ഇന്ത്യക്കെതിരായ ആദ്യ രണ്ട് ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഏവരും അത്ഭുതപെട്ടത് പ്രമുഖ താരം ബെയർസ്‌റ്റോ ടീമിലിടം നേടാത്തത് കണ്ടാണ് .എന്നാൽ ഇപ്പോൾ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോണി ബെയ്ർസ്റ്റോയ്ക്ക് വിശ്രമം നൽകിയ തീരുമാനം സെലക്ടർമാർ പുനപരിശോധിക്കണമെന്ന ആവശ്യവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ രംഗത്തെത്തി .
കളിക്കാരെ റൊട്ടേഷൻ രീതിയിൽ ഉപയോഗിക്കുന്നത് അനുസരിച്ചാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഇപ്പോൾ ബെയ്ർസ്റ്റോക്ക് വിശ്രമം നൽകിയിരിക്കുന്നത്.എന്നാൽ കരുത്തരായ ഇന്ത്യയെ അവരുടെ നാട്ടിൽ നേരിടുമ്പോള്‍ ഏറ്റവും മികച്ച ടീമിനെ തന്നെ ഇംഗ്ലണ്ട് ടീം ടെസ്റ്റ് പരമ്പര സ്വന്തമാക്കുവാൻ വേണ്ടി ഗ്രൗണ്ടിലിറക്കണമെന്നും ഹുസൈന്‍ പറഞ്ഞു.
ടെസ്റ്റ് പരമ്പരക്കായി ഇന്ത്യക്കെതിരെ ഇറങ്ങുമ്പോൾ ഇംഗ്ലണ്ട് ടീമിൽ തന്നെ സ്പിന്നർമാരെ ഏറ്റവും നന്നായി നേരിടുന്ന ബെയ്ർസ്റ്റോയെ മാറ്റി നിർത്തുന്നത് തെറ്റായ തീരുമാനമാണ് എന്ന് അഭിപ്രായപ്പെട്ട മുൻ താരം .നായകൻ ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ബെയ്ർസ്റ്റോ എന്നിവരുടെ സാന്നിധ്യം സ്പിന്നിനെ ഏറെ അനുകൂലിക്കുന്ന ചരിത്രമുള്ള ചെന്നൈ ഗ്രൗണ്ടിൽ ഇംഗ്ലണ്ട് ടീമിന്റെ ബാറ്റിങ്ങിന് അനിവാര്യമാണെന്നും ഹുസൈന്‍ പറഞ്ഞു.
ബെയർസ്‌റ്റോക്ക് വിശ്രമം അനുവദിക്കാനുള്ള തീരുമാനം ഇംഗ്ലണ്ട് ടീം മാനേജ്‌മന്റ് ഇടപെട്ട് മാറ്റണമെന്ന് പറഞ്ഞ മുൻ താരം. സെലക്ടർമാർ എത്രയും വേഗം തീരൂമാനം പുനപരിശോധിക്കണമെന്നും
നാസർ ഹുസൈൻ ആവശ്യപ്പെട്ടു. ബെയര്‍സ്റ്റോക്ക് പുറമെ മാര്‍ക്ക് വുഡ്, സാം കറന്‍ എന്നിവര്‍ക്കും ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് സെലക്ടര്‍മാര്‍ വിശ്രമം നല്‍കിയിരുന്നു.
ഫെബ്രുവരി അഞ്ചിനാണ് ചെന്നൈയിൽ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് തുടക്കമാവുക. നാലു മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിലുള്ളത്. ആദ്യ 2 ടെസ്റ്റ് മത്സരങ്ങൾ നടക്കുന്ന ചെന്നൈയിൽ കാണികൾക്ക് പ്രവേശനം ഉണ്ടാകില്ല എന്ന് ബിസിസിഐ അറിയിച്ചിരുന്നു .