ഗുജറാത്ത് നായകൻ ഹർദിക് പാണ്ഡ്യയെ തിരികെ തങ്ങളുടെ ടീമിലെത്തിക്കാൻ മുംബൈ ഇന്ത്യൻസ്. 2023 ഐപിഎൽ സീസണിന് മുന്നോടിയായി നടക്കുന്ന ട്രേഡിലാണ് മുംബൈ ഇന്ത്യൻസ് ഹർദിക് പാണ്ഡ്യയെ തിരികെ കൊണ്ടുവരാനുള്ള നീക്കം നടത്തുന്നത്. ഇതിനായുള്ള എല്ലാ കാര്യങ്ങളും തയ്യാറായിട്ടുണ്ട് എന്നാണ് പ്രമുഖ വാർത്താ മാധ്യമമായ ഇഎസ്പിഎൻ ക്രിക്കിൻഫോ റിപ്പോർട്ട് ചെയ്യുന്നത്.
2015ൽ മുംബൈ ഇന്ത്യൻസ് ടീമിനൊപ്പമായിരുന്നു ഹർദിക് പാണ്ഡ്യ തന്റെ ഇന്ത്യൻ പ്രീമിയർ ലീഗ് കരിയർ ആരംഭിച്ചത്. ശേഷം ഗുജറാത്തിലേക്ക് പാണ്ഡ്യ ചേക്കേറുകയായിരുന്നു. ഗുജറാത്തിനായി ആദ്യ സീസണിൽ കിരീടം ഉയർത്താൻ പാണ്ഡ്യയ്ക്ക് സാധിച്ചിരുന്നു. രണ്ടാം സീസണിൽ ഗുജറാത്ത് ടീമിനെ ഫൈനലിൽ എത്തിക്കാനും പാണ്ഡ്യക്ക് സാധിച്ചു. ശേഷമാണ് മുംബൈ തങ്ങളുടെ സ്റ്റാർ കളിക്കാരനെ തിരികെ കൊണ്ടുവരാനുള്ള നീക്കം നടത്തുന്നത്.
ഏകദേശം 15 കോടി രൂപയോളം മുടക്കിയാണ് ഹർദിക്കിനെ മുംബൈ തങ്ങളുടെ ടീമിലേക്ക് തിരികെ എത്തിക്കുന്നത്. വലിയൊരു തുക തന്നെയാണ് തിരികെ നേടാനായി മുംബൈ നൽകുന്നത്. ഇതേ സംബന്ധിച്ച് ഒരുപാട് അവ്യക്തതകൾ നിലനിൽക്കുന്നു. ഇത്തരം ഒരു ട്രേഡ് നടക്കുകയാണെങ്കിൽ അത് ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വലുതായി മാറും. എന്നാൽ ഇതേ സംബന്ധിച്ച് ഔദ്യോഗികമായ വിവരങ്ങൾ ഒരു ഫ്രാഞ്ചൈസികളും പുറത്തുവിട്ടിട്ടില്ല.
നിലവിൽ മുംബൈ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആവശ്യമായ തുക പേഴ്സിൽ ഇല്ലാത്തതാണ്. കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിന് ശേഷം കേവലം 0.05 കോടി രൂപ മാത്രമാണ് മുംബൈയുടെ കയ്യിലുള്ളത്. പുതിയ സീസണിനായി എല്ലാ ടീമുകൾക്കും 5 കോടി രൂപ അധികമായി അനുവദിക്കുന്നുണ്ട്.
എന്നാൽ ഈ തുക കൊണ്ടും പാണ്ഡ്യയെ തങ്ങളുടെ ടീമിലെത്തിക്കാൻ മുംബൈ ഇന്ത്യൻസിന് സാധിക്കില്ല. അതിനാൽ തന്നെ വലിയൊരു താരത്തെ പകരം നൽകി പാണ്ഡ്യയെ ടീമിലേക്ക് എത്തിക്കേണ്ടിവരും. ഇഷാൻ കിഷൻ, ജോഫ്ര ആർച്ചർ തുടങ്ങിയ താരങ്ങളിൽ ഒരാളെ നൽകി ഹർദിക്കിനെ തിരികെ എത്തിക്കാനാവും മുംബൈ ഇന്ത്യൻസ് ശ്രമിക്കുന്നത്. മാത്രമല്ല ഗുജറാത്ത് ടൈറ്റൻസ് ടീം,
സ്റ്റാർ ഓൾറൗണ്ടർ ക്യാമറോൺ ഗ്രീനിനെ മുംബൈയിൽ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. നവംബർ 26ന് വൈകിട്ട് 4 മണി വരെയാണ് ഐപിഎല്ലിന്റെ ട്രേഡ് നടത്താനുള്ള സമയം. ഇതിനടകം തന്നെ മുംബൈ ഒരു തീരുമാനം കൈക്കൊള്ളും എന്നാണ് കരുതുന്നത്.
കഴിഞ്ഞ രണ്ട് സീസണുകളിലും ഗുജറാത്ത് ടീമിനായി വളരെ മികച്ച പ്രകടനമായിരുന്നു ഹർദിക് പാണ്ഡ്യ കാഴ്ചവച്ചത്. 30 ഇന്നിങ്സുകളിൽ നിന്ന് ഗുജറാത്തിനായി 833 റൺസ് ഹർദിക് പാണ്ഡ്യ നേടിയിട്ടുണ്ട്. 41 എന്ന ഉയർന്ന ശരാശരിയിലാണ് ഹർദിക് പാണ്ഡ്യയുടെ നേട്ടം. മാത്രമല്ല ടീമിനായി 11 വിക്കറ്റുകൾ സ്വന്തമാക്കാനും ഹർദിക്കിന് സാധിച്ചിരുന്നു.
എന്നാൽ നിലവിൽ പരിക്ക് മൂലം പാണ്ഡ്യ ഇന്ത്യൻ ടീമിന് പുറത്താണ്. എന്നിരുന്നാലും 2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ നായകനായി ഹർദിക്കെത്തും എന്നാണ് പ്രതീക്ഷകൾ. ഈ വിധത്തിൽ ട്രേഡ് നടക്കുകയാണെങ്കിൽ ഇത്തരത്തിൽ ട്രാൻസ്ഫർ ചെയ്യപ്പെടുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലെ മൂന്നാമത്തെ നായകനായി ഹർദിക് പാണ്ഡ്യ മാറും.