വമ്പൻ താരങ്ങൾക്കൊക്കെ പരിക്ക്. പക്ഷെ ജയിക്കാനുള്ള അസ്ത്രം ഇപ്പോഴും ധോണിയുടെ ആവനാഴിയിലുണ്ട്.

ക്രിക്കറ്റ് മൈതാനത്ത് അത്ഭുതങ്ങൾ കാണിക്കുന്ന ഒരു മാന്ത്രികൻ. അതാണ് എം എസ് ധോണി. എത്ര സമ്മർദ്ദമേറിയ സാഹചര്യങ്ങളിലും തന്റെ ടീമിനെ ഏതെങ്കിലും വിധത്തിൽ കൈപിടിച്ചു കയറ്റിയ പാരമ്പര്യം മാത്രമേ മഹേന്ദ്ര സിംഗ് ധോണിക്കുള്ളു. അതുതന്നെയാണ് 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിലും കാണുന്നത്. ടീമിലെ വമ്പൻ താരങ്ങളൊക്കെയും പരിക്ക് മൂലവും മറ്റ് സാഹചര്യങ്ങൾ കൊണ്ടും മാറിനിൽക്കുമ്പോൾ ചെന്നൈ സൂപ്പർ കിംഗ്സ് അടിതെറ്റി വീഴുമെന്ന് എല്ലാവരും കരുതി. എന്നാൽ ഇപ്പോഴും വിജയത്തിലെത്താൻ ഒരു വഴി കണ്ടെത്തി കൊണ്ടിരിക്കുകയാണ് മഹേന്ദ്ര സിംഗ് ധോണി എന്ന അതികായൻ. 41 കാരനായ ധോണിയുടെ നായക തന്ത്രവും റ്റാറ്റിക്സുകളും ഇപ്പോഴും വിട്ടുപോയിട്ടില്ല എന്ന് സൂചന കൂടിയാണ് ഐപിഎല്ലിലെ ആദ്യ മത്സരങ്ങൾ നൽകുന്നത്.

സീസണിന്റെ തുടക്കത്തിൽ അത്ര നല്ല വാർത്തയല്ല ചെന്നൈയെ തേടിയെത്തിയത്. സീസൺ തുടങ്ങുന്നതിനു മുൻപ് തന്നെ കയ്ൽ ജാമിസൺ ചെന്നൈ സൂപ്പർ കിങ്സ് വിട്ടുപോയിരുന്നു. ശേഷം കഴിഞ്ഞ സീസണിലെ ചെന്നൈയുടെ മുൻനിര ബോളറായ മുകേഷ് ചൗധരിയും പരിക്ക് മൂലം സീസണിൽ നിന്നും മാറിനിന്നു. ഒപ്പം 14 കോടി രൂപയ്ക്ക് ചെന്നൈ സ്വന്തമാക്കിയ ദീപക് ചാഹറും പരിക്കിന്റെ പിടിയിലായി. പിന്നീട് ഇത്തവണ വമ്പൻ തുകയ്ക്ക് ചെന്നൈ സ്വന്തമാക്കിയ ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ്, മോയിൻ അലി, ഇങ്ങനെ സൂപ്പർതാരങ്ങളൊക്കെയും പരിക്ക് മൂലം മത്സരങ്ങളിൽ നിന്ന് മാറി നിന്നിരുന്നു.

6f07c51f 4e54 49a6 959d 31b39e06f726

പക്ഷേ ഇതൊന്നും തങ്ങളെ ബാധിക്കില്ല എന്ന് പറയാതെ പറയുകയാണ് മഹേന്ദ്ര സിംഗ് ധോണി. പലരും എഴുതിതള്ളിയ ഒരുപാട് യുവതാരങ്ങൾ ഇവർക്ക് പകരക്കാരായി തന്നെ ടീമിലേക്ക് എത്തി. ധോണി എന്ന നായകന്റെ കീഴിൽ ഇവരൊക്കെയും മികവുപുലർത്തുന്നതാണ് കഴിഞ്ഞ മത്സരങ്ങളിൽ കാണുന്നത്. ആദ്യ മത്സരത്തിൽ തല്ലുകൊണ്ട തുഷാർ ദേശ്പാണ്ടെ കഴിഞ്ഞ മത്സരങ്ങളിൽ മികവ് പുലർത്തി. ഒപ്പം ഇന്ത്യയുടെ അണ്ടർ 19 താരം ഹംഗർഗെക്കർ, ആകാശ് സിംഗ് ഇങ്ങനെ ഒരുപാട് കളിക്കാർ ധോണിയുടെ കീഴിൽ 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നു. എല്ലാവരും ഓരോ മത്സരങ്ങൾ കഴിയുമ്പോൾ മെച്ചപ്പെടുന്നതും കാണാൻ സാധിക്കും. ആരൊക്കെ ടീമിന് പുറത്തായാലും തന്റെ ടീമിനെ ഇരുകൈയും പിടിച്ച് ഉയർത്തിയെടുക്കാൻ ധോണിക്കുള്ള കഴിവ് തന്നെയാണ് ഈ കളിക്കാരുടെയൊക്കെയും പ്രകടനം സൂചിപ്പിക്കുന്നത്.

ബാംഗ്ലൂരിനെതിരായ മത്സരത്തിൽ, ബാറ്റിംഗ് പറുദീസയിൽ അവസാന 20 പന്തുകളിൽ 36 റൺസ് ആയിരുന്നു ചെന്നൈക്ക് പ്രതിരോധിക്കാനുള്ളത്. എല്ലാവരും വിലകുറച്ചു കണ്ട ബോളിഗ് നിരയെ അനായാസം ബാംഗ്ലൂർ അടിച്ചു തൂക്കുമെന്ന് എല്ലാവരും കരുതി. എന്നാൽ അവസാന ഓവറുകളിൽ ധോണിയുടെ നേതൃത്വത്തിൽ ഒരു ഉഗ്രൻ ബോളിംഗ് പ്രകടനമാണ് ചെന്നൈ കാഴ്ചവച്ചത്. എല്ലാ അർത്ഥത്തിലും തന്റെ ശൈലിക്കൊപ്പം യുവപെസർമാരെ ചേർത്തുനിർത്താൻ ധോണിക്ക് സാധിച്ചിട്ടുണ്ട്. വരും മത്സരങ്ങളിൽ ധോണിയിൽ നിന്നും ഇത്തരം അത്ഭുതങ്ങൾ ഉണ്ടായാൽ ചെന്നൈ പ്ലെയോഫിൽ കയറും എന്ന കാര്യത്തിൽ സംശയമില്ല.

Previous articleആദ്യ ഓവർ മൈഡൻ ആയതിന് ശേഷം ഞാൻ മേയേഴ്‌സിനോട് സംസാരിച്ചു. നിർണായക തീരുമാനത്തെപറ്റി രാഹുൽ.
Next articleസഞ്ജു ബോൾ കാണുന്നു, അടിക്കുന്നു. സാഹചര്യത്തിനനുസരിച്ച് കളിക്കുന്നവർ രാജസ്ഥാനിലില്ല. മുൻ താരം