തകര്‍പ്പന്‍ സെഞ്ചുറിയുമായി മുഹമ്മദ് അസ്ഹറുദ്ദീൻ. മുംബൈക്കെതിരെ വമ്പന്‍ വിജയം നേടി കേരളം

Muhammed Azharuddeen

സെയിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കെതിരെ കേരളത്തിനു തകര്‍പ്പന്‍ വിജയം. 197 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം, മുഹമ്മദ് അസ്ഹറുദ്ധീന്‍റെ സെഞ്ചുറിയില്‍ 15.5 ഓവറില്‍ ലക്ഷ്യം കണ്ടു.

സ്കോര്‍ – മുംബൈ ( 20 ഓവറില്‍ 7 ന് 196 ) കേരളം ( 15.5 ഓവറില്‍ 2 ന് 201 )

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിനു മികച്ച തുടക്കമാണ് ലഭിച്ചത്. ധവാല്‍ കുല്‍ക്കര്‍ണി, തുഷാര്‍ ദേഷ്പാണ്ടേ , മുളാനി എന്നിവരെ വളരെ അനായാസം നേരിട്ട ഓപ്പണര്‍മാരായ ഉത്തപ്പയും മുഹമ്മദ് അസ്ഹറുദ്ദീനും ചേര്‍ന്ന് 9.3 ഓവറില്‍ കൂട്ടിചേര്‍ത്തത് 129 റണ്‍. 23 പന്തില്‍ 33 റണ്‍സുമായി ഉത്തപ്പ മടങ്ങിയെങ്കിലും കൂറ്റനടികള്‍ അസ്ഹറുദ്ദീന്‍ നിര്‍ത്തിയില്ലാ. 37 പന്തില്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ വിജയം വരെ ക്രീസില്‍ നിന്നു.

54 പന്തില്‍ 137 റണ്ണാണ് മുഹമ്മദ് അസ്ഹറുദ്ദീൻ നേടിയത്. അവസാന ഫിനിഷിങ്ങ് സിക്സ് അടക്കം 11 തവണെയാണ് പന്ത് ബൗണ്ടറിയുടെ മുകളിലൂടെ പറന്നത്. 9 ഫോറും നേടി. 12 പന്തില്‍ 4 ഫോറടക്കം 22 റണ്‍സ് നേടി സഞ്ചുവും മത്സരത്തില്‍ തിളങ്ങി.

നേരത്തെ ടോസ് നേടി ബാറ്റിംഗിനയക്കപ്പെട്ട മുംബൈക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ ജയ്സ്വാളും, ആദിത്യ താരയും ഓപ്പണിംഗ് വിക്കറ്റില്‍ 88 റണ്ണാണ് കൂട്ടി ചേര്‍ത്തത്. പേസ് ബോളര്‍മാരായ ബേസില്‍ തമ്പിയേയും നീണ്ട ഇടവേളക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ശ്രീശാന്തിനെയും അനായസം അതിര്‍ത്തി കടത്തികൊണ്ടിരുന്നു. ഓള്‍റൗണ്ടര്‍ ജലജ് സക്സേനയാണ് കൂട്ടുകെട്ട് പൊളിച്ചത്. പത്താം ഓവറില്‍ ആദിത്യ താരയെ ഉത്തപ്പയുടെ കൈകളില്‍ എത്തിച്ച് ആദ്യ പ്രഹരമേല്‍പ്പിച്ചു. 31 പന്തില്‍ 4 ഫോറും ഒരു സിക്സും സഹിതം 42 റണ്ണാണ് നേടിയത്. 32 പന്തില്‍ നാലു ഫോറും 2 സിക്സം അടക്കം 40 റണ്ണാണ് നേടിയത്.

See also  ജയസ്വാളിന്റെ ഫോമിനെപ്പറ്റി ആശങ്കയില്ല. ചോദ്യങ്ങൾക്ക് ബാറ്റുപയോഗിച്ച് അവൻ മറുപടി നൽകും. സുനിൽ ഗവാസ്കർ പറയുന്നു.

മൂന്നാമതെത്തിയ സൂര്യകുമാര്‍ യാദവ് മുംബൈ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു. മധ്യനിരയില്‍ മികച്ച സംഭാവനകള്‍ പിറന്നതോടെ മുംബൈ ഇന്നിംഗ്സ് കൂറ്റന്‍ സ്കോറിലേക്ക് നീങ്ങി. എന്നാല്‍ അവസാന ഓവറില്‍ സര്‍ഫ്രാസ് ഖാന്‍ (17), ശിവം ഡൂബൈ (26), ആത്രവാ (1) എന്നിവരെ അവസാന ഓവറില്‍ ആസിഫ് പുറത്താക്കി മുംബൈയെ 200 നുള്ളില്‍ ഒതുക്കി. മുംബൈ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 19 പന്തില്‍ 38 റണ്‍ നേടി.

കേരളത്തിനു വേണ്ടി ജലജ് സക്സേന, ആസിഫ് എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. നിധീഷ് ഒരു വിക്കറ്റ് സ്വന്തമാക്കി. വിജയത്തോടെ രണ്ട് മത്സരങ്ങളില്‍ നിന്നും 8 പോയിന്‍റാണ് കേരളത്തിനുള്ളത്. കേരളത്തിന്‍റെ അടുത്ത മത്സരം ഡല്‍ഹിക്കെതിരെയാണ്.

റെക്കോഡ് തിളക്കുവുമായി മുഹമ്മദ് അസ്ഹറുദ്ദീൻ.

മുഹമ്മദ് അസ്ഹറുദ്ദീൻ

ഇതാദ്യമായാണ് ഒരു കേരള താരം ടി20യില്‍ ഒരു സെഞ്ചുറി നേടുന്നത്. അതും ടൂര്‍ണമെന്‍റ് ചരിത്രത്തിലെ രണ്ടാമത്തെ വേഗതയേറിയ സെഞ്ചുറിയടിച്ചാണ് റെക്കോഡ് ബുക്കില്‍ ഇടം നേടിയത്. 37 പന്തില്‍ സെഞ്ചുറി നേടിയ കേരള താരത്തിനു മുന്നിലായുള്ളത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. 2018 ല്‍ ഡല്‍ഹി ജേഴ്സിയില്‍ 32 പന്തിലാണ് ഹിമാചല്‍ പ്രദേശിനെതിരെ റിഷഭ് പന്ത് സെഞ്ചുറി തികച്ചത്.

Muhammed Azharuddeen Quick century led Kerala to Win against Mumbai in Sayed Mushtaq Ali trophy

Scroll to Top