മുംബൈ ഇന്ത്യൻസ് രോഹിത് ശർമയെ തങ്ങളുടെ ടീമിന്റെ നായക സ്ഥാനത്തു നിന്ന് മാറ്റിയതിന് പിന്നാലെ ഒരുപാട് അഭ്യൂഹങ്ങൾ എത്തുകയുണ്ടായി. നായക സ്ഥാനത്തുനിന്ന് മാറ്റിയതിന്റെ പേരിൽ രോഹിത് ശർമ മറ്റ് ഐപിഎൽ ടീമുകളിലേക്ക് ചേക്കേറും എന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചത്.
എന്നാൽ ഈ വാർത്തകളൊക്കെയും അടിസ്ഥാന രഹിതമാണെന്നും, രോഹിത് ശർമ തങ്ങളോടൊപ്പം തന്നെ ഈ ഐപിഎല്ലിൽ കളിക്കുമെന്നും പറഞ്ഞിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് അധികാരികൾ. 2024 ഇന്ത്യൻ പ്രീമിയർ ലീഗിനായുള്ള മിനി ലേലത്തിനിടെയാണ് മുംബൈ ഇന്ത്യൻസ് ഒഫീഷ്യൽസ് ഇക്കാര്യം ക്രിക്ബസിനോട് അറിയിച്ചത്.
രോഹിത് മാത്രമല്ല ടീമിലുള്ള ഒരു താരങ്ങളും ടീം വിട്ടു പോവില്ല എന്നാണ് മുംബൈ ഇന്ത്യൻസ് ഒഫീഷ്യൽസ് പറഞ്ഞിട്ടുള്ളത്. ഇതേ സംബന്ധിച്ച് നിലവിൽ പുറത്തുവന്ന റിപ്പോർട്ടുകളൊക്കെയും വ്യാജമാണന്ന് ഔദ്യോഗിക വൃത്തം പറയുകയുണ്ടായി. മാത്രമല്ല തങ്ങളുടെ ടീം എടുത്തിട്ടുള്ള എല്ലാ തീരുമാനങ്ങളിലും രോഹിത്തിനെ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നും ഔദ്യോഗിക വൃത്തം അറിയിച്ചു. കൃത്യമായി രോഹിത്തിനെ കാര്യങ്ങൾ അറിയിച്ച ശേഷമാണ് തങ്ങൾ തീരുമാനം കൈക്കൊണ്ടത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. “രോഹിത് ഒരിടത്തേക്കും പോകുന്നില്ല. രോഹിത് മാത്രമല്ല ഒരു കളിക്കാരനും ഒരിടത്തും പോകുന്നില്ല.”- ഇതായിരുന്നു മുംബൈ ഇന്ത്യൻസ് ഒഫീഷ്യൽ പറഞ്ഞത്.
“ഇപ്പോൾ വരുന്ന മാധ്യമ റിപ്പോർട്ടുകളൊക്കെയും പൂർണ്ണമായും തെറ്റും വ്യാജവുമാണ്. ഒരു മുംബൈ താരവും ടീം വിട്ടു പോകാൻ ഉദ്ദേശിക്കുന്നില്ല. മാത്രമല്ല ട്രേഡിലൂടെയും പോയിട്ടില്ല. തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് മുൻപ് എല്ലാ താരങ്ങളോടും ഇക്കാര്യങ്ങളൊക്കെയും സംസാരിച്ചതാണ്. രോഹിത്തിനോടും ഇത്തരം കാര്യങ്ങളിൽ കൃത്യമായി അഭിപ്രായങ്ങൾ ചോദിക്കാറുണ്ട്. ഈ തീരുമാനങ്ങളിലെ പ്രധാന ഭാഗവും രോഹിത് ശർമ തന്നെയായിരുന്നു.”- മുംബൈ ഇന്ത്യൻസ് ഒഫീഷ്യൽസ് പറഞ്ഞു.
മുൻപ് രോഹിത് ശർമ തന്റെ ടീം മാറുന്നതിനെ സംബന്ധിച്ചുള്ള വാർത്തകൾ വലിയ രീതിയിൽ പുറത്തുവന്നിരുന്നു. രോഹിത് ശർമയെ ഡൽഹി ക്യാപിറ്റൽസും ചെന്നൈ സൂപ്പർ കിംഗ്‌സും സമീപിച്ചിട്ടുണ്ട് എന്നായിരുന്നു റിപ്പോർട്ടുകൾ. ട്രേഡിങ് വിന്റോയിലൂടെ ഇരു ടീമുകളും രോഹിത്തിനെ തങ്ങളുടെയൊപ്പം എത്തിക്കാൻ ശ്രമിക്കുന്നു എന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. എന്നാൽ ഇതൊക്കെയും നിരസിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് ഒഫീഷ്യൽസ്. തങ്ങൾ രോഹിത്തിനായി എന്തും നൽകാൻ തയ്യാറാണെന്നും എന്നാൽ ഭാവിയെ കുറിച്ചാണ് ചിന്തിക്കുന്നതന്നുമാണ് മുംബൈ ഇന്ത്യൻസ് ഒഫീഷ്യൽസിന്റെ അഭിപ്രായം.