നെതര്‍ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനു വിജയം. 314 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ നെതര്‍ലന്‍റിന് നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സില്‍ എത്താനാണ് കഴിഞ്ഞത്. 16 റണ്‍സ് വിജയവുമായി മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ മുന്നിലെത്തി. മത്സരത്തില്‍ തോല്‍വി നേരിട്ടെങ്കിലും മികച്ച ക്രിക്കറ്റാണ് നെതര്‍ലന്‍റ് കാഴ്ച്ച വച്ചത്. ഫുള്‍ സ്ട്രെങ്ങ്ത്ത് ടീമുമായി എത്തിയ പാക്കിസ്ഥാനെ വിറപ്പിക്കാന്‍ രണ്ടാം നിര ടീമായ നെതര്‍ലന്‍റിന് സാധിച്ചു. ഹണ്‍ട്രഡ് ലീഗും ഇംഗ്ലണ്ട് കൗണ്ടി മത്സരങ്ങളും നടക്കുന്നതിനാല്‍ പ്രധാന താരങ്ങള്‍ ഇല്ലാതെയാണ് നെതര്‍ലന്‍റ് കളിച്ചത്. സ്കോര്‍ – പാക്കിസ്ഥാന്‍ – 314/6 നെതര്‍ലന്‍റ് – 298/8
വിജയലക്ഷ്യവുമായി ഇറങ്ങിയ നെതര്‍ലന്‍റിന് 62 റണ്‍സ് എടുക്കുന്നതിനിടെ 3 വിക്കറ്റ് നഷ്ടമായിരുന്നു. പിന്നീട് ഒത്തുചേര്‍ന്ന കൂപ്പര്‍ – വിക്രംജീത്ത് സംഖ്യമാണ് ടീമിനെ കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 97 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തി. 54 പന്തില്‍ 6 ഫോറും 2 സിക്സും സഹിതം ടോം കൂപ്പര്‍ 65 റണ്‍സ് നേടി അതിവേഗം കളിച്ചപ്പോള്‍ 65 റണ്‍സ് നേടാന്‍ വിക്രംജീത്തിന് 98 പന്ത് വേണ്ടി വന്നു.
ഇതിനു ശേഷം സ്കോട്ട് എഡ്വേഡ്സാണ് ടീമിനെ നയിച്ചത്. തേജ (15) വാന്‍ ബീക്ക് (28) എന്നിവരുമായി സ്കോട്ട് അര്‍ദ്ധസെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തി. അവസാന 5 ഓവറില്‍ 59 റണ്‍സായിരുന്നു നെതര്‍ലന്‍റിനു വേണ്ടിയിരുന്നത്. അവസാനം വരെ സ്കോട്ട് എഡ്വേഡ്സ് ക്രീസില്‍ ഉണ്ടായിരുന്നെങ്കിലും 16 റണ്‍ അകലെയായിരുന്നു വിജയലക്ഷ്യം. 60 പന്തില്‍ 71 റണ്‍സായിരുന്നു സ്കോട്ട് എഡ്വേഡ്സ് നേടിയത്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണ് നേടിയത്. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഫഖര്‍ സമ്മാനും ബാബര്‍ അസമും ചേര്‍ന്ന് ഒരുക്കിയ 168 റണ്‍സാണ് പാക്കിസ്ഥാന് അടിത്തറയായത്. കരിയറിലെ ഏഴാം ഏകദിന സെഞ്ചുറി നേടിയ ഫഖര്‍ സമാന്‍ 109 റണ്‍സ് നേടി.
ബാബര്‍ അസം 74 റണ്‍സ് നേടി. തുടര്‍ച്ചയായ വിക്കറ്റുകള്‍ വീഴ്ത്തി നെതര്‍ലന്‍റ് മത്സരത്തിലേക്ക് തിരിച്ചു വരാന്‍ ശ്രമിച്ചെങ്കിലും ഷഡബ് ഖാന്‍റെ വെടിക്കെട്ട് പ്രകടനം പാക്കിസ്ഥാനെ 300 കടത്തി. 28 പന്തില്‍ 4 ഫോറും 2 സിക്സും സഹിതം 48 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം. 16 പന്തില്‍ 27 റണ്ണുമായി അഖ സല്‍മാന്‍ പിന്തുണ്ണ നല്‍കി. അവസാന 8 ഓവറില്‍ 88 റണ്‍സാണ് പാക്കിസ്ഥാന്‍ അടിച്ചെടുത്തത്.