ലോകകപ്പിലെ ഓരോ സെഞ്ച്വറിയും എനിക്ക് സ്പെഷ്യലാണ്. തന്റെ പ്രകടനത്തെപ്പറ്റി രോഹിത് ശർമ്മ

rohit sharma vs afghan 2023

അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ ഏകദിന ലോകകപ്പ് മത്സരത്തിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ കാഴ്ചവച്ചത്. മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ബോളർമാരെ പൂർണമായും പഞ്ഞിക്കിട്ടായിരുന്നു രോഹിത് തന്റെ തകർപ്പൻ സെഞ്ച്വറി നേടിയത്. 273 എന്ന വിജയലക്ഷം പിന്തുടർന്നിറങ്ങിയ ഇന്ത്യക്കായി ഒരു സ്വപ്നതുല്യ തുടക്കം നൽകാൻ രോഹിത്തിന് സാധിച്ചു.

മത്സരത്തിൽ 84 പന്തുകളിൽ നിന്ന് 131 റൺസാണ് ഇന്ത്യൻ നായകൻ നേടിയത്. 16 ബൗണ്ടറികളും 5 സിക്സറുകളും രോഹിത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടിരുന്നു. മത്സരത്തിലെ തന്റെ പ്രകടനത്തെ രോഹിത് ശർമ സംസാരിക്കുകയുണ്ടായി.

മത്സരത്തിലെ വിക്കറ്റിനെ പൂർണമായും മനസ്സിലാക്കിയ ശേഷമാണ് താൻ ബാറ്റിംഗ് പ്രകടനം നടത്തിയത് എന്ന് രോഹിത് ശർമ പറയുന്നു. “ഇത് ബാറ്റിംഗിനെ അനുകൂലിക്കുന്ന ഒരു പിച്ചാണ്. അതിനാൽ തന്നെ എന്റെ സ്വതസിദ്ധമായ രീതിയിൽ കളിക്കാനാണ് ഞാൻ ശ്രമിച്ചത്. മാത്രമല്ല ഒരു തവണ പിച്ചിനെ പറ്റി മനസ്സിലാക്കിയാൽ പിന്നീട് കാര്യങ്ങൾ എളുപ്പമായിരിക്കും എന്നും എനിക്ക് തോന്നി. ഇക്കാര്യങ്ങളൊക്കെയും ഞാൻ ഒരുപാട് നാളുകളായി ശ്രദ്ധിക്കുന്നതാണ്. ലോകകപ്പിൽ ഒരു സെഞ്ച്വറി നേടുക എന്നത് എന്നെ സംബന്ധിച്ച് വലിയ സ്പെഷ്യലാണ്. അതിൽ അതിയായ സന്തോഷമുണ്ട്.”- രോഹിത് ശർമ പറയുന്നു.

Read Also -  "നരെയ്നെതിരെ സിംഗിൾ നേടി , ബാക്കിയുള്ള ബോളർമാരെ ആക്രമിയ്ക്കുക "- തന്ത്രം വ്യക്തമാക്കി ശശാങ്ക് സിംഗ്.

മൂന്ന് ലോകകപ്പുകളിൽ നിന്ന് 7 സെഞ്ച്വറികളാണ് രോഹിത് ശർമ നേടിയിട്ടുള്ളത്. ഇതിനെപ്പറ്റി ചോദിച്ചപ്പോൾ രോഹിത് ശർമ്മയുടെ മറുപടി ഇങ്ങനെയായിരുന്നു. “ഞാൻ അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ കൂടുതൽ ചിന്തിക്കുന്നില്ല. എന്റെ ശ്രദ്ധ അതിലേക്ക് ഒരിക്കലും പോയിട്ടില്ല. എല്ലായിപ്പോഴും നമുക്ക് ലഭിക്കുന്ന അവസരങ്ങൾ മുതലാക്കാനാണ് ശ്രമിക്കേണ്ടത്. അത് മികച്ച രീതിയിൽ മുതലാക്കിയാൽ വിജയിക്കാൻ സാധിക്കും. ഇന്ന് ഞാൻ കളിച്ച ചില ഷോട്ടുകൾ പരീക്ഷണങ്ങളായിരുന്നു. അത് വിജയകരമായി നടത്താൻ എനിക്ക് സാധിച്ചു.”- രോഹിത് കൂട്ടിച്ചേർത്തു.

“ടീമിന് മികച്ച തുടക്കം നൽകുക എന്നത് എന്റെ ജോലിയാണ്. പ്രത്യേകിച്ച് റൺചെസുകളിൽ. മുൻപും അതുതന്നെയാണ് ഞാൻ ചെയ്തിരുന്നത്. എനിക്ക് ചെയ്യാൻ ഏറ്റവും ഇഷ്ടമുള്ളതും അത് തന്നെയാണ്. ബോളർമാരെ പവർപ്ലേ ഓവറുകളിൽ ആക്രമണപരമായി നേരിടുക എന്നത് അത്ര അനായാസ കാര്യമല്ല. ചില സമയത്ത് അത് നന്നായി വരികയും ചില സമയത്ത് നടക്കാതെ വരികയും ചെയ്യും.

എന്നിരുന്നാലും അത് ചെയ്യാൻ ശ്രമിക്കുക എന്നതിലാണ് കാര്യം. എതിർ ടീമിനെ സമ്മർദ്ദത്തിലാക്കാൻ സാധിച്ചാൽ മുൻപോട്ടുള്ള പോക്ക് വളരെ അനായാസമായി മാറും.”- രോഹിത് പറഞ്ഞുവെക്കുന്നു.

Scroll to Top