പകരംവീട്ടി ദക്ഷിണാഫ്രിക്ക, നാണംകെട്ട് ഇന്ത്യ. 8 വിക്കറ്റുകളുടെ ദയനീയ പരാജയം.

Tony de Zorzi

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിൽ നാണംകെട്ട പരാജയം ഏറ്റുവാങ്ങി ഇന്ത്യ. നിർണായ മത്സരത്തിൽ 8 വിക്കറ്റുകളുടെ അനായാസ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. മത്സരത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും പൂർണ്ണമായും പരാജയപ്പെട്ട ഇന്ത്യൻ യുവനിരയെയാണ് കാണാൻ സാധിച്ചത്.

ശ്രേയസ് അയ്യര്‍ അടക്കമുള്ള താരങ്ങൾ ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടി മത്സരത്തിൽ നിന്നും മാറി നിന്നപ്പോൾ ഇന്ത്യയുടെ ബാറ്റിംഗ് വളരെ ദുർഘടമായി മാറുകയായിരുന്നു. മറുവശത്ത് ബോളർമാരും മികവിനൊത്ത് ഉയരാതെ വന്നതോടെ ഇന്ത്യ മത്സരത്തിൽ കൂറ്റൻ പരാജയം തന്നെ ഏറ്റുവാങ്ങി. ദക്ഷിണാഫ്രിക്ക മത്സരത്തിൽ വിജയം സ്വന്തമാക്കിയതോടെ പരമ്പര 1-1 എന്ന നിലയിൽ എത്തിയിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് ഋതുരാജിന്റെയും(4) തിലക് വർമയുടെയും(10) വിക്കറ്റുകൾ നഷ്ടമായി. എന്നാൽ സായി സുദർശനും നായകൻ രാഹുലും ക്രീസിലുറച്ചത് ഇന്ത്യയ്ക്ക് പ്രതീക്ഷകൾ നൽകി.

സായി സുദർശൻ മത്സരത്തിൽ 83 പന്തുകളിൽ 62 റൺസാണ് നേടിയത്. രാഹുൽ 64 പന്തുകളിൽ 56 റൺസ് നേടി. എന്നാൽ മധ്യ നിര ബാറ്റർമാർ ഇന്ത്യക്കായി മികവ് പുലർത്താതിരുന്നത് ഇന്ത്യയെ മത്സരത്തിൽ ബാധിക്കുകയായിരുന്നു. സഞ്ജു സാംസൺ അടക്കമുള്ള ബാറ്റർമാർ മധ്യ ഓവറുകളിൽ പരാജയപ്പെട്ടു.

See also  "ഇപ്പോൾ വിരമിക്കാൻ ഉദ്ദേശിക്കുന്നില്ല. എനിക്ക് ലോകകപ്പ് നേടണം"- രോഹിത് തന്‍റെ ലക്ഷ്യം തുറന്നുപറയുന്നു.

ഇതോടെ അവസാന ഓവറുകളിൽ റൺസ് കണ്ടെത്താനും ഇന്ത്യക്ക് സാധിക്കാതെ വന്നു. ഇന്ത്യയുടെ ഇന്നിംഗ്സ് 211 റൺസിൽ അവസാനിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കായി പേസർ ബർഗർ മൂന്നു വിക്കറ്റ്കൾ സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ തുടക്കം തന്നെയായിരുന്നു ഓപ്പണർമാർ നൽകിയത്.

ഹെൻറിക്സും സോർസിയും ചേർന്ന് ആദ്യ ഓവറുകളിൽ തന്നെ ദക്ഷിണാഫ്രിക്കയെ മുൻപിലെത്തിച്ചു. ഇന്ത്യൻ ബോളർമാർക്കുമേൽ കൃത്യമായ ആധിപത്യം പുലർത്താൻ ഇരുവർക്കും സാധിച്ചു. തങ്ങൾക്ക് ലഭിച്ച അവസരങ്ങളിലൊക്കെ ഇരുവരും റൺസ് കണ്ടെത്തുകയുണ്ടായി. ഇതോടെ ഇന്ത്യൻ ബോളിംഗ് നിര ദക്ഷിണാഫ്രിക്കയുടെ ഓപ്പണർമാർക്ക് മുൻപിൽ അടിയറവ് പറയുകയായിരുന്നു.

ആദ്യ വിക്കറ്റിൽ 130 റൺസിന്റെ കിടിലൻ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്ക പടുത്തുയർത്തിയത്. ഇതോടെ ഇന്ത്യ പൂർണമായും മത്സരത്തിന് പുറത്തേക്ക് പോവുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഓപ്പണർ സോർസി 122 പന്തുകളിൽ 119 റൺസ് സ്വന്തമാക്കുകയുണ്ടായി. മറ്റൊരു ഓപ്പണറായ ഹെൻറിക്സ് 81 പന്തുകളില്‍ 52 റൺസാണ് നേടിയത്. ഇരുവരുടെയും മികവിൽ ദക്ഷിണാഫ്രിക്ക 8 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് വളരെ നിരാശാജനകമായ ഒരു മത്സരമാണ് അവസാനിച്ചിരിക്കുന്നത്. അടുത്ത മത്സരത്തിൽ വിജയം സ്വന്തമാക്കി പരമ്പര നേടാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

Scroll to Top