രാജസ്ഥാനെതിരായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മത്സരത്തിൽ കാണാനായത് എം എസ് ധോണി എന്ന ഫിനിഷറുടെ ഒരു മികച്ച ഇന്നിംഗ്സ് തന്നെയായിരുന്നു. മത്സരത്തിൽ ചെന്നൈയെ വിജയിപ്പിക്കാൻ സാധിച്ചില്ലെങ്കിലും ഐപിഎൽ ആരാധകർക്കായി മികച്ച ഒരു മത്സരം സമ്മാനിക്കാൻ ധോണിയുടെ വെടിക്കെട്ട് ബാറ്റിംഗിന് സാധിച്ചു. നായകനായുള്ള തന്റെ 200ആമത്തെ മത്സരത്തിൽ എല്ലാത്തരത്തിലും ധോണി ഒരു കടുത്ത പോരാട്ടം തന്നെ കാഴ്ചവച്ചു. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 176 എന്ന വിജയലക്ഷത്തിലേക്ക് നീങ്ങിയ ചെന്നൈയ്ക്ക് പാതിവഴിയിൽ കാലിടറുകയായിരുന്നു. അവിടെനിന്നാണ് മഹേന്ദ്ര സിംഗ് ധോണിയും രവീന്ദ്ര ജഡേജയും ചെന്നൈയെ പ്രതീക്ഷയുടെ കൈകളിലേക്ക് എത്തിച്ചത്.
പതിനെട്ടാം ഓവറിന്റെ തുടക്കത്തിൽ ആദം സാമ്പയെ ബൗണ്ടറി കടത്തിയായിരുന്നു ധോണി തന്റെ ആക്രമണം മത്സരത്തിൽ അഴിച്ചുവിട്ടത്. ശേഷം ഓവറിലെ നാലാം പന്തിൽ ധോണി സാമ്പയെ സിക്സറിനും തൂക്കി. ഇതോടെ ധോണി ചെന്നൈ ആരാധകർക്ക് പ്രതീക്ഷകൾ നൽകി. മത്സരത്തിന്റെ 19 ആം ഓവറിൽ കാണാൻ സാധിച്ചത് ജഡേജയുടെ ഒരു തൂക്കിയടി തന്നെയായിരുന്നു. 19ആം ഓവർ എറിഞ്ഞത് ജയ്സൺ ഹോൾഡറായിരുന്നു. ഓവറിലെ മൂന്നാമത്തെ പന്തിൽ ജഡേജ ഒരു ബൗണ്ടറി നേടുകയുണ്ടായി. ശേഷം നാലാം പന്തിലും അവസാന പന്തിലും സിക്സറും നേടിയതോടെ ചെന്നൈയ്ക്ക് അവസാന ഓവറിൽ 21 റൺസ് ആയിരുന്നു വിജയിക്കാൻ വേണ്ടത്.
എന്നാൽ മഹേന്ദ്ര സിംഗ് ധോണി ക്രീസിലുള്ളപ്പോൾ ഇത് ഒരു വിജയലക്ഷ്യമല്ല എന്ന് തന്നെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർ കരുതിയത്. അവസാന ഓവറിലെ രണ്ടാം പന്തിൽ സന്ദീപ് ശർമ്മയ്ക്കെതിരെ ഒരു ഫ്ലാറ്റ് സിക്സ് ധോണി നേടുകയുണ്ടായി. ഇതോടെ ചെന്നൈ ആരാധകർ വീണ്ടും പ്രതീക്ഷയിലേക്ക് തിരിച്ചെത്തി. അടുത്ത പന്തിൽ വീണ്ടും സന്ദീപ് ശർമയെ സിക്സറിന് പായിച്ച് മഹേന്ദ്ര സിംഗ് ധോണി തന്റെ കരുത്ത് കാട്ടി. എന്നാൽ അവസാന മൂന്നു ബോളുകളിൽ തന്റെ സ്ഥിരത കണ്ടെത്തി സന്ദീപ് ശർമ തിരിച്ചുവന്നതോടെ ചെന്നൈ പരാജയമറിയുകയായിരുന്നു.
എന്നിരുന്നാലും മത്സരത്തിൽ ഒരു തകര്‍പ്പന്‍ പ്രകടനം തന്നെയാണ് മഹേന്ദ്ര സിംഗ് ധോണി കാഴ്ചവച്ചത്. 17 പന്തുകൾ നേരിട്ട ധോണി മത്സരത്തിൽ 32 റൺസ് ആണ് നേടിയത്. ഒരു ബൗണ്ടറിയും മൂന്ന് സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു. ചെന്നൈക്കായി ബാറ്റിംഗിനിറങ്ങിയ മത്സരങ്ങളിലൊക്കെയും ധോണി ഈ ഫോം തുടരുന്നു. സമീപകാലത്ത്, ധോണി വിരമിക്കണമെന്ന് ആവശ്യപ്പെട്ട ഒരു കൂട്ടം മുൻ ക്രിക്കറ്റ് താരങ്ങൾക്കുള്ള മറുപടി കൂടിയാണ് ധോണിയുടെ ഈ ഇന്നിങ്സുകൾ.