നായകന്റെ താണ്ഡവം. 40000 കാണികളെ രോമാഞ്ചത്തിലാക്കി ധോണി വിളയാട്ടം.

ചെന്നൈയിലെ കാണികളെ ആവേശത്തിലാക്കി മഹേന്ദ്ര സിംഗ് ധോണിയുടെ രോമാഞ്ചിഫിക്കേഷൻ സിക്സറുകൾ. മത്സരത്തിന്റെ അവസാന ഓവറിൽ ക്രീസിലെത്തി അമാനുഷിക ഷോട്ടുകളാണ് ധോണി നേടിയത്. 1427 ദിവസങ്ങൾക്ക് ശേഷം ചെന്നൈ സൂപ്പർ കിംഗ്സ് തിരികെ നാട്ടിലെത്തിയ മത്സരത്തിൽ, എല്ലാത്തരത്തിലും കാണികളെ കയ്യിലെടുക്കുന്ന ഷോട്ടുകളായിരുന്നു ധോണിയുടെ ബാറ്റിൽ നിന്ന് ഉയർന്നത്. മാത്രമല്ല ചെന്നൈയ്ക്ക് 217 എന്ന വമ്പൻ സ്കോർ നേടിക്കൊടുക്കാനും ധോണിയുടെ ഈ ചെറിയ ഇന്നിങ്സിന് സാധിച്ചു.

ഇന്നിംഗ്സിൽ കേവലം മൂന്ന് പന്തുകൾ മാത്രമാണ് ധോണി നിന്നത്. അവസാന ഓവറിൽ ജഡേജ മാർക്ക് വുഡിന്റെ പന്തിൽ പുറത്താകുകയായിരുന്നു. ശേഷമാണ് ധോണി ക്രീസിലെത്തിയത്. ആദ്യ പന്ത് തന്നെ 148 സ്പീഡിലാണ് മാർക്ക് വുഡ് എറിഞ്ഞത്. ഓഫ് സ്റ്റമ്പിനു പുറത്തുവന്ന പന്ത് ധോണി ആഞ്ഞടിച്ചു. ബോൾ തേർഡ്മാന് മുകളിലൂടെ സിക്സർ ലൈൻ കടക്കുകയായിരുന്നു. അതോടെ ചെന്നൈയിൽ ഒത്തുകൂടിയ കാണികൾ ആവേശഭരിതരായി. ഗ്യാലറിയിൽ “ധോണി” എന്ന ആരവം അലയടിക്കാൻ തുടങ്ങി.

എന്നാൽ അത് അവസാനിക്കുന്നതിനു മുൻപ് അടുത്ത പന്തിൽ മാർക്ക് വുഡിനെ വീണ്ടും ഒരു തകർപ്പൻ സിക്സറിന് തൂക്കി ധോണി അത്ഭുതം കാട്ടി. ഷോർട്ട്ബോൾ ആയി വന്ന പന്ത് ധോണി മുൻപിലേക്ക് കയറി പുൾ ചെയ്യുകയായിരുന്നു. കമന്ററി ബോക്സിൽ ഉണ്ടായിരുന്ന മുൻ താരങ്ങൾ പോലും ആവേശത്തിലായത് ധോണിയുടെ ഈ ഷോട്ടിലായിരുന്നു. 40,000ത്തോളം വരുന്ന കാണികൾക്കിടയിലേക്ക് ആ പന്ത് ചെന്ന് വീണതോടെ ആവേശം അണപൊട്ടുകയായിരുന്നു. മാർക്ക് വൂഡിന്റെ അടുത്ത പന്തിൽ കൂടാരം കയറിയെങ്കിലും ചെന്നൈ സൂപ്പർ കിംഗ്സിനായി അവസാന ഓവറിലിറങ്ങി ഒരു തകർപ്പൻ ഇന്നിങ്സാണ് ധോണി കാഴ്ചവെച്ചത്. കേവലം മൂന്നു പന്തുകളിൽ 12 റൺസ് ആണ് ധോണി മത്സരത്തിൽ നേടിയത്.

മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ ലക്നൗ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു  ഗെയ്ക്വാഡും കോൺവെയും ചേർന്ന് ചെന്നൈയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. അവസാന ഓവറുകളിൽ റായിഡുവും ധോണിയും അതു മുതലാക്കിയതോടെ ചെന്നൈ 217 എന്ന വമ്പൻ സ്കോറിലേക്ക് കുതിക്കുകയായിരുന്നു. ലക്നൗവിന്റെ വമ്പൻ ബാറ്റിംഗ് നിരയെ പിടിച്ചു കെട്ടാനുള്ള ശ്രമത്തിൽ തന്നെയാണ് ചെന്നൈ ബോളർമാർ ഇപ്പോൾ.

Previous articleവീണ്ടും മഞ്ഞ ജേഴ്സിയിൽ ഋതു ഷോ. ഗൗതമിനെ ഓരോവറിൽ തൂക്കിയത് 3 സിക്സ്.
Next articleചെന്നൈയിൽ ധോണിപ്പടയുടെ തേരോട്ടം. മോയീൻ അലിയുടെ കുടുക്കിൽപെട്ട് ലക്നൗ.