രോഹിതിനെ ഇന്നത്തെ ലെവലിൽ എത്തിച്ചത് ധോണിയുടെ പിന്തുണ. ഗൗതം ഗംഭീർ തുറന്ന് പറയുന്നു.

F5Ap5QSb0AA4j7y scaled

ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ഏഷ്യകപ്പ് മത്സരത്തിനിടെ ഒരു തകര്‍പ്പന്‍ നാഴികക്കല്ല് രോഹിത് ശർമ പിന്നിടുകയുണ്ടായി. ഏകദിന ക്രിക്കറ്റിൽ 10000 റൺസ് തികയ്ക്കുന്ന ബാറ്റർ എന്ന എലൈറ്റ് ക്ലബ്ബിലേക്കാണ് മത്സരത്തിലൂടെ രോഹിത് ശർമ പ്രവേശിച്ചത്. ഇന്ത്യയ്ക്കായി ഏകദിനത്തിൽ 10000 റൺസ് സ്വന്തമാക്കുന്ന അഞ്ചാമത്തെ താരമാണ് രോഹിത് ശർമ. രോഹിത്തിന്റെ ഈ നേട്ടത്തിന് പിന്നാലെ അദ്ദേഹത്തിന് പ്രശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഒപ്പം രോഹിത്തിന്റെ വളർച്ചയിൽ മഹേന്ദ്ര സിംഗ് ധോണി എത്രമാത്രം പങ്കുവഹിച്ചു എന്നും ഗൗതം ഗംഭീർ പറയുകയുണ്ടായി.

രോഹിത്തിന്റെ പ്രയാസ സമയങ്ങളിൽ ഏറ്റവുമധികം പിന്തുണ നൽകിയിട്ടുള്ള ക്രിക്കറ്ററാണ് മഹേന്ദ്ര സിംഗ് ധോണി എന്ന് ഗൗതം ഗംഭീർ പറഞ്ഞു. “ഏകദിന ക്രിക്കറ്റിൽ 10000 റൺസ് കണ്ടെത്തുക എന്നത് നിസ്സാര കാര്യമല്ല. രോഹിത്തിന്റെ കരിയറിൽ ഒരുപാട് ഉയർച്ചകളും താഴ്ചകളും ഇതുവരെ ഉണ്ടായിട്ടുണ്ട്. അദ്ദേഹം ഇന്നത്തെ രോഹിത് ശർമയായി മാറാൻ കാരണം മഹേന്ദ്ര സിംഗ് ധോണിയാണ്. കരിയറിന്റെ തുടക്കത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ച താരമാണ് രോഹിത്. എന്നാൽ ആ സമയത്ത് ധോണി രോഹിത്തിന് വലിയ രീതിയിൽ പിന്തുണ നൽകി. ഇതേ പോലെ തന്നെ രോഹിത് വളർന്നുവരുന്ന മറ്റു താരങ്ങൾക്കും പിന്തുണ നൽകാൻ തയ്യാറാവണം. അക്കാര്യമാണ് എനിക്ക് അറിയാൻ താല്പര്യമുള്ളതും.”- ഗംഭീർ പറഞ്ഞു.

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.

“മുൻപ് ഒരു ആഭ്യന്തര മത്സരത്തിൽ ഞാനും രോഹിത്തും എതിർ ടീമിൽ കളിച്ചിരുന്നു. അന്ന് എന്റെ ടീം നേടിയത് 350 റൺസായിരുന്നു. മത്സരത്തിൽ അഞ്ചാമനായാണ് അന്ന് രോഹിത് ബാറ്റിംഗിനിറങ്ങിയത്. അഞ്ചാമനായി ഇറങ്ങിയ രോഹിത് മത്സരത്തിൽ 130 റൺസ് സ്വന്തമാക്കുകയും ടീമിനെ വിജയത്തിൽ എത്തിക്കുകയും ചെയ്തു. ടീമിലെ സഹതാരമായിരുന്ന വസീം ജാഫറിനോട് ഞാൻ രോഹിത്തിനെ പറ്റി അന്ന് ചോദിച്ചിരുന്നു. ആരാണ് ആ പയ്യൻ എന്ന് ഞാൻ ചോദിച്ചറിഞ്ഞു. രോഹിത് ശർമ ഒരു സ്പെഷ്യൽ കളിക്കാരനാണ് എന്ന് അന്നുമുതലേ എനിക്ക് അറിയാമായിരുന്നു. ” – ഗൗതം ഗംഭീർ കൂട്ടിച്ചേർക്കുന്നു.

241 ഇന്നിംഗ്സുകൾ കളിച്ചാണ് രോഹിത് ശർമ ഏകദിന ക്രിക്കറ്റിൽ 10000 റൺസ് പിന്നിട്ടിരിക്കുന്നത്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗതയിൽ 10000 റൺസ് പൂർത്തീകരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് രോഹിത് ശർമ. നിലവിൽ ഏഷ്യകപ്പിൽ മികച്ച ഫോമിൽ തന്നെയാണ് രോഹിത് കളിക്കുന്നത്. തുടർച്ചയായി മൂന്ന് അർത്ഥ സെഞ്ച്വറികൾ രോഹിത് ഏഷ്യാകപ്പിൽ സ്വന്തമാക്കിയിട്ടുണ്ട്. 2023 ൽ ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ രോഹിത്തിന്റെ മികച്ച ഫോം ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

Scroll to Top