ശക്തരായ മുംബൈ ഇന്ത്യൻസിനെ അനായാസം പഞ്ഞിക്കിട്ട് ഒരു തകർപ്പൻ വിജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. വനിതാ പ്രീമിയർ ലീഗിലെ ആവേശഭരിതമായ മത്സരത്തിൽ 9 വിക്കറ്റുകൾക്കായിരുന്നു ഡൽഹി ക്യാപിറ്റൽസ് മുംബൈ ടീമിനെ തറപറ്റിച്ചത്. മുംബൈ ഉയർത്തിയ 110 റൺസ് വിജയലക്ഷ്യം കേവലം 9 ഓവറുകൾ കൊണ്ട് ഡൽഹി ക്യാപിറ്റൽസ് മറികടക്കുന്നതാണ് മത്സരത്തിൽ കണ്ടത്. ഡൽഹി മുൻനിരയുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ ടീമിനെ വിജയത്തിൽ എത്തിച്ചത്.
മത്സരത്തിൽ ടോസ് നേടിയ ഡൽഹി ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനം ശരിവയ്ക്കുന്ന രീതിയിലുള്ള തുടക്കമാണ് മാരിസാനെ കാപ്പ് ഡൽഹിക്ക് നൽകിയത്. അപകടകാരിയായ യാഷ്ടിക ഭാട്ടിയയെയും(1) മാത്യൂസിനെയും(5) നാറ്റ് സിവറിനെയും(0) തുടക്കത്തിൽ തന്നെ കൂടാരം കയറ്റാൻ ഡൽഹി ബോളർമാർക്ക് സാധിച്ചു. പിന്നാലെയെത്തിയ ക്യാപ്റ്റൻ ഹർമൻപ്രീറ്റ്(23) പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും സ്കോറിഗ് ഉയർത്തുന്നതിൽ പരാജയപ്പെട്ടു. 19 പന്തുകളിൽ 26 റൺസ് നേടിയ പൂജാ വസ്ട്രക്കാർ മാത്രമായിരുന്നു മുംബൈ നിരയിൽ അല്പമെങ്കിലും പിടിച്ചുനിന്നത്. അങ്ങനെ മുംബൈ ഇന്നിങ്സ് കേവലം 109 റൺസിൽ അവസാനിക്കുകയാണ് ഉണ്ടായത്.
മറുപടി ബാറ്റിങ്ങിൽ പൂർണമായും മുംബൈയെ പഞ്ഞിക്കിടുന്ന ബാറ്റിംഗ് പ്രകടനമാണ് ഡൽഹി ഓപ്പണർമാർ കാഴ്ചവച്ചത്. ഷഫാലി വർമ്മയും മെഗ് ലാന്നിങ്ങും(32) ഏറ്റവും വേഗതയിൽ കളി ജയിക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയപ്പോൾ മുംബൈ ബോളർമാർ വിയർക്കുകയായിരുന്നു. ഷഫാലി വർമ്മ 15 പന്തുകളില്‍ ആറ് ബൗണ്ടറികളുടെയും ഒരു സിക്സറിന്റെയും അകമ്പടിയോടെ 33 റൺസ് ആണ് നേടിയത്.
വർമ്മയ്ക്കുശേഷം ക്രീസിലെത്തിയ അലീസ് ക്യാപ്സിയും അടിച്ചുതകർത്തതോടെ ഡൽഹിക്ക് കാര്യങ്ങൾ എളുപ്പമായി മാറി. 17 പന്തുകളിൽ ഒരു ബൗണ്ടറിയുടെയും 5 സിക്സറുകളുടെയും അകമ്പടിയോടെ 38 റൺസ് നേടിയ ക്യാപ്സി പുറത്താവാതെ നിന്നു. അങ്ങനെ കേവലം 9 ഓവറിൽ ഡൽഹി ക്യാപിറ്റൽസ് വിജയലക്ഷ്യം പിന്നിടുകയായിരുന്നു. 9 വിക്കറ്റിനാണ് ഡൽഹിയുടെ ഈ ഉജ്ജ്വല വിജയം.
ഈ വിജയത്തോടെ പോയ്ന്റ്സ് ടേബിളിൽ ഒന്നാംസ്ഥാനം കൈകലാക്കാൻ ഡൽഹി ക്യാപിറ്റൽസിന് സാധിച്ചിട്ടുണ്ട്. വമ്പൻ പരാജയത്തോടെ മുംബൈ രണ്ടാം സ്ഥാനത്തേക്ക് മാറുകയും ചെയ്തിട്ടുണ്ട്. നാളെയാണ് ഇരു ടീമുകളുടെയും ആദ്യ റൗണ്ടിലെ അവസാന മത്സരം നടക്കുന്നത്. ഇരു ടീമുകളും, ഒന്നാം സ്ഥാനത്തെത്തി ഫൈനലിൽ നേരിട്ട് സ്ഥാനം ഉറപ്പിക്കാൻ തന്നെയാണ് ശ്രമിക്കുന്നത്.