24ാം വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് നവീൻ ഉൾ ഹഖ്. കോഹ്ലിയുമായുള്ള വാക്പോരിന്റെ പേരിൽ ശ്രദ്ധ നേടിയവൻ.

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാൻ പേസർ നവീൻ ഉൾ ഹക്ക്. 2023 ഏകദിന ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റിൽ നിന്ന് താൻ വിട പറയും എന്നാണ് നവീൻ പറഞ്ഞത്. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് 24കാരനായ നവീൻ വിരമിക്കൽ പ്രഖ്യാപിച്ചത്. തന്റെ അന്താരാഷ്ട്ര കരിയറിൽ കൂടുതൽ ഗുണങ്ങളുണ്ടാവാൻ ആണ് ഏകദിന മത്സരങ്ങളിൽ നിന്ന് ഇപ്പോൾ വിരമിക്കൽ പ്രഖ്യാപിക്കുന്നത് എന്നാണ് നവീൻ ഉൽ ഹക്ക് പറഞ്ഞത്. എന്നിരുന്നാലും ഇത് അത്ര അനായാസമായ തീരുമാനമായിരുന്നില്ലയെന്നും നവീൻ പറയുകയുണ്ടായി. അതി വൈകാരികമായ പോസ്റ്റിലൂടെ ആയിരുന്നു നവീൻ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്.

“എന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് ഏകദിന മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിച്ചത് വലിയ അംഗീകാരമായാണ് ഞാൻ കാണുന്നത്. ഇത്തവണത്തെ ലോകകപ്പിന് ശേഷം ഞാൻ ഏകദിന ഫോർമാറ്റിൽ നിന്ന് വിരമിക്കുകയാണ്. എന്നിരുന്നാലും ട്വന്റി20 ക്രിക്കറ്റിൽ എന്റെ രാജ്യത്തെ ഞാൻ പ്രതിനിധീകരിക്കും. എന്റെ രാജ്യത്തിന്റെ നീല ജേഴ്സി ഞാൻ ട്വന്റി20 ക്രിക്കറ്റിൽ അണിയും. ഇത് അത്ര അനായാസകരമായ തീരുമാനം ആയിരുന്നില്ല. എന്നിരുന്നാലും എന്റെ കരിയറിൽ കൂടുതൽ മുൻപോട്ട് പോകണമെങ്കിൽ ഇത്തരം പ്രയാസകരമായ തീരുമാനങ്ങൾ എടുക്കേണ്ടിയിരുന്നു. ഞാൻ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് നന്ദി പറയുകയാണ്. ഒപ്പം എന്റെ ആരാധകരോടും എന്നെ പിന്തുണച്ച എല്ലാവരോടും ഞാൻ സ്നേഹം അറിയിക്കുന്നു.”- നവീൻ പറഞ്ഞു.

തന്റെ അഫ്ഗാനിസ്ഥാൻ ജേഴ്സിയുടെ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്തു കൊണ്ടായിരുന്നു നവീന്റെ വിരമിക്കൽ പ്രഖ്യാപനം. അഫ്ഗാനിസ്ഥാന്റെ ഏഷ്യാകപ്പിനുള്ള സ്ക്വാഡിൽ നവീൻ ഉൾ ഹക്ക് അംഗമായിരുന്നില്ല. ശേഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിലേക്ക് അഫ്ഗാനിസ്ഥാൻ നവീനെ ഉൾപ്പെടുത്തിയിരുന്നു. ഒക്ടോബർ 5നാണ് ലോകകപ്പ് ആരംഭിക്കുന്നത്. അഫ്ഗാനിസ്ഥാൻ ടീമിന് പുറമേ ലോകത്താകമാനമുള്ള ഫ്രാഞ്ചൈസി ലീഗിൽ ടീമുകളുടെ നിറസാന്നിധ്യമാണ് 24കാരനായ നവീൻ ഉൾ ഹക്ക്. മുൻപ് ഇന്ത്യൻ പ്രീമിയർ ലീഗിൽ വിരാട് കോഹ്ലിയുമായി മൈതാനത്ത് വയ്ച്ചുണ്ടായ വാക്കേറ്റത്തിന്റെ പേരിൽ നവീൻ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ഇതുവരെ ഏകദിന കരിയറിൽ കേവലം 7 മത്സരങ്ങൾ മാത്രമാണ് നവീൻ കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 14 വിക്കറ്റുകൾ സ്വന്തമാക്കാനും നവീന് സാധിച്ചിട്ടുണ്ട്. 25 റൺസ് ശരാശരിയിലാണ് നവീന്റെ ഈ വിക്കറ്റ് നേട്ടം. 2016ൽ ബംഗ്ലാദേശിനെതിരെ മിർപ്പൂരിൽ ആയിരുന്നു നവീൻ ആദ്യമായി അഫ്ഗാനിസ്ഥാന്റെ നീല ജേഴ്സി അണിഞ്ഞത്. 2021ൽ അബുദാബിയിൽ വച്ച് അയർലണ്ടിനെതിരെ ആയിരുന്നു നവീന്റെ അവസാന ഏകദിന മത്സരം നടന്നത്. എന്തായാലും ഇത്ര ചെറുപ്രായത്തിൽ നവീന്റെ ഈ വിരമിക്കൽ അഫ്ഗാനിസ്ഥാൻ ടീമിനെ ഞെട്ടിക്കും എന്ന കാര്യത്തിൽ സംശയമില്ല.

Previous articleലോകകപ്പ് സ്‌ക്വാഡിലേക്ക് സൂപ്പര്‍ താരത്തിന്‍റെ മാസ്സ് എൻട്രി. കരിയറിലെ മൂന്നാം ഏകദിന ലോകകപ്പ്.
Next articleഒഴിവാക്കിയിട്ടും ലോകകപ്പിൽ സഞ്ജു തരംഗം. ശതാബ് ഖാനൊപ്പം വേദി പങ്കിട്ട് താരം.