ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ക്ലാസിക്ക് പോരാട്ടമായ ചെന്നൈ സൂപ്പര്‍ കിംഗ്സ് – മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തില്‍ ടോസ് നേടിയ ജഡേജ ബോളിംഗ് തിരഞ്ഞെടുത്തു. ഐപിഎല്ലിലെ ഏറ്റവും കൂടുതല്‍ തവണ ചാംപ്യന്‍മാരായ ഈ ടീമുകള്‍ ഈ സീസണില്‍ അവസാന സ്ഥാനത്താണെങ്കിലും പോരാട്ടത്തിനു ഒരു കുറവുമില്ലാ.
മുംബൈ ഇന്ത്യന്‍സിനായി ഓപ്പണ്‍ ചെയ്യാന്‍ എത്തിയത് ഇഷാന്‍ കിഷനും രോഹിത് ശര്‍മ്മയുമാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സിനായി ബോളിംഗ് ഓപ്പണ്‍ ചെയ്തത് മുകേഷ് ചൗധരിയും. ആദ്യ പന്തില്‍ ഇന്‍സ്വിങ്ങിങ്ങ് യോര്‍ക്കറിലൂടെയാണ് താരം തുടങ്ങിയത്. രണ്ടാം പന്തില്‍ മുംബൈ ക്യാപിനെ ഞെട്ടിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റ് നഷ്ടമായി.
രണ്ടാം പന്തില്‍ മിച്ചല്‍ സാന്‍റ്നറുടെ കൈകളില്‍ ക്യാച്ച് കൊടുത്താണ് റണ്ണൊന്നുമെടുക്കാതെ രോഹിത് ശര്‍മ്മ പുറത്തായത്. ഐപിഎല്ലില്‍ 14ാം തവണെയാണ് രോഹിത് ശര്‍മ്മ പൂജ്യത്തിനു പുറത്തായത്.
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിനു പുറത്തായ താരമായി ഇതോടെ മുംബൈ ക്യാപ്റ്റന്‍ മാറി. 13 ഡക്കുള്ള പീയൂഷ് ചൗള, ഹര്‍ഭജന്‍ സിങ്ങ്, മന്‍ദീപ് സിങ്ങ്, പാര്‍ഥീവ് പട്ടേല്‍, അജിങ്ക്യ രഹാനെ, അമ്പാട്ടി റായുഡു എന്നിവരെയാണ് രോഹിത് ശര്‍മ്മ മറികടന്നത്. രോഹിത് ശര്‍മ്മയുടെ 2 ഡക്ക് ഡെക്കാന്‍ ചാര്‍ജേഴ്സ് ജേഴ്സിയിലും ബാക്കി 12 മുംബൈ ഇന്ത്യന്‍സ് ജേഴ്സിയിലുമാണ്.