“ഓസീസിനെതിരെ ഫിനിഷ് ചെയ്യാൻ എന്നെ സഹായിച്ചത് ധോണിയുടെ ആ ഉപദേശം”, റിങ്കു സിംഗ് പറയുന്നു.

rinku singh finish

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ഒരു ഹീറോയുടെ ഇന്നിംഗ്സ് തന്നെയാണ് റിങ്കു സിംഗ് കാഴ്ചവെച്ചത്. അവസാന ഓവറിൽ ഒരു ശക്തമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് ഇന്ത്യയെ ഫിനിഷിംഗ് ലൈനിൽ എത്തിക്കാൻ റിങ്കുവിന് സാധിച്ചു. മത്സരത്തിൽ 14 പന്തുകളിൽ 22 റൺസാണ് റിങ്കു നേടിയത്. റിങ്കുവിന്റെ മികവിലായിരുന്നു ഇന്ത്യ മത്സരത്തിൽ 2 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കിയത്.

ഈ ഇന്നിങ്സോടെ റിങ്കു ഫിനിഷർ എന്ന വിളിപ്പേര് അന്വർത്ഥമാക്കിയിരിക്കുകയാണ്. മത്സരത്തിൽ മികച്ച ഫിനിഷിംഗ് കാഴ്ചവയ്ക്കാൻ തനിക്ക് സഹായകരമായത് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ ഉപദേശമാണ് എന്ന് റിങ്കു പറയുകയുണ്ടായി.

അവസാന ഓവറിൽ ഏത് തരത്തിൽ ബാറ്റ് ചെയ്യണമെന്ന് മഹേന്ദ്ര സിംഗ് ധോണിയോട് ഒരിക്കൽ ചോദിച്ചിരുന്നുവെന്നും, അദ്ദേഹത്തിന്റെ മറുപടി തനിക്ക് സഹായകരമായി എന്നുമാണ് റിങ്കു പറഞ്ഞത്. “ഒരിക്കൽ ഞാൻ മഹി ഭായിയോട് ചോദിച്ചിരുന്നു, ‘അവസാന ഓവറിൽ ബാറ്റ് ചെയ്യുമ്പോൾ താങ്കളുടെ മാനസികാവസ്ഥ എങ്ങനെയാണ്?’. അന്ന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയാണ്- ‘മത്സരത്തിലൂടനീളം ശാന്തത കൈ വിടാതിരിക്കുക. സ്ട്രൈറ്റ് ലൈനിൽ തന്നെ പരമാവധി റൺസ് കണ്ടെത്താൻ ശ്രമിക്കുക’. ധോണി ഭായിയുടെ ഈ ഉപദേശമാണ് ഞാൻ പിന്തുടർന്നത്. ഇത് എന്നെ ഒരുപാട് സഹായിക്കുകയും ചെയ്തു.”- റിങ്കു സിംഗ് പറഞ്ഞു.

Read Also -  പാകിസ്ഥാനെതിരെ ഇന്ത്യ ആ താരത്തെ ഇറക്കണം. തന്ത്രം മെനഞ്ഞ് ആകാശ് ചോപ്ര

മത്സരത്തിന്റെ അവസാന പന്ത് ഒരു നോബോൾ ആയിരുന്നു എന്ന് താൻ അറിഞ്ഞില്ല എന്ന് റിങ്കു പറയുകയുണ്ടായി. “അതൊരു നോബോളാണ് എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഡ്രസ്സിംഗ് റൂമിലെത്തിയ ശേഷം അർഷദീപ് സിംഗാണ് എന്നോട് അത് ഒരു നോബോളാണ് എന്ന് പറഞ്ഞത്. മാത്രമല്ല ആ റൺസ് എന്റെ സ്കോറിനൊപ്പം ചേർക്കില്ല എന്നും അർഷദീപ് പറഞ്ഞു. എന്നാൽ മത്സരം ജയിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതുകൊണ്ട് അതിനെപ്പറ്റി ഞാൻ ചിന്തിച്ചില്ല.”- റിങ്കു കൂട്ടിച്ചേർക്കുന്നു.

മത്സരത്തിൽ എല്ലാംകൊണ്ടും തനിക്കു പറ്റിയ സാഹചര്യമാണ് ഉണ്ടായിരുന്നത് എന്ന് റിങ്കു പറഞ്ഞു. “മത്സരത്തിൽ വിജയം സ്വന്തമാക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഞാൻ ബാറ്റിങ്ങിനായി മൈതാനത്ത് എത്തുമ്പോൾ എനിക്ക് അനുയോജ്യമായ സാഹചര്യങ്ങളാണ് ഉണ്ടായിരുന്നത്. കുറച്ചധികം നാളുകളായി ഞാൻ ഈ റോളിൽ തന്നെയാണ് കളിക്കുന്നത്.

സൂര്യ ഭായിയോടൊപ്പം ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചത് വളരെ മികച്ചതായി തോന്നി. മത്സരത്തിന്റെ അവസാന പന്ത് വരെ വളരെ ശാന്തനായി തുടരാനാണ് ഞാൻ ശ്രമിച്ചത്. ഞാൻ എന്റെ ഗെയിമിൽ വിശ്വസിക്കുകയും അവസാന ഓവറിൽ വിജയം കുറിക്കുകയും ചെയ്തു.”- റിങ്കു പറഞ്ഞു വെക്കുന്നു.

Scroll to Top