ചരിത്ര റെക്കോർഡ് നേടി സഞ്ജു സാംസണ്‍. മറികടന്നത് സാക്ഷാൽ ഷെയ്ൻ വോണിനെ

പഞ്ചാബിനെതിരായ ഐപിഎൽ മത്സരത്തിൽ 50 റൺസിന്റെ തകർപ്പൻ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. നായകനായി തിരിച്ചെത്തിയ സഞ്ജു സാംസണ് മികച്ച രീതിയിൽ ടീമിനെ നയിക്കാൻ സാധിച്ചു. ഈ വിജയം സ്വന്തമാക്കിയതോടെ സഞ്ജുവിന് ഒരു വമ്പൻ റെക്കോർഡാണ് കൈവന്നിരിക്കുന്നത്.

രാജസ്ഥാൻ റോയൽസ് ടീമിനായി ഏറ്റവുമധികം വിജയങ്ങൾ സ്വന്തമാക്കുന്ന നായകൻ എന്ന റെക്കോർഡ് സഞ്ജു ഇതോടെ പേരിൽ ചേർത്തിട്ടുണ്ട്. ഇതിഹാസതാരം ഷെയ്ൻ വോണിനെ മറികടന്നാണ് സഞ്ജു സാംസൺ ഇപ്പോൾ ഈ റെക്കോർഡിൽ ഇടം പിടിച്ചിരിക്കുന്നത്. ഇതുവരെ 62 മത്സരങ്ങളിൽ രാജസ്ഥാനെ നയിച്ച സഞ്ജു സാംസൺ 32 വിജയങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്.

2008 മുതൽ 2011 വരെ 56 മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസിനെ നയിച്ച ഷെയ്ൻ വോൺ 31 വിജയങ്ങളായിരുന്നു സ്വന്തമാക്കിയിരുന്നത്. ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുള്ളത് രാജസ്ഥാൻ പരിശീലകനായ രാഹുൽ ദ്രാവിഡാണ്. 40 മത്സരങ്ങളിൽ രാജസ്ഥാൻ ടീമിനെ നയിക്കാൻ ദ്രാവിഡിന് അവസരം ലഭിച്ചു. ഇതിൽ നിന്ന് 23 വിജയങ്ങൾ ദ്രാവിഡ് സ്വന്തമാക്കി. 15 വിജയങ്ങൾ നായകൻ എന്ന നിലയിൽ രാജസ്ഥാനായി സ്വന്തമാക്കിയ സ്റ്റീവ് സ്മിത്താണ് ഈ ലിസ്റ്റിൽ നാലാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത്. 

മത്സരത്തിൽ ബാറ്റിങ്ങിലും കീപ്പിങ്ങിലും ക്യാപ്റ്റൻസിലും മികവ് പുലർത്താൻ സഞ്ജു സാംസണ് സാധിച്ചിട്ടുണ്ട്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ടീമിന് വേണ്ടി 26 പന്തുകളിൽ 38 റൺസ് നേടി മികച്ച തുടക്കമാണ് സഞ്ജു നൽകിയത്. 6 ബൗണ്ടറികൾ സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടിരുന്നു. ഇതിന്റെ ബലത്തിലാണ് രാജസ്ഥാൻ അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചത്. രാജസ്ഥാനായി ജയസ്വാൾ 45 പന്തുകളിൽ 67 റൺസ് സ്വന്തമാക്കി. ഇതോടെ രാജസ്ഥാൻ 205 റൺസിൽ ഫിനിഷ് ചെയ്യുകയായിരുന്നു.

മറുപടി ബാറ്റിംഗിൽ പഞ്ചാബിനെ പൂർണമായും ഒതുക്കാൻ രാജസ്ഥാന് സാധിച്ചു. പഞ്ചാബിനായി 62 റൺസ് നേടിയ നേഹൽ വധേര മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. രാജസ്ഥാനായി ബോളിങ്ങിൽ മികച്ച പ്രകടനം കാഴ്ചവച്ചത് ജോഫ്ര ആർച്ചറാണ്. 4 ഓവറുകളിൽ 25 റൺസ് മാത്രം വിട്ടുനൽകി 3 വിക്കറ്റുകൾ സ്വന്തമാക്കാൻ ആർച്ചർക്ക് സാധിച്ചു. മത്സരത്തിൽ 50 റൺസിന്റെ വിജയമാണ് രാജസ്ഥാന് സ്വന്തമാക്കാൻ സാധിച്ചത്. ഇതോടെ പോയിന്റ് പട്ടികയിൽ വലിയൊരു കുതിച്ചുചാട്ടം ഉണ്ടാക്കാനും രാജസ്ഥാന് സാധിച്ചു.