ശക്തന്മാരുടെ ടീമായ മുംബൈ ഇന്ത്യൻസിനെ മലർത്തിയടിച്ച് യുപി വാരിയേഴ്സിന്റെ പടയോട്ടം. അത്യന്തം ആവേശകരമായ മത്സരത്തിൽ 5 വിക്കറ്റുകൾക്കാണ് യുപി വാരിയഴ്‌സ് വിജയം കണ്ടത്. ഈ വിജയത്തോടെ യുപി തങ്ങളുടെ പ്ലെ ഓഫ് സാധ്യതകൾ നിലനിർത്തിയിട്ടുണ്ട്. മറുവശത്ത് മുംബൈയെ സംബന്ധിച്ച് ഈ ടൂർണമെന്റിലെ ആദ്യ പരാജയമാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. ടാലിയ മഗ്രാത്തിന്റെയും ഗ്രേസ് ഹാരിസിന്റെയും തകർപ്പൻ ബാറ്റിംഗ് മികവായിരുന്നു യുപിയെ മത്സരത്തിൽ വിജയത്തിൽ എത്തിച്ചത്.
മത്സരത്തിൽ ടോസ് നേടിയ യുപി വാരിയേഴ്സ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറുകളിൽ മുംബൈ ബാറ്റർമാരെ പിടിച്ചു കെട്ടുന്നതിൽ യുപി വാരിയഴ്‌സ് വിജയിച്ചു. സ്കോറിങ് ഉയർത്താൻ ശ്രമിക്കുന്നതിനിടയിൽ മുംബൈയുടെ യാഷ്ടിക ഭാട്ടിയയും(7) നാറ്റ് ബ്രന്റും(5) കൂടാരം കയറുകയുണ്ടായി. ഹേലി മാത്യൂസ്(35) ക്രീസിൽ പിടിച്ചുനിന്നെങ്കിലും നിർണായക സമയത്ത് കൂടാരം കയറുകയുണ്ടായി. നായിക ഹർമൻ പ്രീറ്റ് കൗറും മത്സരത്തിൽ 25 റൺസുമായി മുംബൈ ഇന്ത്യൻസ് ഇന്നിംഗ്സിന് കാവലാളായി. എന്നാൽ അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടത് മുംബൈയെ ബാധിച്ചിരുന്നു. 19 പന്തുകളിൽ 32 റൺസ് നേടിയ വോങ്ങിന്റെ ഇന്നിംഗ്സ് മാത്രമായിരുന്നു അവസാന നിമിഷത്തിൽ മുംബൈയ്ക്ക് രക്ഷയായത്. അങ്ങനെ മുംബൈയുടെ സ്കോർ നിശ്ചിത 20 ഓവറിൽ കേവലം 127 റൺസായി മാറുകയായിരുന്നു.
മറുപടി ബാറ്റിംഗിൽ പിച്ചിന്റെ എല്ലാ ആനുകൂല്യവും മുംബൈ ബോളർമാർ ഉപയോഗിക്കുന്നതായിരുന്നു കണ്ടത്. ഓപ്പണർ ദേവിക വൈദ്യേയും(1) ഹീലിയെയും(8) തുടക്കത്തിലെ കൂടാരം കയറ്റാൻ മുംബൈ ബോളർമാർക്ക് സാധിച്ചു. എന്നാൽ നാലാമതായി ക്രീസിലെത്തിയ ടാലിയ മഗ്രാത്തും ഹാരിസും ക്രീസിലുറച്ചു. മഗ്രാത്ത് 25 പന്തുകളിൽ 38 റൺസ് നേടിയപ്പോൾ, ഹാരിസ് 28 പന്തുകളിൽ 39 റൺസ് ആയിരുന്നു നേടിയത്. അങ്ങനെ യു പി വാരിയഴ്‌സ് മത്സരത്തിൽ വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. മത്സരത്തിൽ 5 വിക്കറ്റുകൾക്കാണ് യുപി വിജയം കണ്ടത്.
ടൂർണമെന്റിലെ യുപിയുടെ മൂന്നാം വിജയമാണ് മത്സരത്തിൽ പിറന്നത്. ഇതോടെ ആറു മത്സരങ്ങളിൽ നിന്ന് 6 പോയിന്റുകളുമായി യുപി പോയ്ന്റ്സ് ടെബിളിൽ മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്. മുംബൈയെ സംബന്ധിച്ച് അവർ പ്ലേഓഫിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും ഒന്നാം സ്ഥാനത്ത് തന്നെ ഫിനിഷ് ചെയ്താൽ മാത്രമേ അവർക്ക് നേരിട്ട് ഫൈനലിൽ എത്താൻ സാധിക്കുകയുള്ളൂ.