2023 ഏകദിന ലോകകപ്പിൽ ഇന്ത്യ ഇതുവരെ വളരെ മികച്ച പ്രകടനങ്ങളാണ് പുറത്തെടുത്തിട്ടുള്ളത്. ഇതുവരെ 8 മത്സരങ്ങൾ കളിച്ച ഇന്ത്യ 8 മത്സരങ്ങളിലും വിജയം സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ തുടർച്ചയായ വിജയങ്ങൾക്ക് ശേഷം വലിയ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരങ്ങൾ. ലോകകപ്പിൽ ഇന്ത്യ ഉപയോഗിക്കുന്നത് വ്യത്യസ്തമായ ഒരു പന്താണെന്ന് മുൻ പാക്കിസ്ഥാൻ താരം ഹസൻ റാസ പറഞ്ഞിരുന്നു. ഒപ്പം ഡിസിഷൻ റിവ്യൂ സിസ്റ്റം അടക്കമുള്ള കാര്യങ്ങൾ ഇന്ത്യയെ ഈ ലോകകപ്പിൽ സഹായിക്കുന്നുണ്ട് എന്നും റാസ ആരോപിച്ചു. റാസയുടെ ഈ വിവാദ പരാമർശങ്ങൾക്ക് മറുപടി നൽകി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ പേസർ മുഹമ്മദ് ഷാമി.
പാക്കിസ്ഥാൻ മാധ്യമ പ്രവർത്തകരോടാണ് ഇതേ സംബന്ധിച്ചുള്ള മറുപടി ഷാമി പറഞ്ഞിരിക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഈ വിവാദ പരാമർശങ്ങൾക്കുള്ള മറുപടി ഇന്ത്യൻ പേസർ നൽകിയത്. “കുറച്ചെങ്കിലും നാണം തോന്നുക. മത്സരത്തിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുക. മറ്റുള്ളവരുടെ വിജയവും ആസ്വദിക്കുക. ഇതൊരു ഐസിസി ഇവന്റാണ്, അല്ലാതെ ലോക്കൽ ടൂർണ്ണമെന്റല്ല. നിങ്ങളുടെ തന്നെ മുൻ താരമായ വസീം ഭായി (വസീം അക്രം) ഇക്കാര്യം നിങ്ങൾക്ക് നന്നായി തന്നെ വിശദീകരിച്ചിട്ടുണ്ട്.നിങ്ങളുടെ സ്വന്തം കളിക്കാരനായ വസീം അക്രത്തിൽ എങ്കിലും നിങ്ങൾ വിശ്വാസം പ്രകടിപ്പിക്കൂ. നിങ്ങൾ നിങ്ങളെ തന്നെ പ്രശംസിച്ചു കൊണ്ടാണ് മുൻപിലേക്ക് പോകുന്നത്.”- ഷാമി കുറിച്ചു.
കുറച്ചു ദിവസങ്ങൾക്കു മാത്രം മുമ്പായിരുന്നു മുൻ പാക്കിസ്ഥാൻ താരം ഹസൻ റാസ വലിയൊരു വിവാദ പരാമർശം നടത്തിയത്. ഇന്ത്യ തങ്ങളുടെ ബോളിങ്ങിന്റെ സമയത്ത് ബിസിസിഐയുടെയോ ഐസിസിയുടെയോ സഹായത്തോടെ പന്ത് മാറ്റുന്നുണ്ടെന്നും അതുകൊണ്ടാണ് ഇന്ത്യയ്ക്ക് മികച്ച ബോളിങ് പ്രകടനങ്ങൾ നടത്താൻ സാധിക്കുന്നത് എന്നുമായിരുന്നു ആദ്യം ഹസൻ റാസ പറഞ്ഞത്. പിന്നീട് ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് അനുകൂലമായി ഡിസിഷൻ റിവ്യൂ സിസ്റ്റം ഉണ്ടായെന്നും അത് പരിശോധിക്കണമെന്നും ഹസ്സൻ റാസ ആവശ്യപ്പെടുകയും ചെയ്തിരുന്നു. റാസയുടെ ഈ വാദങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം വലിയ വിവാദങ്ങൾക്ക് വഴിവെച്ചു.
എന്നാൽ മറുവശത്ത് ഇന്ത്യയെ സംബന്ധിച്ച് വളരെ ആധികാരികമായ വിജയങ്ങൾ തന്നെയാണ് ടൂർണമെന്റിലുടനീളം നേടിയിട്ടുള്ളത്. എല്ലാ മത്സരത്തിലും കൃത്യമായ ആധിപത്യം സ്ഥാപിച്ചായിരുന്നു ഇന്ത്യയുടെ വിജയങ്ങൾ. ലോകകപ്പിന്റെ ലീഗ് റൗണ്ടിലെ തങ്ങളുടെ അവസാന മത്സരത്തിൽ നെതർലൻഡ്സിനെയാണ് ഇന്ത്യ നേരിടുന്നത്. ഞായറാഴ്ചയാണ് ഇന്ത്യയുടെ നെതർലൻഡ്സിനെതിരായ മത്സരം നടക്കുന്നത്. ഇതിനിടെ മറ്റു വിവാദങ്ങൾ ഒന്നും തന്നെ ഇന്ത്യ ശ്രദ്ധിക്കാൻ സാധ്യതയില്ല എന്നതാണ് വസ്തുത.