ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനിടെ ഒരുപാട് രസകരമായ സംഭവങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇതിൽ ഏറ്റവും ഹൃദയസ്പർശിയായത് വിരാട് കോഹ്ലിയും നവീൻ ഉൾ ഹക്കും തമ്മിലുണ്ടായ നിമിഷങ്ങളായിരുന്നു. മുൻപ് ഇരുവരും തമ്മിൽ 2023 ഐപിഎൽ സമയത്ത് മൈതാത്ത് വാക്പോര് ഉണ്ടായിരുന്നു. ഇതിനുശേഷം സാമൂഹ്യ മാധ്യമങ്ങളിലടക്കം ഇരുവരും തമ്മിൽ ഏറ്റുമുട്ടുകയുണ്ടായി. അതിനാൽ തന്നെ ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഏറ്റവുമധികം ആളുകൾ ഉറ്റുനോക്കിയത് നവീൻ ഉൾ ഹക്കും വിരാട് കോഹ്ലിയും തമ്മിലുള്ള പെരുമാറ്റം തന്നെയാണ്. ഡൽഹി മൈതാനത്ത് വിരാട് കോഹ്ലിയുടെ പിന്നിൽ അണിനിരന്നത് കൊണ്ട് തന്നെയാണ് ഇന്ത്യൻ ആരാധകർ നവീൻ ഉൾ ഹക്കിനെ മൈതാനത്തേക്ക് സ്വീകരിച്ചത്.
മത്സരത്തിൽ നവീൻ ബാറ്റിംഗിനായി മൈതാനത്തെത്തിയ സമയത്ത് ‘കോഹ്ലി കോഹ്ലി’ എന്ന ആർപ്പുവിളിച്ചുകൊണ്ട് കോഹ്ലി ആരാധകർ നവീനെ ട്രോളുകയുണ്ടായി. ഇന്ത്യൻ പ്രീമിയർ ലീഗൽ ഉണ്ടായ സംഭവങ്ങളുടെ ബാക്കി പത്രമാണ് മത്സരത്തിലും കാണാൻ സാധിച്ചത്. പിന്നീട് ഇന്ത്യയുടെ ബാറ്റിംഗ് സമയത്തും നവീനെതിരെ ഇന്ത്യൻ ആരാധകർ ട്രോളുകൾ ആരംഭിച്ചിരുന്നു. വിരാട് കോഹ്ലി ക്രീസിൽ എത്തിയതോടെ ഇത് അധികമായി മാറി. എന്നാൽ നവീൻ ബോളിംഗ് ക്രീസിലെത്തിയ ഉടനെ ആരാധകർ കോഹ്ലി എന്ന ആർപ്പുവിളിച്ചുകൊണ്ട് നവീനെ കളിയാക്കിയത് വിരാട്ടിന് ഇഷ്ടമായില്ല.
ആരാധകരോട് ഇങ്ങനെ ചെയ്യരുത് എന്നാണ് വിരാട് കോഹ്ലി ആംഗ്യഭാഷയിൽ മൈതാനത്ത് നിന്ന് കാട്ടിയത്. മാത്രമല്ല മത്സരത്തിൽ രോഹിത് ശർമ പുറത്തായ ശേഷം ഇരുവരും തമ്മിൽ അടുത്തു കാണുകയും, പരസ്പരം ഹസ്തദാനം നൽകുകയും ചെയ്തിരുന്നു. ഇരുവരും ചിരിച്ച മുഖത്തോടെ തന്നെയാണ് മൈതാനത്ത് ഉണ്ടായിരുന്നത്. അതിനാൽ തന്നെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ചു എന്നതാണ് വസ്തുത. എന്തായാലും ഈ വിഷയത്തിന് വലിയൊരു പരിഹാരമാണ് മത്സരത്തിലൂടെ ഉണ്ടായിരിക്കുന്നത്.
വിരാട്ടും നവീനും പരസ്പരം ഹസ്തദാനം നൽകിയ സമയത്ത് കമന്ററി ബോക്സിൽ രവി ശാസ്ത്രി പറഞ്ഞത് ഇങ്ങനെയായിരുന്നു. “രോഹിത് ശർമ പുറത്തായ സമയത്ത് മൈതാനത്ത് ഒരു നല്ല കാര്യം നടന്നു. നവീൻ ഉൾ ഹക്കും വിരാട് കോഹ്ലിയും തമ്മിൽ ഹസ്തദാനം നൽകി. അത് വളരെ നല്ലൊരു കാര്യമാണ്. ആരാധകർക്ക് പോലും അത് ഒരുപാട് ഇഷ്ടപ്പെട്ടിരിക്കണം. ഇത്തരത്തിലുള്ള അംഗവിക്ഷേപങ്ങൾ മൈതാനത്ത് കാണുമ്പോൾ അഭിമാനമാണ്.”- രവിശാസ്ത്രി പറഞ്ഞു.