ഒക്ടോബറിൽ ഓസ്ട്രേലിയയിൽ വച്ച് നടക്കുന്ന ട്വന്റി-ട്വന്റി ലോകകപ്പ് തുടങ്ങുവാൻ ഇനി ഒരു മാസം കൂടി മാത്രമേ ബാക്കിയുള്ളൂ. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ 16ന് മുമ്പ് 15 അംഗ ടീമിനെ പ്രഖ്യാപിക്കണമെന്ന് ഐസിസിയുടെ നിർദ്ദേശം ഉള്ളതിനാലും,ലോകകപ്പിനു മുമ്പായിട്ടുള്ള ഓസ്ട്രേലിയക്കെതിരായ 20-20 പരമ്പര ഉള്ളതിനാലും രണ്ടു ആവശ്യങ്ങൾക്കും വേണ്ടിയുള്ള ടീമിനെ ആയിരിക്കും സെലക്ടർമാർ പ്രഖ്യാപിക്കുക.
ഇപ്പോൾ ഇതാ ലോകകപ്പിന് മുമ്പായി ഇന്ത്യൻ ഔദ്യോഗിക ടീമിനെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തൻ്റെ 15 അംഗ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റ. ഐസിസിയുടെ പ്രതിമാസ അവലോകനത്തിലാണ് നെഹ്റ തന്റെ 15 അംഗ ടീമിനെ തിരഞ്ഞെടുത്തത്. നായകനായ രോഹിത് ശർമയും രാഹുലും ആണ് നെഹ്റയുടെ ടീമിലെ ഓപ്പണർമാർ. ലോകകപ്പിന് മുമ്പായി നടക്കുന്ന ഓസ്ട്രേലിയക്കെതിരെയും ദക്ഷിണാഫ്രിക്കെതിരെയും ആയ പരമ്പരകളിൽ രാഹുൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും നെഹ്റ പറഞ്ഞു.
ഏഷ്യാകപ്പിലൂടെ മികച്ച ഫോമിലേക്ക് തിരിച്ചെത്തിയ വിരാട് കോഹ്ലി മൂന്നാം സ്ഥാനത്തും സൂര്യകുമാർ യാദവ് നാലാം സ്ഥാനത്തും ഇറങ്ങും. അഞ്ചും ആറും സ്ഥാനങ്ങളിൽ താൻ പരിശീലിപ്പിക്കുന്ന ഐപിഎൽ ടീമിലെ നായകനായ ഹർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ഇറങ്ങും. ടീമിലെ പേസർമാരായി സ്ഥാനം നേടിയിരിക്കുന്നത് യുവതാരം അർഷദീപ് സിംഗ്,ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ,ഹർഷൽ പട്ടേൽ എന്നിവരാണ്. അശ്വിനും ചഹലും ആണ് സ്പിന്നർമാരായി നെഹ്റയുടെ ടീമിൽ സ്ഥാനം നേടിയിരിക്കുന്നത്.
തൻ്റെ ഐപിഎൽ ടീമിന് വേണ്ടി പേസ് ആക്രമണം നയിച്ച മുഹമ്മദ് ഷമിയെയും ദീപക് ചഹാറിനെയും തൻ്റെ ടീമിൽ നിന്ന് പുറത്താക്കിയത് ശ്രദ്ധേയമാണ്. ഏഷ്യാകപ്പിലെ ഇന്ത്യയുടെ മോശം പ്രകടനത്തിനുശേഷം ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മുഹമ്മദ് ഷമിയെ എന്തായാലും ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുന്നതിനിടയിലാണ് നെഹ്റ തന്റെ ടീമിൽ നിന്നും താരത്തെ തഴഞ്ഞത്. ഷമിയെ ടീമിൽ ഉൾപ്പെടുത്താത്തതിനുള്ള വിശദീകരണമായി അദ്ദേഹം ടെസ്റ്റ് ബൗളർ ആയാണ് കണക്കാക്കുന്നത് എന്നായിരുന്നു നെഹ്റ പറഞ്ഞത്. ഫിനിഷർന്മാരായി ദിനേഷ് കാർത്തികിനെയും ദീപക് ഹൂഡയെയും ടീമിൽ ഉൾപ്പെടുത്തിയ താരം ഇതുവരെയും 20-20യിൽ ഫോമിലല്ലാത്ത പന്തിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.