ഐപിൽ പതിനഞ്ചാം സീസണിൽ ഇതുവരെ ജയത്തിലേക്ക് എത്താൻ കഴിയാത്ത രണ്ട് ടീമുകളാണ് ഹൈദരാബാദും ചെന്നൈ സൂപ്പർ കിംഗ്‌സും. തുടർ തോൽവികൾക്ക് പിന്നാലെ ജയം തേടി രണ്ട് ടീമുകളും എത്തുമ്പോൾ പോരാട്ടം തീപാറുമെന്നത് തീർച്ച. ടോസ് നേടിയ ക്യാപ്റ്റൻ വില്യംസൺ ചെന്നൈയെ ആദ്യം ബാറ്റിങ് അയച്ചപ്പോൾ ചെന്നൈ ഓപ്പണിങ് ജോഡി ഭേദപ്പെട്ട തുടക്കമാണ് നേടിയത്. എന്നാൽ ആദ്യത്തെ പവർപ്ലേയിൽ തന്നെ ഹൈദരാബാദ് ബൗളർമാർക്ക് രണ്ട് വിക്കറ്റുകളുമായി തിളങ്ങാൻ സാധിച്ചു. ഈ സീസണിൽ മോശം ഫോമിലുള്ള ഗെയ്ക്ഗ്വാദ് 16 റൺസുമായി പുറത്തായപ്പോൾ റോബിൻ ഉത്തപ്പ 15 റൺസിൽ പുറത്തായി. സ്പിന്നർ വാഷിംഗ്‌ടൻ സുന്ദർ എതിരെ സിക്സ് അടിക്കാൻ ശ്രമിച്ചാണ് ഉത്തപ്പ പുറത്തായത്.
അതേസമയം മത്സരത്തിൽ ഏറ്റവും അധികം ശ്രദ്ധേയമായി മാറിയത് ചെന്നൈ സൂപ്പർ കിങ്‌സ് ഇന്നിങ്സിലെ ആറാം ഓവറിൽ ഗെയ്ക്ഗ്വാദ് പുറത്തായതാണ്. മനോഹര പന്തില്‍ നടരാജനാണ് യുവ ഓപ്പണറുടെ വിക്കെറ്റ് വീഴ്ത്തിയത്. കഴിഞ്ഞ സീസണിൽ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയിരുന്ന ഋതുരാജ് ഗെയ്ക്ഗ്വാദ് ഈ സീസണിൽ മോശം ബാറ്റിങ് ഫോമിനാൽ ചെന്നൈ ആരാധകരെയും ടീം മാനേജ്മെന്റിനെയും നിരാശരാക്കുകയാണ്.
നടരാജന്‍റെ മനോഹരമായ ഇൻസ്വിങ് പന്തിനു മുൻപിൽ ഗെയ്ക്ഗ്വാദിനു ഉത്തരം ഇല്ലാതെ പോയി. നടരാജന്‍റെ മുൻപിൽ കുരുങ്ങിയ താരത്തിന്‍റെ മിഡിൽ സ്റ്റമ്പ് തെറിച്ചത് ഹൈദരാബാദ് ക്യാമ്പിൽ അടക്കം ഏറെ കയ്യടികൾ സമ്മാനിച്ചു.