ പാറ്റ് കമ്മിൻസാണ്.
വെറും 15 ബോളിൽ 56 റൺസ് അടിച്ച കമ്മിൻസ് 5 വിക്കറ്റ് ജയമാണ് കൊൽക്കത്തക്ക് സമ്മാനിച്ചത്. തോൽവിയിൽ വളരെ നിരാശനായ ക്യാപ്റ്റൻ രോഹിത് ശർമ്മ തന്റെ വിഷമം വെളിപ്പെടുത്തി. മത്സരശേഷം തോൽവിക്കുള്ള കാരണം വെളിപ്പെടുത്തിയ രോഹിത് ശർമ്മ പാറ്റ് കമ്മിൻസ് ഇങ്ങനെ ഒരു ഇന്നിങ്സ് കളിക്കുമെന്ന് കരുതിയില്ലയെന്നും തുറന്ന് പറഞ്ഞു.
“തീർച്ചയായും എല്ലാ ക്രെഡിറ്റും കമ്മിൻസിന് തന്നെയാണ്.മത്സരം പുരോഗമിക്കുന്തോറും ബാറ്റിങ് കൂടുതൽ എളുപ്പമായി. എങ്കിലും ഞങ്ങൾ പതിനാലാം ഓവർ വരെ ജയത്തിന്റെ അരികിലായിരുന്നു. എന്നാൽ കമ്മിൻസ് ഈ ഇന്നിങ്സിൽ കൂടി ഞങ്ങളുടെ പ്ലാനുകൾ എല്ലാം തകർത്ത് കളഞ്ഞു.തീർച്ചയായും ഞങ്ങൾക്ക് ധാരാളം കാര്യങ്ങളിൽ മുന്നേറണം. ബൗളിംഗ് ഡിപ്പാർട്മെന്റിൽ പ്രത്യേകിച്ചും.ഈ ഒരു മത്സരത്തിന് മുൻപായി ഞങ്ങൾ ധാരാളം കഠിന അധ്വാനം ചെയ്തിരുന്നു. എങ്കിലും ഈ തോൽവി ഉൾകൊള്ളുക അൽപ്പം പ്രയാസം തന്നെയാണ് ” രോഹിത് ശർമ്മ തുറന്ന് പറഞ്ഞു.
അതേസമയം പ്രസ്സ് മീറ്റ് സമയം വളരെ അധികം ദേഷ്യത്തിൽ കാണപ്പെട്ട ക്യാപ്റ്റൻ രോഹിത് ശർമ്മ ഒരിക്കലും താൻ ഇത്തരം ഒരു മോശം സാഹചര്യത്തിൽ നിൽക്കാൻ ആഗ്രഹിക്കുന്നില്ല എന്നും വിശദമാക്കി. ക്യാപ്റ്റൻ രോഹിത് ശർമ്മ അവതാരകന്റെ ചോദ്യങ്ങൾക്ക് മത്സര ശേഷം അഭിസംബോധന നടത്തുന്ന സമയത്തിൽ അവതാരകന്റെ ഓഡിയോ കേൾക്കുന്നില്ലെന്നും ശബ്ദം കൂട്ട് എന്നും ടെക്‌നിഷ്യനോട് വളരെ ദേഷ്യ ഭാവത്തിൽ പറയുന്നത് കാണുവാൻ സാധിച്ചു. ഇതിന്റെ വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കഴിഞ്ഞു.