ചെന്നൈ സൂപ്പർ കിംഗ്സിനായി വീണ്ടും ഫിനിഷിംഗ് ലൈനിൽ അടിച്ചുതകർത്ത് മഹേന്ദ്ര സിംഗ് ധോണി. ചെന്നൈയുടെ പഞ്ചാബിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ ഫിനിഷിംഗ് ആയിരുന്നു ധോണി ചെന്നൈക്ക് നൽകിയത്. മത്സരത്തിൽ ചെന്നൈ ഇന്നിങ്സിന്റെ അവസാന ഓവറിൽ ക്രീസിലെത്തിയ ധോണി അവസാന 2 പന്തുകളിൽ സിക്സർ നേടിയാണ് ഫിനിഷിംഗ് കരുത്ത് വീണ്ടും തെളിയിച്ചത്. മത്സരത്തിൽ അവസാന ഓവറിലെ ആദ്യ പന്തിലായിരുന്നു രവീന്ദ്ര ജഡേജ പുറത്തായത്. ശേഷമാണ് മഹേന്ദ്ര സിംഗ് ധോണി ക്രീസിലേക്ക് നടന്നെടുത്തത്.
തന്റെ ഇന്നിംഗ്സിലെ ആദ്യ രണ്ടു പന്തുകളിൽ ധോണിക്ക് ഒരു റൺ മാത്രമായിരുന്നു നേടാൻ സാധിച്ചത്. ആദ്യ ബോളിൽ ധോണി ആഞ്ഞടിക്കാൻ ശ്രമിച്ചെങ്കിലും മതിയായ രീതിയിൽ ബോൾ ബാറ്റിൽ കൊണ്ടില്ല. രണ്ടാം പന്തിൽ ഒരു സിംഗിളാണ് ധോണി നേടിയത്. ശേഷം അടുത്ത പന്ത് കോൺവെ പ്രതിരോധിച്ചു. പിന്നീട് അവസാന രണ്ടു പന്തുകൾ മാത്രമായിരുന്നു ധോനിക്ക് മുൻപിൽ ഉണ്ടായിരുന്നത്. ചെന്നൈ സ്കോർ ആ സമയത്ത് 188ൽ നിൽക്കുന്നു. അടുത്ത പന്ത് ഓഫ് സൈഡിലേക്ക് ഒരു സ്ലോ ഷോട്ട് ബോളായി ആയിരുന്നു സാം കരൻ എറിഞ്ഞത്. അത് എത്തിപ്പിടിച്ച ധോണി ഓഫ് സൈഡിലേക്ക് ഒരു കിടിലൻ സിക്സർ പറത്തി.
ഇതോടെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ സ്കോർ 194 റൺസിൽ എത്തുകയായിരുന്നു. അവസാന പന്തിലും ധോണി സിക്സർ അടിച്ചു തൂക്കിയതോടെ ചെന്നൈ സ്കോർ 200 കടന്നു. മത്സരത്തിൽ ധോണി നാലു പന്തുകളിൽ 13 റൺസ് ആണ് നേടിയത്. ഇത് ആദ്യമായല്ല 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ ധോണി അവസാന ഓവറിൽ മൈതാനത്തെത്തി ഫിനിഷിംഗ് പൂർത്തിയാക്കുന്നത്. തന്റെ കരിയറിലൂടനീളം ഇത്തരം ഇന്നിംഗ്സുകൾ കളിച്ചിട്ടുള്ള ധോണി കരിയറിന്റെ അവസാന ദിവസങ്ങളിലും എത്രമാത്രം ശക്തനാണ് എന്ന് വിളിച്ചോതുന്ന പ്രകടനമാണ് മത്സരത്തിൽ കാഴ്ചവച്ചത്.
എന്നിരുന്നാലും പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് അവിചാരിതമായ പരാജയം ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ചെന്നൈ 200 റൺസ് നേടി. മറുപടി ബാറ്റിംഗിൽ പഞ്ചാബിനായി പ്രഭുസിമ്രാനും ലിവിങ്സ്റ്റണും അടിച്ചു തകർക്കുകയായിരുന്നു. അവസാന ഓവറുകളിൽ മധ്യനിര ബാറ്റർമാർ മികവു കാട്ടിയപ്പോൾ മത്സരത്തിൽ നാല് വിക്കറ്റുകളുടെ വിജയം പഞ്ചാബ് നേടുകയുണ്ടായി.