ഇന്ത്യയുടെ ലീഗ് റൗണ്ടിലെ അവസാന മത്സരം നടക്കുന്നത് നെതർലൻഡ്സിനെതിരെയാണ്. ഞായറാഴ്ച ബാംഗ്ലൂർ സ്റ്റേഡിയത്തിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഈ ലോകകപ്പിൽ 8 മത്സരങ്ങൾ കളിച്ചപ്പോൾ എല്ലാ മത്സരങ്ങളിലും വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ നെതർലാൻഡ്സിനെ സംബന്ധിച്ച് ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ നടത്തിയ അട്ടിമറി ഒഴിച്ചാൽ ഓർത്തുവയ്ക്കാൻ മറ്റൊന്നുമില്ല.
ഈ സാഹചര്യത്തിൽ ഇന്ത്യ പോലെ ശക്തമായ ഒരു ടീമിനെതിരെ ഞായറാഴ്ച മൈതാനത്ത് ഇറങ്ങുമ്പോൾ നെതർലാൻഡ്സ് ടീമിന്റെ പ്രതീക്ഷയെ സംബന്ധിച്ച് സംസാരിക്കുകയാണ് ബാറ്റർ തേജ നിദാമനുരു. മത്സരത്തിൽ ഇന്ത്യയെ പരാജയപ്പെടുത്താൻ സാധിക്കുമെന്ന ശക്തമായ വിശ്വാസം തങ്ങൾക്കുണ്ട് എന്നാണ് തേജ പറയുന്നത്.
എല്ലായിപ്പോഴും അട്ടിമറികൾ ഉണ്ടാക്കാൻ സാധിക്കുന്ന ടീമാണ് നെതർലാൻഡ്സ് എന്നും തേജ പറയുകയുണ്ടായി. ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിലെ 160 റൺസിന്റെ വമ്പൻ പരാജയത്തിന് ശേഷമാണ് തേജയുടെ ഈ അഭിപ്രായ പ്രകടനം. “തീർച്ചയായും ഞങ്ങൾ കളിക്കാൻ പോകുന്നത് ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച ടീമിനെതിരെയാണ്. ഇന്ത്യ തന്നെയാണ് പോയിന്റ്സ് ടേബിളിൽ ഏറ്റവും മുകളിലുള്ളത്. ഇത് ഞങ്ങൾക്ക് ഒരുപാട് ആവേശം നൽകുന്നു. ഞങ്ങളെ സംബന്ധിച്ച് ഇത് മറ്റൊരു അവസരം കൂടിയാണ്.
മൈതാനത്ത് എത്തുമ്പോഴൊക്കെയും ഞങ്ങൾ ശ്രമിക്കുന്നത് ഞങ്ങളുടെ മുഴുവൻ കഴിവുകളും പുറത്തെടുത്ത് മത്സരത്തിൽ വിജയം നേടാനാണ്. ലോകകപ്പിലെത്താൻ ഞങ്ങൾ ഒരുപാട് കഠിനാധ്വാനം ചെയ്തു. അതു തന്നെയാണ് ലോകകപ്പിലും ഞങ്ങൾ ശ്രമിക്കുന്നത്. ഒരു മത്സരം പോലും ഞങ്ങൾ നിസ്സാരമായി കാണുകയോ കഠിനമായി കാണുകയോ ഇല്ല. ഞായറാഴ്ച ഇന്ത്യക്കെതിരെ വളരെ മികച്ച ഒരു പോരാട്ടം പുറത്തെടുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.”- തേജ പറയുന്നു.
നിർണായക മത്സരത്തിൽ ഇന്ത്യയെ പരാജയപ്പെടുത്താൻ സാധിക്കുമോ എന്ന ചോദ്യത്തിന് തേജയുടെ മറുപടി ഇങ്ങനെയായിരുന്നു. “ഇത് ക്രിക്കറ്റ് ഗെയിമാണ്. അതുകൊണ്ട് തന്നെ ഇവിടെ എല്ലാം പ്രായോഗികമാണ്. ഞങ്ങൾ ഞങ്ങളുടേതായ ബ്രാൻഡ് ഓഫ് ക്രിക്കറ്റാണ് ലോകകപ്പിൽ പുറത്തെടുക്കുന്നത്. അത് ഞങ്ങൾക്ക് നന്നായി ചെയ്യാൻ സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. ബോളിങ്ങിൽ ഞങ്ങൾക്ക് നല്ല താരങ്ങളുണ്ട്. സ്പിന്നിനെതിരെ കളിക്കാൻ സാധിക്കുന്ന നല്ല ബാറ്റർമാരും ഞങ്ങളുടെ നിരയിലുണ്ട്.
നിർണായക സമയത്ത് വിക്കറ്റുകൾ വീഴ്ത്താൻ സാധിക്കുന്ന താരങ്ങളും ഇലവനിലുണ്ട്. ഇതിനൊപ്പം ഭാഗ്യം കൂടെ പിന്തുണയ്ക്കണം. ഇന്ത്യ ഈ ലോകകപ്പിലെ ഏറ്റവും ശക്തമായ ടീമാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അവർ ഇതുവരെ വളരെ മികച്ച ക്രിക്കറ്റാണ് കളിച്ചിട്ടുള്ളത്. എന്നിരുന്നാലും ക്രിക്കറ്റിൽ ചില സമയത്ത് തമാശ നിറഞ്ഞ കാര്യങ്ങൾ സംഭവിക്കാറുണ്ട്.”- തേജ കൂട്ടിച്ചേർക്കുന്നു.
ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറി ഉണ്ടാക്കിയ ടീമാണ് നെതർലാൻഡ്സ്. 2022 ട്വന്റി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയായിരുന്നു നെതർലൻഡ്സ് ആദ്യം അത്ഭുതം സൃഷ്ടിച്ചത്. ശേഷം 2023 ഏകദിന ലോകകപ്പിൽ ധർമശാലയിൽ ദക്ഷിണാഫ്രിക്കയെ വീണ്ടും പരാജയപ്പെടുത്താൻ ഡച്ച് പടയ്ക്ക് സാധിച്ചു. അതിനാൽ നെതർലൻഡ്സിനെതിരായ മത്സരവും ഇന്ത്യ ലളിതമായി കാണാൻ സാധ്യതയില്ല