2023 ഏകദിന ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ തരക്കേടില്ലാത്ത ബാറ്റിംഗ് തന്നെയാണ് ഇന്ത്യൻ ടീം കാഴ്ചവച്ചത്. എന്നിരുന്നാലും ചില മത്സരങ്ങളിൽ ഇന്ത്യയുടെ മുൻനിര ബാറ്റർമാർ പരാജയപ്പെടുകയുണ്ടായി. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലും ഇത് കാണാൻ സാധിച്ചു. മത്സരത്തിൽ 100 റൺസിന്റെ വിജയം നേടാൻ സാധിച്ചില്ലെങ്കിലും ചില ഇന്ത്യൻ ബാറ്റർമാരുടെ ഫോം നിരാശജനകമായിരുന്നു.
ഇതിൽ ഒരാളാണ് ശ്രേയസ് അയ്യർ. ടൂർണമെന്റിൽ പല മത്സരങ്ങളിലും മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലെടുക്കാൻ അയ്യർക്ക് സാധിച്ചിട്ടില്ല. ഇതുവരെ ഈ ലോകകപ്പിൽ 0, 25, 53, 19, 33, 4 എന്നിങ്ങനെയാണ് അയ്യർ നേടിയിട്ടുള്ളത്. 6 മത്സരങ്ങളിൽ നിന്ന് 134 റൺസാണ് അയ്യരുടെ സമ്പാദ്യം. 33.5 റൺസ് ശരാശരിയിലാണ് അയ്യരുടെ നേട്ടം. നിലവിലെ ഇന്ത്യൻ ടീമിന്റെ വലിയൊരു വീക്ക്നെസ്സ് ആണ് ശ്രേയസ് അയ്യർ എന്നാണ് മുൻ പാക്കിസ്ഥാൻ താരം മിസ്ബ പറയുന്നത്.
പലപ്പോഴും ഷോർട്ട് ബോളുകൾക്കെതിരെ അമിതമായി മുൻകരുതൽ എടുക്കുന്നതാണ് ശ്രേയസ് അയ്യരുടെ പ്രകടനത്തെ ബാധിക്കുന്നത് എന്ന് മിസ്ബാ പറയുന്നു. “ഫിറ്റ്നസ് വീണ്ടെടുത്തതിനുശേഷം ഹർദിക് പാണ്ട്യ ഇന്ത്യൻ ടീമിലേക്ക് തിരികെ വരേണ്ടതുണ്ട്. അഞ്ചാം നമ്പറിൽ രാഹുലിന് ഇറങ്ങേണ്ടി വരുന്നത് അല്പം ബുദ്ധിമുട്ടായിയാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത് അല്പം വൈകിയാണ്. രാഹുൽ ഒരു ക്ലാസ് കളിക്കാരനാണ്. അയാളെ നാലാം നമ്പറിൽ ഇന്ത്യ ഇറക്കാൻ ശ്രമിക്കണം. ഹർദിക് തിരിച്ചു വന്നതിനുശേഷം സൂര്യകുമാർ യാദവ് ആറാം നമ്പറിലും ജഡേജ ഏഴാം നമ്പറിലും ഇറങ്ങണം. അങ്ങനെ വരുമ്പോൾ ശ്രേയസ് അയ്യരുടെ സെലക്ഷൻ അല്പം ബുദ്ധിമുട്ടേറിയതായി മാറും.”- മിസ്ബാ പറയുന്നു.
“ശ്രേയസ് അയ്യര്‍ കഴിഞ്ഞ സമയങ്ങളിൽ കുറച്ച് റൺസ് നേടിയിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരെ ഒരു തകർപ്പൻ സെഞ്ച്വറി നേടിയതിന് ശേഷമാണ് അയ്യർ ഏകദിന ലോകകപ്പിലേക്ക് എത്തിയത്. അതിനാൽ വലിയ പ്രതീക്ഷയായിരുന്നു അയ്യർക്ക് മേൽ ഉണ്ടായിരുന്നത്. പക്ഷേ ഫാസ്റ്റ് ബോളിങ്ങിനെതിരെ 19-20 ശരാശരി മാത്രമാണ് ശ്രേയസ് അയ്യർക്കുള്ളത്. മാത്രമല്ല ഷോർട്ട് ബോളുകളിലേക്ക് വരുമ്പോൾ അയാൾക്ക് അയാളുടെ കൃത്യത കണ്ടെത്താൻ സാധിക്കുന്നില്ല. അങ്ങനെയൊരു വീക്ക്നസ് തന്റെ മുൻപിലുള്ളപ്പോൾ എതിർ ടീമുകൾ അത് പരമാവധി ഉപയോഗിക്കാൻ ശ്രമിക്കുകയും ചെയ്യും.”- മിസ്ബ കൂട്ടിച്ചേർത്തു.
“ശ്രേയസ് അയ്യര്‍ ഒരുപാട് തവണ ഷോട്ട് ബോൾ പ്രതീക്ഷിക്കുന്നുണ്ട്. പുൾ ചെയ്യാൻ സാധിക്കാത്ത ഷോട്ട് ലെങ്ത് പന്തുകൾ പോലും ശ്രേയസ് അയ്യർ പുൾ ചെയ്യാൻ ശ്രമിക്കുന്നു. ഇംഗ്ലണ്ടിനെതിരെ ഇത്തരം ഒരു ഷോട്ട് കളിച്ചാണ് ശ്രേയസ് അയ്യർ കൂടാരം കയറിയത്. ഷോട്ട് ബോളിനെതിരെ അയാൾ അധികമായി ചിന്തിക്കുകയും കൂടുതൽ പ്രതിസന്ധികളിലാവുകയും ചെയ്യുന്നു. അയ്യരുടെ മൂവ്മെന്റ് പരിശോധിച്ചാൽ തന്നെ ഇക്കാര്യം വ്യക്തമാണ്. തുടക്കത്തിലെ ചലനങ്ങൾ ഒഴിച്ചാൽ അയാളുടെ ഫുട്ട് എങ്ങോട്ടും പോകുന്നില്ല. ഒരു സമയത്തും ഷോട്ട് ബോളിനെ കൃത്യമായി കളിക്കാനുള്ള പൊസിഷനിൽ എത്താൻ അയ്യർക്ക് സാധിച്ചിട്ടില്ല. മാത്രമല്ല ഷോർട്ട് ബോളുകൾ ഒഴിവാക്കാൻ പോലും ശ്രേയസ് തയ്യാറാകുന്നുമില്ല.”- മിസ്ബ പറഞ്ഞു വയ്ക്കുന്നു.