പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനിടെ ഓസ്‌ട്രേലിയൻ സ്പിന്നർ നഥാൻ ലിയോൺ അനാവശ്യ റെക്കോർഡ് കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 250 സിക്‌സറുകൾ വഴങ്ങുന്ന ആദ്യ ബൗളറായി ഈ ഓഫ് സ്പിന്നർ മാറി.സമനിലയിൽ അവസാനിച്ച റാവൽപിണ്ടി ടെസ്റ്റിന്റെ അഞ്ചാം ദിനത്തിലാണ് ഈ റെക്കോർഡ് നേട്ടം. പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്‌സിലെ 42-ാം ഓവറിലെ അവസാന പന്തിൽ ഇമാം ഉൾ ഹഖ് ലിയോണിനെ ലോംഗ്-ഓണിലൂടെ സിക്സ് അടിച്ചാണ് റെക്കോഡ് നേടി കൊടുത്തത്. ലിയോണ്‍ കഴിഞ്ഞാല്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ വഴങ്ങിയത് ശ്രീലങ്കന്‍ സ്പിന്നര്‍ രംഗണ ഹെറാത്താണ്. 194 സിക്സറുകളാണ് ഹെരാത്തിന്റെ പേരിലുളളത്
മത്സരത്തില്‍ ഒരു വിക്കറ്റാണ് ഓസ്ട്രേലിയന്‍ ഓഫ് സ്പിന്നറിനു നേടാന്‍ സാധിച്ചത്. ബാറ്റിംഗ് പറുദീസയില്‍ നടന്ന മത്സരത്തില്‍ ഒരു ആനുകൂല്യവും ബോളര്‍മാര്‍ക്കുണ്ടായിരുന്നില്ലാ. മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം 12 ന് കറാച്ചിയില്‍ ആരംഭിക്കും.
നേരത്തെ ഒന്നാം ഇന്നിങ്സ് നാലിന് 476 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്ത പാകിസ്താനെതിരേ ഓസീസിന്റെ ഒന്നാം ഇന്നിങ്സ് 459 റൺസിൽ അവസാനിച്ചിരുന്നു. ഇതോടെ 17 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടാനും പാക് ടീമിനായി.
ഇമാമിന്റെയും അസർ അലിയുടെയും സെഞ്ചുറി മികവിലാണ് ഒന്നാം ഇന്നിങ്സിൽ പാകിസ്താൻ 476 റൺസെടുത്തത്. ഇമാം 157 റൺസെടുത്തപ്പോൾ അസർ 185 റൺസ് സ്കോർ ചെയ്തു.
ഉസ്മാൻ ഖവാജ (97), ഡേവിഡ് വാർണർ (68), മാർനസ് ലബുഷെയ്ൻ (90), സ്റ്റീവ് സ്മിത്ത് (78), കാമറൂൺ ഗ്രീൻ (48) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഓസീസ് ഒന്നാം ഇന്നിങ്സിൽ 459 റൺസെലെത്തിയത്. പാകിസ്താനു വേണ്ടി നൗമാൻ അലി ആറു വിക്കറ്റ് വീഴ്ത്തി.