ഈ മാസം 26 ന് ഐപിഎല്ലിലെ പതിനഞ്ചാം പതിപ്പിന് തുടക്കമാവുകയാണ്. മുംബൈയിൽ വച്ച് നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് മത്സരം. ചെന്നൈയുടെ ബൗളിങ്ങിലെ കുന്തമുനയായ ദീപക് ചഹാർ പരിക്കുമൂലം ഐപിഎല്ലിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ഇപ്പോഴിതാ ചെന്നൈക്ക് വീണ്ടുമൊരു കനത്ത തിരിച്ചടി ലഭിച്ചിരിക്കുകയാണ്.
കഴിഞ്ഞവർഷം ടീമിലെത്തി ടീമിന്‍റെ മുഖ്യഘടമായി മാറിയ ഇംഗ്ലണ്ട് താരം മൊയീൻ അലി ഐപിഎലിൻ്റെ ഉദ്ഘാടന മത്സരത്തിന് ഉണ്ടാവുകയില്ല. വിസയുമായി ബന്ധപ്പെട്ട കാരണങ്ങൾകൊണ്ടാണ് താരത്തിന് ആദ്യമത്സരം നഷ്ടമാവുന്നത്.
കഴിഞ്ഞ വർഷം ടീമിലെത്തിയ താരം 15 മത്സരങ്ങളിൽ നിന്ന് 357 റൺസ് നേടിയിട്ടുണ്ട്. ആറു വിക്കറ്റുകളും താരം സ്വന്തമാക്കി. മഹേന്ദ്ര സിംഗ് ധോണിക്ക് കീഴിൽ 19 സിക്സറുകളും 31 ഫോറുകളും ഇ ഇംഗ്ലണ്ട് താരം അടിച്ചുകൂട്ടി. വിസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സാധാരണ സമയങ്ങളിൽ നിന്നും കൂടുതൽ സമയം എടുക്കുന്നതാണ് പ്രശ്നം.
ഫെബ്രുവരി 28ന് താരം വിസ അപ്ലിക്കേഷൻ സമർപ്പിച്ചതാണ്. എന്നാൽ ഇതുവരെ അതിന്‍റെ കാര്യങ്ങൾ കഴിഞ്ഞിട്ടില്ല. ബുധനാഴ്ച ഉച്ചയ്ക്ക് മുൻപായി ബയോ ബബിളിൽ കയറിയില്ലെങ്കിൽ, അദ്ദേഹത്തിന് ആദ്യ മത്സരം നഷ്ടമാകും. ചെന്നൈ സൂപ്പർ കിംഗ്സ് സി ഇ ഓ കാസി വിശ്വനാഥനാണ് ന്യൂ ഇന്ത്യൻ എക്സ്പ്രസ്നോട് കാര്യങ്ങൾ വിശദമാക്കിയത്. മൊയീൻ അലിയുടെ അഭാവത്തിൽ ന്യൂസിലൻഡ് താരം ഡിവോൻ കോൺവെക്ക് ആയിരിക്കും ഓപ്പണിങ്ങിൽ രുതുരാജ് ഗൈക്വാടിനൊപ്പം സ്ഥാനം ലഭിക്കുക. ഇന്ത്യൻ താരം റോബിൻ ഉത്തപ്പ മൂന്നാം സ്ഥാനത്തും ഇറങ്ങും.